കൊൽക്കത്ത ∙ ബാറ്റിങ്ങിൽ ‘കൊമ്പന്മാർ’ ഉള്ളപ്പോഴും ബോളിങ്ങിൽ ‘പാളുന്ന’ കുറവ് സൺറൈസേഴ്സ് ഹൈദരാബാദ് ഇക്കുറി തിരുത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 65 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ 16 ഓവറിൽ 161 റൺസിന് ഹൈദരാബാദ് ഓൾഔട്ടാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഹൈദരാബാദിന്റെ 200+ വിജയലക്ഷ്യം 16–ാം ഓവറിൽ ആർസിബി അടിച്ചെടുത്തിരുന്നു. അതിൽനിന്നാണ് ഹൈദരാബാദ് ബോളർമാരുടെ തിരിച്ചുവരവ്. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഈഷൻ മല്ലിംഗ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ അംഗ്ക്രിഷ് രഘുവംശി (29 പന്തിൽ 52), റിങ്കു സിങ് (25 പന്തിൽ 35), ഫിൻ അലൻ (7 പന്തിൽ 28) എന്നിവർ മാത്രമാണ് തിളങ്ങിയത്. ആദ്യ ഓവറിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 25 റൺസ് അടിച്ചുകൂട്ടി മിന്നും തുടക്കമാണ് ഫിൻ അലൻ കൊൽക്കത്തയ്ക്ക് നൽകിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ ഹർഷ് ദുബെയ്ക്കു ക്യാച്ച് നൽകി അലൻ മടങ്ങിയത് അവർക്ക് തിരിച്ചടിയായി. പവർപ്ലേയ്ക്കുള്ളിൽ തന്നെ ക്യാപ്റ്റൻ അജിൻക്യ രഹാനെ (10 പന്തിൽ 8), കാമറൂൺ ഗ്രീൻ (2 പന്തിൽ 2) എന്നിവരും മടങ്ങി. നാലാം വിക്കറ്റിൽ അംഗ്ക്രിഷ് രഘുവംശിയും റിങ്കു സിങ്ങും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തതാണ് കൊൽക്കത്തയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. 11–ഓവറിൽ രഘുവംശി റണ്ണൗട്ടായതോടെ ആ പ്രതീക്ഷയും മങ്ങി. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ വീണതോടെ കൊൽക്കത്ത തോൽവി സമ്മതിക്കുകയായിരുന്നു.
∙ ‘കത്തി’, പിന്നെ ‘ഒതുക്കി’ഐപിഎൽ ആരാധകർ കാത്തിരുന്ന ആ ദിനം ഇന്നാണെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. ടീം ടോട്ടൽ 300 എന്ന മാന്ത്രികസഖ്യ സൺറൈസേഴ്സ് ഹൈദരാബാദ് പിന്നിടുന്ന ദിനം. അതിന്റെ ചില സൂചനകൾ ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും നൽകുകയും ചെയ്തു. എന്നാൽ അച്ചടക്കമുള്ള ബോളിങ്ങിലൂടെ കൊൽക്കത്ത ബോളർമാർ, ഹൈദാരാബാദ് ബാറ്റർമാരെ പിടിച്ചുകെട്ടിയപ്പോൾ സ്കോർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസിൽ ഒതുങ്ങി. ഹൈദരാബാദിനു വേണ്ടി ഹെൻറിച്ച് ക്ലാസൻ (35 പന്തിൽ 52) അർധസെഞ്ചറി നേടിയപ്പോൾ കൊൽക്കത്ത പേസർ ബ്ലെസിങ് മുസറബാനി നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരായ ട്രാവിസ് ഹെഡും (21 പന്തിൽ 46) അഭിഷേക് ശർമയും (21 പന്തിൽ 48) ചേർന്ന് ത്രസിപ്പിക്കുന്ന തുടക്കമാണ് നൽകിയത്. ആദ്യ ഓവർ മുതൽ ഇരുവരും ബാറ്റർമാരെ കടന്നാക്രമിച്ചതോടെ ഹൈദരാബാദ് സ്കോർ അതിവേഗം കുതിച്ചു. രണ്ടാം ഓവറിൽ ബ്ലെസിങ് മുസറബാനിക്കെതിരെ 16 റൺസും മൂന്നാം ഓവറിൽ വൈഭവ് അറോറയ്ക്കെതിരെ 21 റൺസും അഞ്ചാം ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ 25 റൺസുമാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ആദ്യ അഞ്ച് ഓവറിൽ തന്നെ ഹൈദരാബാദ് സ്കോർ 70 കടന്നു.
ആറാം ഓവറിൽ കാർത്തിക് ത്യാഗിയെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ അജിൻക്യ രഹാനെയും തീരുമാനം ശരിയായി. നാലാം പന്തിൽ കാമറൂൺ ഗ്രീന് ക്യാച്ച് നൽകി ഹെഡ് പുറത്ത്. ഒന്നാം വിക്കറ്റിൽ 82 റൺസാണ് ഹെഡ്– അഭിഷേക് സഖ്യം കൂട്ടിചേർത്തത്. മൂന്നു സിക്സും ആറു ഫോറുമാണ് ഹെഡിന്റെ ബാറ്റിൽനിന്നു പിറന്നത്. ഹെഡിനെ നഷ്ടപ്പെട്ടെങ്കിലും പിന്നീടു ക്രീസിലെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷനും അഭിഷേകും ചേർന്ന് റൺറേറ്റ് താഴാതെ കാത്തു. എട്ടാം ഓവറിൽ സ്കോർ 100 കടന്നു. എന്നാൽ 9–ാം ഓവറിൽ ബ്ലെസിങ് മുസറബാനിയുടെ ഇരട്ടപ്രഹരമാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ താളം തെറ്റിച്ചത്.
ഒന്നിടവിട്ട പന്തുകളിൽ ഇഷാനെയും (9 പന്തിൽ 14), അഭിഷേകിനെയും മുസറബാനി മടക്കുകയായിരുന്നു. ഇഷാനെ റിങ്കു സിങ് കയ്യിലൊതുക്കിയപ്പോൾ അഭിഷേകിനെ പിടികൂടിയത് വരുൺ ചക്രവർത്തി. നാല് സിക്സും നാലു ഫോറുമാണ് അഭിഷേക് അടിച്ചത്. തൊട്ടടുത്ത ഓവറിൽ അനികേത് വർമയെ (4 പന്തിൽ 1), അനുകുൽ റോയ്‌യും പുറത്താക്കിയതോടെ 4ന് 118 എന്ന നിലയിലേക്ക് വീണു ഓറഞ്ച് ആർമി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹെൻറിച്ച് ക്ലാസൻ (35 പന്തിൽ 52)– നിതീഷ് കുമാർ റെഡ്ഡി (24 പന്തിൽ 39) സഖ്യമാണ് സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇന്നിങ്സിന്റെ തുടക്കത്തിലുണ്ടായിരുന്ന ‘മൊമന്റം’ നിലനിർത്താനായില്ല.
അവസാന രണ്ട് ഓവറിൽ നാല് വിക്കറ്റ് വീണപ്പോൾ 26 റൺസും ഹൈദരാബദ് അടിച്ചു. 19–ാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെയും, പിന്നാലെയത്തിയ സലീൽ അറോറയെയുമാണ് (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി വൈഭവ് അറോറ പുറത്താക്കിയത്. അവസാന ഓവറിൽ അർധസെഞ്ചറിക്ക് തൊട്ടുപിന്നാലെ ഹെൻറിച്ച് ക്ലാസനും ശിവങ് കുമാറും (2 പന്തിൽ 4) മുസറബാനിക്ക് വിക്കറ്റ് സമ്മാനിച്ചു. ഹർഷ് ദുബെ (3 പന്തിൽ 9*) പുറത്താകാതെ നിന്നു.
English Summary:








English (US) ·