ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയതിന്റെ ആവേശം മാറും മുൻപേ ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തിനിൽക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അയർലൻഡിനെതിരെയുള്ള അപ്രതീക്ഷിത പരമ്പര പരാജയത്തിന് തൊട്ടുപിന്നാലെ, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയും ഇന്ത്യ കൈവിട്ടിരിക്കുന്നു. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരത്തിലെ ഒൻപത് വിക്കറ്റിന്റെ ദയനീയ തോൽവിയോടെ അഞ്ച് മത്സരങ്ങളുടെ സീരീസിൽ ഇംഗ്ലണ്ട് 3-0 ന്റെ അജയ്യമായ ലീഡ് നേടിക്കഴിഞ്ഞു. തുടർച്ചയായ ആറു മത്സരങ്ങളിൽ ജയമറിയാതെ ഉഴലുന്ന ടീം ഇന്ത്യ, 2019ന് ശേഷം ആദ്യമായാണ് തുടർച്ചയായി രണ്ട് ട്വന്റി20 പരമ്പരകൾ തോൽക്കുന്നത്.
What you should work next
ഈ തോൽവികൾ ബിസിസിഐയെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നു എന്നാണ് സൂചനകൾ. താരങ്ങളുടെയും പരിശീലകരുടെയും പ്രകടനത്തെക്കുറിച്ച് അടിയന്തര അവലോകനം നടത്താൻ ബോർഡ് ഒരുങ്ങുകയാണ്. 2027 വരെ കരാറുള്ള മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ സ്ഥാനം പോലും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയ ബിസിസിഐയുടെ പരീക്ഷണം പാളിയോ എന്ന ചോദ്യവും ശക്തമാണ്. ഈ പ്രതിസന്ധിയിൽനിന്ന് 2028ലെ ട്വന്റി20 ലോകകപ്പിലേക്കുള്ള പാതയിലേക്ക് ശക്തമായി തിരിച്ചെത്താൻ ടീം ഇന്ത്യ അടിയന്തരമായി ചില കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.
∙ 'ടോപ്പ്-ഓർഡർ' പരീക്ഷണങ്ങൾ അവസാനിപ്പിക്കുകഇന്ത്യൻ ബാറ്റിങ് നിര നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൃത്യമായ റോളുകളിൽ താരങ്ങളെ നിയോഗിക്കുന്നതിലെ പരാജയമാണ്. ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും ടോപ്പ് ഓർഡറിൽ (1, 2, 3 സ്ഥാനങ്ങളിൽ) തിളങ്ങുന്ന കളിക്കാരെ ടീമിലെടുത്ത് മിഡിൽ ഓർഡറിലോ ഫിനിഷർമാരായോ കളിപ്പിക്കുന്ന പതിവ് ഇന്ത്യ തുടരുകയാണ്.
തിലക് വർമയുടെ കാര്യം തന്നെ ഉദാഹരണം. മൂന്നാം നമ്പറിൽ മികച്ച ഭാവി കൽപ്പിക്കപ്പെട്ടിരുന്ന തിലക് വർമയെ മധ്യനിരയിലും ഫിനിഷറുടെ റോളിലും പരീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സ്വാഭാവിക കളിശൈലിയെ ബാധിച്ചിരിക്കുന്നു. മറ്റൊന്ന് സഞ്ജു സാംസണിന്റെ പ്രതിസന്ധി. ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവോടെ സഞ്ജു സാംസണെ മധ്യനിരയിലേക്ക് മാറ്റിയത് വൻ പരാജയമായിരുന്നു. ഒടുവിൽ അദ്ദേഹത്തിന് വീണ്ടും ടോപ്പ് ഓർഡറിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.
ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരെ വീണ്ടും മധ്യനിരയിൽ പരീക്ഷിച്ച് പരാജയപ്പെടുത്തുന്നതിന് പകരം, രജത് പാട്ടീദാറിനെപ്പോലെ ആ സ്ഥാനത്ത് കളിച്ച് പരിചയസമ്പത്തുള്ള ‘സ്പെഷലിസ്റ്റ്’ ബാറ്റർമാരെ മധ്യനിരയിൽ കൊണ്ടുവരികയാണ് ഇന്ത്യ ചെയ്യേണ്ടത്. കൂടാതെ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ തകരുന്ന ലോവർ-മിഡിൽ ഓർഡറിനെ താങ്ങിനിർത്താൻ റിങ്കു സിങ്ങിനെപ്പോലെയുള്ള റിയൽ ഫിനിഷർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകണം. ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരെ മാത്രം ആശ്രയിച്ച് ഫിനിഷിങ് റോൾ മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്ന് ഇംഗ്ലണ്ട് പരമ്പര തെളിയിച്ചു കഴിഞ്ഞു.
∙ സാഹചര്യങ്ങൾക്ക് അനുസൃതമായ ബാറ്റിങ് ശൈലിഗൗതം ഗംഭീറിന്റെ കീഴിൽ ടീം ഇന്ത്യ പിന്തുടരുന്ന ‘ഏത് സാഹചര്യത്തിലും ആക്രമിച്ചു കളിക്കുക’' എന്ന ശൈലി പലപ്പോഴും തിരിച്ചടിയാവുകയാണ്. ട്രെന്റ് ബ്രിഡ്ജിൽ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് പുറത്തായത് ഇതിന്റെ ഉദാഹരണമാണ്. ക്രിക്കറ്റിലെ യുഗങ്ങൾ മാറിയാലും പിച്ചിന്റെ സ്വഭാവവും സാഹചര്യങ്ങളും മനസ്സിലാക്കി കളിക്കുക എന്നത് തന്നെയാണ് പ്രധാനം. ബ്രിസ്റ്റോളിലെ നാലാം മത്സരത്തിൽ തകർച്ചയ്ക്കിടയിലും ശ്രേയസ് അയ്യർ കളിച്ച 80 റൺസിന്റെ ഇന്നിങ്സ് ഇതിനൊരു മാതൃകയാണ്. തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പതുക്കെ തുടങ്ങിയ അദ്ദേഹം പിന്നീട് സ്കോറിങ് റേറ്റ് ഉയർത്തുകയായിരുന്നു.
മറുവശത്ത്, മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ താരങ്ങവെ കടുത്ത സമ്മർദത്തിലാക്കുന്നു. ആക്രമിച്ചു കളിക്കാൻ ആവശ്യപ്പെടുമ്പോഴും, ടീമിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം കാരണം കളിക്കാരിൽ നിന്ന് വിനാശകരമായ ഷോട്ട് സെലക്ഷനുകളാണ് ഉണ്ടാകുന്നത്. പിച്ചിനും സാഹചര്യങ്ങൾക്കും അനുസരിച്ച് കളി നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം ബാറ്റർമാർക്ക് നൽകേണ്ടതുണ്ട്.
∙ ബോളിങ് നിരയിലെ അഴിച്ചുപണി2026 ലോകകപ്പ് വേളയിൽ ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി എന്നിവരടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ബോളിങ് നിരയായിരുന്നു ഇന്ത്യയുടേത്. എന്നാൽ നിലവിൽ ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങ് പൂർണമായും നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കാണുന്നത്. വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്മയും ഹാർദിക് പാണ്ഡ്യയുടെ പരുക്കുകളും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ബ്രിസ്റ്റോളിൽ ഹാരി ബ്രൂക്കും (79*) ഫിൽ സോൽട്ടും (59*) ചേർന്ന് വെറും 13.5 ഓവറിൽ ഇന്ത്യൻ ബോളിങ്ങിനെ തല്ലിത്തകർത്തു. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ യുവ ബോളർമാർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്. ഇവിടെ ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്.
1. പരിചയസമ്പത്തിലേക്ക് മടങ്ങുക: ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ക്രുനാൽ പാണ്ഡ്യ എന്നിവരെപ്പോലെ രാജ്യാന്തര തലത്തിൽ അനുഭവസമ്പത്തുള്ള കളിക്കാരെ താല്ക്കാലികമായെങ്കിലും തിരിച്ചുവിളിക്കുക.
2. യുവ പ്രതിഭകളെ വളർത്തിയെടുക്കുക: ഗുർനൂർ ബ്രാർ, അശോക് ശർമ എന്നിവരെപ്പോലെ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന പുതിയ പേസ് മുഖങ്ങളെയും പ്രിൻസ് യാദവിനെപ്പോലെയുള്ള ഓൾറൗണ്ടർമാരെയും ടീമിലേക്ക് കൃത്യമായ ലക്ഷ്യത്തോടെ വളർത്തിയെടുക്കുക.
∙ ഐപിഎൽ പിച്ചുകളെ ‘കൊട്ടി’ ആർച്ചർ
ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളെയും ചെറിയ ബൗണ്ടറികളെയും പരിഹസിച്ച് ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറും രംഗത്തെത്തി. ഐപിഎലിലെ ‘അനായാസ’ സാഹചര്യങ്ങളിൽനിന്നു മാറി ഇംഗ്ലണ്ടിലെ സ്വാഭാവിക പിച്ചുകളിലേക്ക് എത്തുമ്പോൾ ബോളർമാർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും ആർച്ചർ വ്യക്തമാക്കി. മൂന്നാം ട്വന്റി20യിൽ ഇന്ത്യയെ 76 റൺസിന് ചുരുട്ടിക്കെട്ടി ഇംഗ്ലണ്ട് 125 റൺസിന്റെ കൂറ്റൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു ആർച്ചറുടെ ഈ പ്രതികരണം. മത്സരത്തിൽ 29 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് ആർച്ചർ വീഴ്ത്തിയത്.
‘‘ഇവിടെ കാര്യങ്ങൾ വീണ്ടും സാധാരണ നിലയിലായി എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിൽ പിച്ചുകൾ ബാറ്റിങ്ങിന് വളരെ എളുപ്പമുള്ളതാണ്, ബൗണ്ടറികളും ചെറുതാണ്. അതുകൊണ്ട് അവിടെ പന്തെറിയുമ്പോൾ നമ്മൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം. എന്നാൽ ഇവിടെ (ഇംഗ്ലണ്ടിൽ) ലെങ്ത് കൃത്യമാക്കി നേരെ പന്തെറിയാൻ നോക്കിയാൽ മതി. പിഴവുകൾ വരുത്തിയാലും രക്ഷപ്പെടാനുള്ള അവസരം ഇവിടെ കൂടുതലുണ്ട്.’’– ആർച്ചർ പറഞ്ഞു.
വൈഭവ് സൂര്യവംശിയുമായുള്ള മത്സരത്തെക്കുറിച്ചും ആർച്ചർ സംസാരിച്ചു. മുൻ മത്സരത്തിൽ തന്നെ സിക്സറടിച്ച 15 വയസ്സുകാരനായ സൂര്യവംശിയെ 13 റൺസിൽ ആർച്ചർ പുറത്താക്കിയിരുന്നു. ‘‘ഇപ്പോൾ ഞങ്ങളുടെ പോരാട്ടം തുല്യനിലയിലാണ് (1-1)’’. മൂന്നാം മത്സരത്തിലെ വിജയത്തിനു ശേഷം ആർച്ചർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ വിജയിച്ച് ആത്മാഭിമാനം വീണ്ടെടുക്കുക എന്നതിലുപരി, ഇന്ത്യൻ ക്രിക്കറ്റിന്റെ ഘടനയിൽ വരുത്തേണ്ട വലിയ മാറ്റങ്ങളെക്കുറിച്ചായിരിക്കണം ബിസിസിഐയും മാനേജ്‌മെന്റും ചിന്തിക്കേണ്ടത്. ക്യാപ്റ്റൻസി മാറ്റവും അമിത പരീക്ഷണങ്ങളും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഈ മൂന്ന് മേഖലകളിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ, 2028 ട്വന്റി20 ലോകകപ്പിലേക്കുള്ള യാത്ര കൂടുതൽ ദുഷ്‌കരമായി മാറും. ഒരു കടുത്ത പുനർവിചിന്തനത്തിനും ‘ശസ്ത്രക്രിയ’യ്ക്കുമാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ സമയമായിരിക്കുന്നത്.
English Summary:





English (US) ·