‘ബോൾ ചെയ്യുമ്പോൾ കൂടുതൽ റൺസ് വിട്ടുകൊടുക്കണം’: ഒത്തുകളിച്ച ഇന്ത്യന്‍ വംശജനായ യുഎസ്എ ക്രിക്കറ്റ് താരത്തിന് 8 വര്‍ഷത്തെ വിലക്ക്

1 month ago 10

ഓൺലൈൻ ഡെസ്‌ക്

Published: August 03, 2026 08:29 PM IST Updated: August 03, 2026 08:40 PM IST

1 minute Read

അഖിലേഷ് റെഡ്ഡി (X/@cricbuzz)
അഖിലേഷ് റെഡ്ഡി (X/@cricbuzz)

അബുദാബി ∙ ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇന്ത്യൻ വംശജനായ യുഎസ്എ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ടു വർഷത്തെ വിലക്ക്. അബുദാബി ടി10 ലീഗിനിടെ അഴിമതി വിരുദ്ധ ചട്ടങ്ങളിലെ മൂന്ന് വ്യവസ്ഥകൾ ലംഘിച്ചതിന് കഴിഞ്ഞ നവംബറിലാണ് അഖിലേഷിനെതിരെ കുറ്റം ചുമത്തിയതും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തതും. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് അഖിലേഷിന് ഐസിസി എട്ടു വർഷത്തെ വിലക്കേർപ്പെടുത്തിയത്.

What you should work next

ഒത്തുകളിക്കു ശ്രമിക്കുക, ഇതേ കാര്യത്തിൽ പങ്കാളിയാകാൻ മറ്റൊരു കളിക്കാരനെ പ്രേരിപ്പിക്കുക, അന്വേഷണത്തിന് പ്രസക്തമായ മൊബൈൽ ഫോണിലെ വിവരങ്ങളും സന്ദേശങ്ങളും ഇല്ലാതാക്കുക എന്നീ കുറ്റങ്ങളാണ് 26 വയസ്സുകാരനായ അഖിലേഷിനെതിരെ ട്രൈബ്യൂണൽ കണ്ടെത്തിയത്. 2025 നവംബർ 21 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിലക്കെന്ന് വ്യക്തമാക്കിയ ഐസിസി, ഒത്തുകളിയിൽ പങ്കാളിയാകാൻ മറ്റൊരു താരത്തെ സ്വാധീനിക്കാനുള്ള അഖിലേഷിന്റെ ശ്രമം വിജയിച്ചില്ലെന്നും പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു. 2025 ഏപ്രിലിലാണ് അഖിലേഷ് അവസാനമായി യുഎസ്എയ്ക്കു വേണ്ടി കളിച്ചത്.

2025 നവംബർ 19ന് രാവിലെ, ആസ്പിൻ സ്റ്റാലിയൻസിന്റെ ആദ്യ മത്സരത്തിന് തൊട്ടുമുൻപ് ഒരു ഹോട്ടൽ മുറിയിലാണ് സംഭവം. അഖിലേഷ് തന്റെ സഹതാരത്തെ (പേര് വെളിപ്പെടുത്തിയിട്ടില്ല) സമീപിച്ച്, ടീം മാനേജ്‌മെന്റിന്റെ നിർദേശപ്രകാരം ബോൾ ചെയ്യുമ്പോൾ കൂടുതൽ റൺസ് വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടതായി ട്രൈബ്യൂണൽ കണ്ടെത്തി. സഹതാരം ഇതു നിരസിക്കുകയും വിഷയം ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന്, മത്സരത്തിന് തൊട്ടുമുൻപ് അഖിലേഷിന് പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു.

നവംബർ 19ന് രാവിലെ ഈ സഹതാരത്തിന് അയച്ച വാട്‌സാപ് സന്ദേശങ്ങളും കോൾ വിവരങ്ങളും താൻ തന്നെ ഡിലീറ്റ് ചെയ്തതായി അഖിലേഷ് സമ്മതിച്ചു. സ്വാഭാവികമായി ഫോണിൽനിന്നു ചിലത് ഡിലീറ്റ് ചെയ്തതിന്റെ ഭാഗമായാണ് ഇതൊക്കെയെന്ന് അഖിലേഷ് അവകാശപ്പെട്ടെങ്കിലും, ട്രൈബ്യൂണൽ ഈ വാദം തള്ളി. എസിയു അന്വേഷണത്തിന് മുന്നോടിയായി കുറ്റകൃത്യം തെളിയിക്കുന്ന വിവരങ്ങൾ താരം മനഃപൂർവം നശിപ്പിച്ചതാണെന്ന് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. നോർത്ത് അമേരിക്ക ടി20 കപ്പിൽ കേമാൻ ദ്വീപുകൾക്കെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഖിലേഷ് റെഡ്ഡി, യുഎസ്എയ്ക്കായി നാല് ട്വന്റി20 മത്സരങ്ങൾ കളിക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.

English Summary:

Akhilesh Reddy, an Indian-origin US cricket player, has been banned for 8 years owed to match-fixing allegations. He was recovered blameworthy of violating 3 anti-corruption codes during the Abu Dhabi T10 League.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article