ബിസിസിഐ ‘ക്രിക്കറ്റർ ഓഫ് ദ് ഇയര്‍’ പുരസ്കാരം ശുഭ്മൻ ഗില്ലിനും സ്മൃതി മന്ഥനയ്ക്കും

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: March 15, 2026 09:42 PM IST

1 minute Read

 PunitParanjpe/AFP
സ്മൃതി മന്ഥന, ശുഭ്മന്‍ ഗിൽ. Photo: PunitParanjpe/AFP

ന്യൂഡല്‍ഹി∙ ബിസിസിഐയുടെ ക്രിക്കറ്റർ ഓഫ് ദ് ഇയർ‍ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍. വനിതാ വിഭാഗത്തില്‍ സ്മൃതി മന്ഥനയും ‘ബിസിസിഐ നമൻ അവാർഡ്സ് 2026’ വിജയിച്ചു. 2024–2025 വര്‍ഷങ്ങളിൽ രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു താരങ്ങളുടെയും സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാര പ്രഖ്യാപനം. 2023ലും ബിസിസിഐയുടെ പുരസ്കാരം ഗില്ലിനായിരുന്നു. സ്മ‍ൃതിയുടെ അഞ്ചാം പുരസ്കാര നേട്ടമാണിത്. മുൻ ഇന്ത്യൻ താരങ്ങളായ റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ് എന്നിവർ ബിസിസിഐയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ കേണൽ സി.കെ.നായിഡു ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും നേടി.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിച്ച ഗിൽ, 10 ഇന്നിങ്സുകളിൽനിന്ന് നാല് സെഞ്ചറികളുൾപ്പടെ 754 റൺസ് നേടിയിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരെ സെഞ്ചറി സ്വന്തമാക്കിയ ഗിൽ, ടൂർണമെന്റിൽ 188 റൺസാണ് അടിച്ചെടുത്തത്. കഴിഞ്ഞ വർഷം 1703 റൺസ് സ്വന്തമാക്കിയ സ്മൃതി മന്ഥന, ഏകദിന ചരിത്രത്തിൽ ഒരു കലണ്ടർ വർഷം 1000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമായിരുന്നു.

വനിതാ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ, ഒൻപതു കളികളിൽനിന്ന് സ്മൃതി 434 റൺസ് അടിച്ചെടുത്തു. ലോകകപ്പിലെ റൺവേട്ടയിൽ‍ രണ്ടാം സ്ഥാനത്തെത്താനും സ്മൃതിക്കു സാധിച്ചു. ലോകകപ്പിനു മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ 50 പന്തിൽ സെഞ്ചറിയടിച്ച സ്മൃതി, ഏകദിന ഫോർമാറ്റിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 52 പന്തിൽ സെഞ്ചറിയിലെത്തിയ വിരാട് കോലിയുടെ റെക്കോർഡാണ് സ്മ‍ൃതി മറികടന്നത്.

English Summary:

Shubman Gill and Smriti Mandhana Crowned BCCI Cricketer of the Year

Read Entire Article