ബിസിസിഐയിൽ അപ്രതീക്ഷിത നീക്കം; അജിത് അഗാർക്കർ പുറത്തേയ്ക്ക്? പകരം മുൻ ഇന്ത്യൻ താരം ചീഫ് സിലക്ടറായേക്കും

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: August 05, 2026 08:09 AM IST

1 minute Read

ajit-agarkar-1
അജിത് അഗാർക്കർ (ഫയൽ ചിത്രം)

മുംബൈ ∙ ബിസിസിഐ ചീഫ് സിലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കറെ ഒരു മാസത്തിനകം നീക്കുമെന്ന് റിപ്പോർട്ടുകൾ. അഗാർക്കറുമായുള്ള കരാർ 2026 ജൂണിൽ അവസാനിക്കേണ്ടതായിരുന്നെങ്കിലും ബിസിസിഐ അദ്ദേഹത്തിന് മൂന്നു മാസം കാലാവധി നീട്ടിനൽകിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ കാലാവധി വീണ്ടും നീട്ടിനൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗാർക്കറെ മാറ്റുന്ന കാര്യത്തിൽ ബിസിസിഐയിൽ ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഗാർക്കർക്കു പകരം മുൻ ഇന്ത്യൻ താരവും നിലവിൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് മേധാവിയായ വി.വി.എസ് ലക്ഷ്മണെ ചീഫ് സിലക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കമെന്നും സൂചനയുണ്ട്.

What you should work next

2023 ഒക്ടോബറിൽ ഇന്ത്യൻ ടീമിന്റെ ചീഫ് സിലക്ടറായി ചുമതലയേറ്റ അഗാർക്കറിന്റെ കാലയളവിൽ ഇന്ത്യൻ ടീം 4 ഐസിസി ടൂർണമെന്റുകളുടെ ഫൈനൽ കളിച്ചു. 2 ട്വന്റി20 ലോകകപ്പുകൾ ഉൾപ്പെടെ 3 ടൂർണമെന്റുകളിൽ കിരീടമുയർത്തി. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ടെസ്റ്റ് വിരമിക്കലിന് കാരണമായ കടുത്ത തീരുമാനം കൈക്കൊണ്ടത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയാണ്. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കി ഇഷാൻ കിഷന് അവസരം നൽകിയതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം.

എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ അപ്രതീക്ഷിത നീക്കങ്ങൾ. ഇന്ത്യൻ ഏകദിന ടീമിൽ രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലിയുണ്ടായ ചർച്ചകളാണ് ഇതിൽ പ്രധാനം. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയോടെ രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി, ഗൗതം ഗംഭീർ നയിക്കുന്ന ടീം മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നതായും വിവരമുണ്ടായിരുന്നു.

എന്നാൽ, ലോർഡ്സിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം രോഹിതിന്റെ അവസാന മത്സരമായിരിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആ മത്സരത്തിൽ സെഞ്ചറി നേടി മികച്ച പ്രകടനം കാഴ്ചവച്ച ‘ഹിറ്റ്മാൻ’, സിലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും പ്രതിരോധത്തിലാക്കി. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഈ വാർത്ത ചോർന്നതിന് പിന്നാലെ, ചീഫ് സിലക്ടർ അഗാർക്കറുമായി കൂടിയാലോചിക്കാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഒരു പ്രസ്താവനയും പുറത്തിറക്കി.

രോഹിത് ടീമിന്റെ പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം അദ്ദേഹം കളിക്കുമെന്ന് സൈകിയ പ്രസ്താവനയിൽ വ്യക്തമാക്കി. ‘‘രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമാണ്. അദ്ദേഹം ടീമിന്റെ പദ്ധതികളിൽ ഉള്ളിടത്തോളം കാലം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. അതായത്, ലോർഡ്സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല.’’– സൈകിയ പറഞ്ഞു. ഇതോടെ സിലക്ടർമാർ കൂടുതൽ പ്രതിരോധത്തിലായി. ഈ സംഭവവികാസങ്ങൾക്കിടെയാണ് അഗാർക്കറെ മാറ്റാനും ബിസിസിഐ ആലോചിക്കുന്നത്.

അതേസമയം, ഇന്ത്യൻ ടീമിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു വിഭാഗം ആളുകൾക്ക് 2027 ഏകദിന ലോകകപ്പിൽ രോഹിത് കളിക്കുന്നതിനോട് താൽപര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, അയർലൻഡിലും ഇംഗ്ലണ്ടിലും നേരിട്ട തോൽവികളെക്കുറിച്ച് ബിസിസിഐ ഒരു അവലോകന യോഗം നിശ്ചയിച്ചിരുന്നെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നടക്കേണ്ടിയിരുന്ന ഈ യോഗം പൂർത്തിയാക്കാതെ തന്നെ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലേക്ക് തിരിക്കുകയും ചെയ്തു.
 

English Summary:

Ajit Agarkar is reportedly being removed arsenic BCCI main selector wrong a month, contempt his declaration extending to June 2026. Discussions are underway wrong the BCCI to regenerate him, with VVS Laxman being considered for the role.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article