Published: April 10, 2026 08:09 AM IST
1 minute Read
കൊൽക്കത്ത ∙ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ സഹോദരിയും പ്രഫഷനൽ നർത്തകിയും കൊറിയോഗ്രഫറുമായ ശ്രേഷ്ഠ അയ്യർക്കെതിരെ സൈബറാക്രമണം. പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ശ്രേഷ്ഠ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് സൈബറാക്രമണവും ആരംഭിച്ചത്. വിവാദമായതോടെ വിഡിയോ ഡിലീറ്റ് ചെയ്തു. ഇതു സംബന്ധിച്ച് വിശദീകരണവും ശ്രേഷ്ഠ പോസ്റ്റു ചെയ്തു.
ഈ മാസം 6നു കൊൽക്കത്തയ്‌ക്കെതിരായ മത്സരം മഴ മൂല ഉപേക്ഷിച്ചതിനു പിന്നാലെ പഞ്ചാബ് ജഴ്സിയിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഒരു വിഡിയോയാണ് ശ്രേഷ്ഠ പങ്കുവച്ചത്. ‘‘ഞങ്ങൾ പഞ്ചാബികൾ വലിയ ഹൃദയമുള്ളവരാണ്. ഇതാ, നിങ്ങൾക്ക് ഒരു പോയിന്റ് നൽകിയിരിക്കുന്നു’’ എന്നു വിഡിയോയിൽ പറയുന്നുണ്ട്. സീസണിൽ കൊൽക്കത്തയുടെ മൂന്നാം മത്സരമായിരുന്നു ഇത്. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ കൊൽക്കത്ത, പഞ്ചാബിനെതിരായ മത്സരം ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഒരു പോയിന്റിലൂടെയാണ് അക്കൗണ്ട് തുറന്നത്. ഇതു സൂചിപ്പിച്ചായിരുന്നു ശ്രേഷ്ഠയുടെ വാക്കുകൾ. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. ഇതോടെ ശ്രേഷ്ഠ വിഡിയോ ഡിലീറ്റ് ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തത്.
‘‘എന്റെ വിഡിയോ ചിലർ തെറ്റായി മനസ്സിലാക്കിയതായി തോന്നുന്നതിനാൽ അതു നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇതു വെറുമൊരു തമാശയായിരുന്നു. എന്നാൽ എല്ലാവരും അതിനെ ആ രീതിയിൽ കണ്ടില്ല എന്നത് ഞാൻ ബഹുമാനിക്കുന്നു. എങ്കിലും ഇതിന്റെ പേരിൽ കേവലം വിമർശനം മാത്രമല്ല, ചില ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നത് തികച്ചും വിഷമകരമാണ്. ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിക്കാത്ത ഒന്നിൽ നിന്ന് ഇത്തരമൊന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല വിഡിയോ നീക്കം ചെയ്യുന്നത്, മറിച്ച് എന്റെ സഹോദരനോടും അവന്റെ ടീമിനോടും ഉള്ള ബഹുമാനം കൊണ്ടാണ്. ഈ ഇടം നെഗറ്റിവിറ്റി നിറഞ്ഞ ഒന്നായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് പരസ്പരം കുറച്ചുകൂടി ദയയുള്ളവരും പരസ്പര ധാരണയുള്ളവരുമാകാൻ ശ്രമിക്കാം.’’– ശ്രേഷ്ഠ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ കുറിച്ചു.
‘‘സുഹൃത്തുക്കളേ, എന്തിനാണ് വിദ്വേഷം പടർത്തുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതൊരു മത്സരം മാത്രമാണ്. വിഡിയോകൾ വെറും തമാശയ്ക്കായി നിർമിച്ചതാണ്, എന്റെ സഹോദരനെ പിന്തുണയ്ക്കാനാണ് ഞാൻ ഇവിടെയുള്ളത്. അത് ഞാൻ തുടരും. ഒരു ടീമിനോടും വിദ്വേഷമില്ല - ഇതൊരു മത്സരം മാത്രമാണ്. എല്ലാവരും ഇതിനെ ആ രീതിയിൽ കാണണം. നിങ്ങളുടെ ആവേശം മനസ്സിലാകും. ഞാൻ ആരെയും ട്രോളുകയായിരുന്നില്ല. അത് എന്റെ ആഘോഷ രീതിയായിരുന്നു, ഞാൻ അത് തുടരുക തന്നെ ചെയ്യും. ആർക്കും വിദ്വേഷമില്ല - സ്നേഹം മാത്രം എന്ന് പറയാനാണ് ഞാൻ ഇവിടെയുള്ളത്. ഇതൊരു കളിയാണ്; അത് ആസ്വദിക്കണം. ജസ്റ്റ് ചിൽ. പീസ് ഔട്ട് ഗയ്സ്.’’– ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വീഡിയോയിൽ ശ്രേഷ്ഠ കൂട്ടിച്ചേർത്തു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/shrestaiyer29/ൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·