ബൈക്ക് ഇടിച്ചയുടൻ ലോറി നിന്നുപോയി, അടിയിൽപെട്ട് ഞെരിഞ്ഞമർന്ന് കാർ; ദാരുണ അപകടത്തിൽ നാടിന് നഷ്ടമായത് 2 കായികപ്രതിഭകളെ

2 days ago 1

മനോരമ ലേഖകൻ

Published: March 20, 2026 02:56 PM IST

2 minute Read

ആദിത്യൻ, ജൂലി ഇഗ്നേഷ്യസ്
ആദിത്യൻ, ജൂലി ഇഗ്നേഷ്യസ്

വെഞ്ഞാറമൂട് ( തിരുവനന്തപുരം ) ∙ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ. ബൈക്ക് ഓടിച്ച വെമ്പായം കൊപ്പം ചിറത്തലയ്ക്കൽ വീട്ടിൽ രാജുവിന്റെയും സിന്ധുവിന്റെയും ഏക മകൻ ആദിത്യൻ (22), ഒപ്പമുണ്ടായിരുന്ന കാട്ടാക്കട കട്ടക്കോട് തൊഴുക്കൽകോണം എസ്ജെ നിവാസിൽ ജെ.ഇഗ്നേഷ്യസിന്റെയും എസ്.ശുഭ റാണിയുടെയും മകൾ ജൂലി ഇഗ്നേഷ്യസ് (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബിരുദ വിദ്യാർഥിയും ആർചറി താരവുമാണ് ആദിത്യൻ. മാർ ഇവാനിയോസ് കോളജ് ബിരുദ വിദ്യാർഥിനിയും കബഡി ദേശീയ ടീം അംഗവുമാണ് ജൂലി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പിരപ്പൻകോട് നാഗരുകുഴി റിങ് റോഡിൽ പുത്തലത്തുനട കയറ്റത്തിലാണ് അപകടം. ആദിത്യൻ സംഭവ സ്ഥലത്തും ജൂലി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

അപകടത്തെ തുടർന്ന് മറി‍ഞ്ഞ ലോറി കാറിനു മുകളിലേക്കു വീണ് കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരുക്കേറ്റു. കാറിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശികളും കക്കോവ് പിഎംഎസ്എപിടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുമായ യാസിർ (31), റിഷിൻ (37) എന്നിവർക്കാണ് പരുക്കേറ്റത്. വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. ലോറി കയറ്റം കയറി വരുമ്പോൾ എതിരെ ഏതാണ്ട് 5 മീറ്റർ അകലം വിട്ടാണ് മുന്നിൽ ബൈക്കും പിന്നിൽ കാറും എത്തിയത്. ബൈക്ക് ഇടിച്ചയുടൻ ലോറി നിന്നു പോയി. ലോറി പിന്നോട്ടിറങ്ങി വലത്തേക്കു ചരിയുന്നതിനിടയിൽ കാർ ലോറിക്കു സമീപമെത്തിയിരുന്നുവെന്നു ഡ്രൈവർ മൊഴി നൽകിയതായും സംഭവത്തിൽ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.


പിരപ്പൻകോട് പുത്തലത്ത്നട കയറ്റത്തിൽ ഉണ്ടായ അപകടത്തിൽ ടിപ്പർ ലോറിയുടെ അടിയിൽപെട്ട കാർ ഉയർത്താൻ ശ്രമിക്കുന്നു.

പിരപ്പൻകോട് പുത്തലത്ത്നട കയറ്റത്തിൽ ഉണ്ടായ അപകടത്തിൽ ടിപ്പർ ലോറിയുടെ അടിയിൽപെട്ട കാർ ഉയർത്താൻ ശ്രമിക്കുന്നു.

നീന്തലിൽനിന്ന് അമ്പെയ്‌ത്തിലേക്ക്വെഞ്ഞാറമൂട് ∙ ഏക മകന്റെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടുംബം. പിരപ്പൻകോട് കൊപ്പം ചിറത്തലയ്ക്കൽ വീട്ടിൽ സിന്ധു– രാജു ദമ്പതികളുടെ ഏക മകൻ ആദിത്യന്റെ (22) അപകട മരണം നാടിനെയും ദുഃഖത്തിലാഴ്ത്തി. ഓട്ടോറിക്ഷ ഡ്രൈവറായ രാജുവും സ്പോർട്സ് കൗൺസിലിൽ താൽക്കാലിക ജീവനക്കാരിയായ സിന്ധുവും വളരെ പ്രതീക്ഷയോടെയാണ് മകനു വേണ്ടി ജീവിച്ചത്. സ്കൂൾ കാലഘട്ടത്തിൽ പിരപ്പൻകോട് നീന്തൽ സമുച്ചയത്തിൽ നീന്തലിൽ പരിശീലനം നേടിയിട്ടുണ്ട്. പിന്നീടാണ് അമ്പെയ്ത്ത് മത്സരങ്ങൾക്കു വേണ്ടി പരിശീലനം ആരംഭിച്ചത്.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്ത് ജൂലി ഇഗ്നേഷ്യസിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് പിരപ്പൻകോട് പുത്തലത്ത്നട കയറ്റത്തിലുണ്ടായ അപകടത്തിൽ സംഭവസ്ഥലത്തു തന്നെ ആദിത്യൻ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജൂലി ആശുപത്രിയിൽ വച്ചു മരിച്ചു. ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മകനെ ബാധിക്കാതെയാണു വിവിധ തലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത്. ഏക മകന്റെ നഷ്ടം താങ്ങാനാകാത്ത കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കുഴയുകയാണ് ബന്ധുക്കളും.

ജൂലിയുടെ മടക്കം ഒരാഴ്ച വീട്ടിൽ നിന്ന ശേഷംകാട്ടാക്കട ∙ പിരപ്പൻകോട് സ്പോർട്സ് ഹോസ്റ്റലിലായിരുന്നു ജൂലി ഇഗ്നേഷ്യസ് കഴിഞ്ഞിരുന്നത്. പരീക്ഷയായതിനാൽ ഒരാഴ്ചയായി കാട്ടാക്കട കട്ടക്കോട് തൊഴുക്കൽകോണത്തെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് കോളജിലേക്കു പോയത്. സുഹൃത്തിന്റെ ബാഗ് എടുക്കാൻ പിരപ്പൻകോട് ഹോസ്റ്റലിൽ പോകുമെന്ന് അമ്മയോടു പറഞ്ഞിരുന്നതായി പിതാവ് ഇഗ്നേഷ്യസ് പറഞ്ഞു. ഇഗ്നേഷ്യസ് ടൈൽസ് പണിക്കാരനും അമ്മ ശുഭറാണി മെഡിക്കൽ ഷോപ്പ് ജീവനക്കാരിയുമാണ്. സഹോദരൻ സാം ഇഗ്നേഷ്യസ് നെടുമങ്ങാട് ദർശന സ്കൂളിലെ കായികാധ്യാപകനാണ്.

English Summary:

Tragic mishap successful Venjaramoodu, Thiruvananthapuram, involving a Torus lorry and a bike, resulted successful the nonaccomplishment of 2 promising young athletes. The mishap claimed the lives of Adithyan (22), an archery subordinate and assemblage student, and Juli Ignatius (19), a national-level kabaddi squad subordinate and assemblage student.

Read Entire Article