ബോൾ നിലത്ത് തട്ടിയില്ലേ?’ ‘കട്ടക്കലിപ്പിൽ’ കോലി, വാഗ്വാദം; സൂപ്പർ താരത്തെ ശരിവച്ച് മുൻ താരങ്ങളും, വൻ വിവാദം– വിഡിയോ

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 01, 2026 09:54 AM IST

1 minute Read

റിസര്‍വ് അംപയറായ പരാശര്‍ ജോഷിയോട് പരാതിപ്പെടുന്ന  വിരാട് കോലി (X/IPL), ജയ്‌സൻ ഹോൾഡർ ക്യാച്ച് എടുക്കുന്നതിനിടെ പന്ത് നിലത്ത് മുട്ടുന്നു (X/@mufaddal_vohra)
റിസര്‍വ് അംപയറായ പരാശര്‍ ജോഷിയോട് പരാതിപ്പെടുന്ന വിരാട് കോലി (X/IPL), ജയ്‌സൻ ഹോൾഡർ ക്യാച്ച് എടുക്കുന്നതിനിടെ പന്ത് നിലത്ത് മുട്ടുന്നു (X/@mufaddal_vohra)

അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറിന്‍റെ വിക്കറ്റിനെ ചൊല്ലി വിവാദം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജയ്സന്‍ ഹോള്‍ഡര്‍ എടുത്ത ക്യാച്ച് നിലത്ത് തട്ടിയെന്നാണ് ആരോപണം. തേഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തി. ആർസിബി ഇന്നിങ്സിന്റെ എട്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജയ്സന്‍ ഹോള്‍ഡറും കഗീസോ റബാദയും ക്യാച്ചിനായി ഓടിയെത്തി. റബാദ എടുക്കുമെന്നു തോന്നിച്ച ക്യാച്ച് ഡീപ് സ്ക്വയര്‍ ലെഗില്‍നിന്ന് ഓടിയെത്തിയ ഹോള്‍ഡര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അതേസമയം തന്നെ പന്ത് ലക്ഷ്യമാക്കിയെത്തിയ റബാദയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോള്‍ഡര്‍ നിലത്ത് വീഴുകയും ചെയ്തു. പന്ത് പൂര്‍ണമായും ഗ്രൗണ്ടില്‍ സ്പര്‍ശിച്ചെങ്കിലും ഹോള്‍ഡര്‍ പന്തില്‍നിന്നു പിടിവിട്ടിരുന്നില്ല. അംപയര്‍ ഔട്ട് വിളിച്ചുവെങ്കിലും രജത് പാട്ടീദാര്‍ മൈതാനു വിടാൻ കൂട്ടാക്കിയില്ല. പന്ത് ഗ്രൗണ്ടില്‍ തൊട്ടതിനാല്‍ വിക്കറ്റ് നല്‍കാനാവില്ലെന്നായിരുന്നു ആര്‍സിബിയുടെ വാദം. സൈഡ്‌ലൈനിൽ നിന്ന് വിരാട് കോലി റിസര്‍വ് അംപയറായ പരാശര്‍ ജോഷിയോട് കയര്‍ക്കുകയും ചെയ്തു. കോച്ച് ആന്‍ഡി ഫ്ലവറും ഒപ്പം കൂടി. എന്നാല്‍ അംപയര്‍ ആര്‍സിബിയുടെ വാദം അനുവദിച്ചില്ല. തുടര്‍ന്ന് പാട്ടീദാര്‍ മടങ്ങി. 15 പന്തില്‍ 19 റണ്‍സുമായാണ് പാട്ടീദാർ പുറത്തായത്. രണ്ട് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

അതേസമയം, പാട്ടീദാറെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഹോള്‍ഡര്‍ക്ക് ക്യാച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും പന്ത് നിലം തൊട്ടത് വ്യക്തമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. അംപയര്‍മാര്‍ക്ക് ഇക്കാര്യം അറിവില്ലാത്തത് അല്ലെന്നും പൂര്‍ണമായ നിയന്ത്രണം ഹോള്‍ഡര്‍ക്ക് പന്തിന് മേല്‍ ഇല്ലായിരുന്നെന്ന് ദൃശ്യങ്ങളില്‍ കാണാമെന്നും ക്യാച്ച് പൂര്‍ത്തിയാക്കിയതായി കരുതാന്‍ കഴിയില്ലെന്നും ചോപ്ര പറഞ്ഞു.

സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് ഈ പിഴവ് അംപയര്‍മാര്‍ വരുത്താന്‍ പാടില്ലായിരുന്നെന്നാണ് മുന്‍ താരം ദൊഡ്ഡ ഗണേഷ് എക്സില്‍ കുറിച്ചത്. അതെങ്ങനെ ഔട്ടാണെന്ന് അംപയര്‍മാര്‍ വിലയിരുത്തിയെന്നതാണ് അമ്പരപ്പിക്കുന്ന ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കളി ആര്‍സിബിയുടെ പിടിയില്‍ നിന്ന് നഷ്ടമായത് ആ പോയിന്‍റിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8–ാം ഓവറിലെ നാലാം പന്തിൽ പാട്ടിദാർ പുറത്താകുമ്പോൾ 3ന് 79 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ബെംഗളൂരു. അവിടന്ന് 10.3 ഓവറിൽ 6ന് 96 എന്ന അവസ്ഥയിലേക്കുള്ള അവരുടെ വീഴ്ച പെട്ടെന്നായിരുന്നു. ജിതേഷ് ശർമ (1), ടിം ഡേവിഡ് (9), ക്രുനാൽ പാണ്ഡ്യ (4) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. റൊമാരിയോ ഷെപ്പേഡിനൊപ്പം (15 പന്തിൽ 17) വീണ്ടുമൊരിക്കൽക്കൂടി രക്ഷാപ്രവർത്തനത്തിനു മുതിർന്ന ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിനെ വലിയ വീഴ്ചയിൽനിന്ന് രക്ഷിച്ചത്. മത്സരത്തിൽ നാലു വിക്കറ്റിനാണ് ആർസിബിയെ ഗുജറാത്ത് തോൽപ്പിച്ചത്. സ്കോർ: ബെംഗളൂരു – 19.2 ഓവറിൽ 155ന് ഓൾഔട്ട്; ഗുജറാത്ത് – 15.5 ഓവറിൽ 6ന് 158. 2 വിക്കറ്റും 3 ക്യാച്ചുമെടുത്ത ജയ്സൻ ഹോൾഡറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Rajat Patidar's arguable dismissal successful the RCB vs GT lucifer has sparked statement among cricket analysts and fans. The 3rd umpire's decision, deeming Jason Holder's drawback valid contempt claims of the shot touching the ground, has led to protests from RCB players and coaches, with erstwhile cricketers questioning the accuracy of the call.

Read Entire Article