Published: February 27, 2026 10:33 AM IST
1 minute Read
കൊച്ചി ∙ സ്റ്റേഡിയത്തിന്റെ വാടകത്തുക 4.2 ലക്ഷം രൂപയിൽ നിന്നു 3 ലക്ഷമായി കുറയ്ക്കാൻ ജിസിഡിഎ തീരുമാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് – ഇന്റർ കാശി ഐഎസ്എൽ മത്സരം നേരത്തെ നിശ്ചയിച്ചതു പോലെ നാളെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തന്നെ നടക്കും. ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരത്തിനും 3 ലക്ഷം രൂപ വീതം വാടക ഈടാക്കാനാണ് ഇന്നലെ ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.
അതേസമയം, കരുതൽ ധനം ഒരു കോടി രൂപയായി നിലനിർത്താനാണു തീരുമാനം. മത്സരദിന വാടക 2 ലക്ഷമായും കരുതൽ ധനം 50 ലക്ഷം രൂപയായും കുറയ്ക്കണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. പുതിയ നിർദേശം ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചതോടെ ഈ സീസണിലെ ടീമിന്റെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ തന്നെ നടക്കുമെന്ന് ഉറപ്പായി.
ജിസിഡിഎയുടെ വാഗ്ദാന ലംഘനവും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും വിവാദമായതോടെ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ടാണു വാടക 3 ലക്ഷം രൂപയായി കുറയ്ക്കാൻ തീരുമാനിച്ചത്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ മത്സരങ്ങൾക്കും 3 ലക്ഷം രൂപയാണു സ്റ്റേഡിയത്തിൽ വാടക ഈടാക്കിയിരുന്നത്. വാടക 3 ലക്ഷം രൂപയായി ഇളവു ചെയ്യുന്നതു ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
അതേസമയം, കഴിഞ്ഞ സീസണിൽ 22 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നും ആ തുക അടച്ചു കരുതൽ ധനം ഒരു കോടി രൂപയായി നിലനിർത്തണമെന്നും ജിസിഡിഎ കടുംപിടിത്തം തുടരുകയാണ്. ആദ്യ ഐഎസ്എൽ മത്സരത്തിനു മുൻപു ബ്ലാസ്റ്റേഴ്സ് 5 ലക്ഷം രൂപ അടച്ചിരുന്നു. ശേഷിച്ച 17 ലക്ഷം രൂപയും ആദ്യ മത്സരത്തിന്റെ വാടകയായി 3 ലക്ഷം രൂപയും ചേർത്ത് 20 ലക്ഷം രൂപ അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിനോടു ജിസിഡിഎ നിർദേശിച്ചിട്ടുണ്ട്.
നാളത്തെ മത്സരം വൈകിട്ട് 5 മുതൽകൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് – ഇന്റർ കാശി മത്സരം നാളെ വൈകിട്ട് 5ന് ആരംഭിക്കും. സാധാരണ രാത്രിയാണ് കൊച്ചിയിലെ ഐഎസ്എൽ മത്സരങ്ങൾ നടക്കാറുള്ളത്. 2017ലാണ് ഇതിനു മുൻപ് ഒരു ഐഎസ്എൽ മത്സരം വൈകിട്ട് നടന്നത്. മത്സരത്തിനുള്ള ടിക്കറ്റുകൾ ഡിസ്ട്രിക്ട് ആപ്പിൽ ലഭ്യമാണ്. സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിൽനിന്ന് ഇന്നു രാവിലെ 10 മുതൽ ടിക്കറ്റുകൾ വാങ്ങാം.
English Summary:







English (US) ·