Published: May 03, 2026 09:05 AM IST
2 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസണു നിരാശ. മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു ഒൻപതു പന്തുകളിൽ 11 റൺസെടുത്താണു പുറത്തായത്. രണ്ടു ഫോറുകള്‍ നേടിയ ശേഷം നിലയുറപ്പിക്കാൻ സാധിക്കാതെ സഞ്ജു പുറത്താകുകയായിരുന്നു. സീസണിൽ വിക്കറ്റു വീഴ്ത്താൻ ബുദ്ധിമുട്ടുന്ന മുംബൈ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ഒരു തവണ രക്ഷപെട്ട ശേഷമായിരുന്നു സഞ്ജു പുറത്തായത്. ചെന്നൈ ബാറ്റിങ്ങിനിടെ രണ്ടാം ഓവറിൽ ബുമ്രയുടെ ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്താകേണ്ടതായിരുന്നു. സഞ്ജുവിന്റെ ബാറ്റിൽ എഡ്ജായ പന്ത്, സ്ലിപ്പിൽ നിൽക്കുകയായിരുന്ന മുംബൈ താരം വിൽ ജാക്സ് വിട്ടുകളഞ്ഞു.
എളുപ്പത്തിലുള്ള ക്യാച്ച് അവസരം ജാക്സ് പാഴാക്കിയതു കണ്ട് മുംബൈ ആരാധകർ നിരാശപ്പെടുന്നതിനിടെയാണ് വിക്കറ്റു വന്നത്. ഇതേ ഓവറിലെ അവസാന പന്തിൽ ഔട്ട്സ്വിങ്ങറിൽ എഡ്ജായ സഞ്ജുവിനെതിരെ ക്യാച്ചെടുത്തത് മുംബൈ വിക്കറ്റ് കീപ്പർ റിയാൻ റിക്കിൾട്ടൻ. സഞ്ജുവിനെ അതിവേഗം പുറത്താക്കിയെങ്കിലും മത്സരം സ്വന്തമാക്കാൻ മുംബൈയ്ക്കു സാധിച്ചില്ല. സീസണിൽ ഇതുവരെ രണ്ട് സെഞ്ചറികളുൾപ്പടെ 293 റൺസാണ് ചെന്നൈ ഓപ്പണറായ സഞ്ജു നേടിയിട്ടുള്ളത്.
തോൽവിയോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ബാറ്റിങ് ദുഷ്കരമായ ചെന്നൈ പിച്ചിൽ നടന്ന മത്സരത്തിൽ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ യുവതാരം നമൻ ദിറിന്റെ അർധ സെഞ്ചറിക്കരുത്തിൽ (37 പന്തിൽ 57) 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ചെന്നൈയ്ക്കായി അംശുൽ കംബോജ് മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (48 പന്തിൽ 67 നോട്ടൗട്ട്), കാർത്തിക് ശർമ (40 പന്തിൽ 54 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചറികളിലൂടെ തിരിച്ചടിച്ച ചെന്നൈ 8 വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: മുംബൈ 20 ഓവറിൽ 7ന് 159. ചെന്നൈ 18.1 ഓവറിൽ 2ന് 160. വിക്കറ്റ് അടിസ്ഥാനത്തിൽ മുംബൈയ്ക്കെതിരെ ചെന്നൈയുടെ ഏറ്റവും വലിയ ജയമാണിത്.
ടൂർണമെന്റിന്റെ തുടക്കത്തിലുണ്ടായ പിഴവുകളെല്ലാം പരിഹരിച്ച്, പ്രതാപകാലം ഓർമിപ്പിക്കും വിധമാണ് ചെന്നൈ ഇന്നലെ കളിച്ചത്. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിലേ സഞ്ജു സാംസണെ നഷ്ടമായെങ്കിലും ടീം പതറിയില്ല. രണ്ടാം വിക്കറ്റിൽ ഉർവിൽ പട്ടേലിനൊപ്പം (12 പന്തിൽ 24) 22 പന്തിൽ 49 റൺസ് ചേർത്ത ഋതുരാജ് ചെന്നൈയുടെ അടിത്തറ ഭദ്രമാക്കി. മുംബൈ ബോളർമാരെ കടന്നാക്രമിക്കുന്നതിലാണ് ഉർവിൽ ശ്രദ്ധിച്ചതെങ്കിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാനാണ് ഋതു ശ്രമിച്ചത്. പിന്നാലെ ഉർവിൽ വീണെങ്കിലും യുവതാരം കാർത്തിക് ശർമയെ കൂട്ടുപിടിച്ച ചെന്നൈ ക്യാപ്റ്റൻ ഇന്നിങ്സിന്റെ കെട്ടുറപ്പ് നഷ്ടപ്പെടാതെ നോക്കി. ഇരുവരും ചേർന്നുള്ള 98 റൺസ് കൂട്ടുകെട്ട് ചെന്നൈയെ അനായാസം ജയത്തിൽ എത്തിച്ചു.
ഇത്തവണയും രോഹിത് ശർമയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഓപ്പണർ വിൽ ജാക്സിനെ (1) രണ്ടാം ഓവറിൽ തന്നെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലോടെയാണ് മുംബൈ ബാറ്റിങ് തുടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച റയാൻ റിക്കൽറ്റൻ (24 പന്തിൽ 37)– നമൻ ദിർ സഖ്യം പവർപ്ലേ അവസാനിക്കുമ്പോൾ മറ്റു പരുക്കുകളില്ലാതെ സ്കോർ 57ൽ എത്തിച്ചു. രണ്ടാം വിക്കറ്റിൽ 32 പന്തിൽ 58 റൺസ് ചേർത്ത സഖ്യം മുംബൈയ്ക്ക് പ്രതീക്ഷ നൽകി. 24 പന്തിൽ 5 സിക്സുമായി നന്നായിത്തുടങ്ങിയ റിക്കൽറ്റനെ വീഴ്ത്തിയ നൂർ അഹമ്മദാണ് മത്സരത്തിൽ ചെന്നൈയുടെ പിടിമുറുക്കിയത്. പിന്നാലെ സൂര്യകുമാർ യാദവിനെയും (12 പന്തിൽ 21) തിലക് വർമയെയും (5) വീഴ്ത്തിയ ചെന്നൈ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. അപ്പോഴും ഒരറ്റത്ത് കരുതലോടെ തുടർന്ന നമനിലായിരുന്നു മുംബൈയുടെ പ്രതീക്ഷ. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (23 പന്തിൽ 18) 25 റൺസ് ചേർത്ത നമൻ, മുംബൈ സ്കോർ 130 കടത്തി. എന്നാൽ അർധ സെഞ്ചറിക്കു പിന്നാലെ നമൻ പുറത്തായത് മുംബൈയെ കൂടുതൽ പ്രതിരോധത്തിലാക്കി. 37 പന്തിൽ 3 സിക്സും 4 ഫോറും അടങ്ങുന്നതാണ് നമന്റെ ഇന്നിങ്സ്. അവസാന ഓവറുകൾ ഹാർദിക് റൺനിരക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്കോർ 150 കടന്നതോടെ ഹാർദിക്കും മടങ്ങി.
English Summary:







English (US) ·