Published: May 21, 2026 05:16 PM IST
1 minute Read
ലണ്ടൻ∙ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചു. ആമിറിന്റെ ഭാര്യ നർജിസ് ഖാൻ ബ്രിട്ടിഷ് പൗരത്വമുള്ള പാക്ക് വംശജയാണ്. വിവാഹ ശേഷം ബ്രിട്ടനിൽ സ്ഥിര താമസമാക്കിയ ആമിറിന് ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിനായി റജിസ്റ്റർ ചെയ്യാൻ സാധിക്കും. 2024 ട്വന്റി20 ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആമിർ, ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് രംഗത്തു സജീവമാണ്. ബ്രിട്ടിഷ് പൗരത്വമുള്ള ആമിർ ലേലത്തിൽ പങ്കെടുത്താലും ഏതെങ്കിലും ഫ്രാഞ്ചൈസികൾ താരത്തെ വാങ്ങിയാലേ ഐപിഎൽ കളിക്കുകയെന്ന ആമിറിന്റെ മോഹം സഫലമാകുകയുള്ളു.
ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ 2026 ൽ ബ്രിട്ടിഷ് പാസ്പോർട്ട് ലഭിക്കുമെന്നും, അതിനു ശേഷം ഐപിഎൽ കളിക്കാൻ യോഗ്യതയാകുമെന്നും ആമിർ മുൻപ് പറഞ്ഞിട്ടുണ്ട്. ബ്രിട്ടിഷ് പൗരനായ വിവരം ആമിർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ 2026 സീസണിൽ റാവൽപിണ്ടിസ് ടീമിന്റെ താരമായിരുന്നു ആമിർ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ട്വന്റി20 ആഭ്യന്തര ലീഗുകളിലും പാക്കിസ്ഥാൻ പേസർ കളിച്ചിട്ടുണ്ട്. 2024ലെ ട്വന്റി20 ലോകകപ്പിലാണ് ആമിർ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
രാജ്യാന്തര കരിയറിൽ രണ്ടു തവണ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് ആമിർ. 2020 ഡിസംബറിലായിരുന്നു ആദ്യ പ്രഖ്യാപനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിരമിച്ച ആമിർ 2024 മാര്‍ച്ചിൽ ടീമിലേക്കു തിരിച്ചെത്തുകയായിരുന്നു. എന്നാൽ ലോകകപ്പിനു പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റിനു വേണ്ടി താരം വീണ്ടും വിരമിക്കുകയാണെന്ന് അറിയിച്ചു.
2019ൽ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു മാത്രമായും ആമിർ വിരമിച്ചിരുന്നു. ബ്രിട്ടനിൽ അഭിഭാഷകയായ നർജിസ് ഖാനും ആമിറും 2014ലാണു വിവാഹിതരാകുന്നത്. 2010 ൽ ഒരു സ്വകാര്യ ചടങ്ങിൽവച്ച് പരിചയപ്പെട്ട ആമിറും നർജിസും പിന്നീട് ഒരുമിക്കുകയായിരുന്നു. 2010ൽ ഒത്തുകളി വിവാദത്തിൽപെട്ട് ആമിറിന് ക്രിക്കറ്റിൽനിന്നു വിലക്കുവന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം.
English Summary:







English (US) ·