Published: April 09, 2026 06:09 PM IST Updated: April 09, 2026 11:01 PM IST
1 minute Read
ന്യൂഡൽഹി ∙ അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് ടൈറ്റൻസ് ഈ ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. അവസാന രണ്ടു പന്തിൽ ജയിക്കാൻ 2 റൺസ് മാത്രം വേണ്ടിയിരുന്ന ഡൽഹിയെ ഇംപാക്ട് പ്ലെയറായി ബോളിങ്ങിന് എത്തിയ ഗുജറാത്ത് പേസർ പ്രസിദ്ധ കൃഷ്ണ കുരുക്കി വീഴ്ത്തി. ഇരുപതാം ഓവറിന്റെ അഞ്ചാം പന്തിൽ സിംഗിൾ ഓടാതെ നിന്ന ഡേവിഡ് മില്ലറിന് (20 പന്തിൽ 41*) അവസാന പന്തിൽ കണക്കുകൂട്ടൽ പിഴച്ചു. സ്ലോ ബൗൺസറിൽ മില്ലറിന് ടൈമിങ് തെറ്റിയതോടെ ഡൽഹിയുടെ ഹാട്രിക് വിജയമോഹം ഒരു റൺ അകലെ പൊലിഞ്ഞു.
ആവശേകരമായ മത്സരത്തിൽ ഇരു ടീമുകളുടെയും ഡഗ്ഔട്ടുകളും വികാരങ്ങൾ നിയന്ത്രിക്കാൻ കഷ്ടപ്പെട്ടു. ഗുജറാത്ത് ടൈറ്റൻസ് ഹെഡ് കോച്ച് ആശിഷ് നെഹ്‌റ ക്ഷുഭിതനാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഓവർ ത്രോയിൽ ബൗണ്ടറി വഴങ്ങിയപ്പോഴായിരുന്നു നെഹ്റയുടെ പ്രതികരണം. ഇഷാന്ത് ശർമയും ഈ സമയം നെഹ്റയുടെ സമീപമുണ്ടായിരുന്നു.
ഡൽഹി ക്യാപിറ്റൽസിന് 28 പന്തിൽ 63 റൺസ് വേണമെന്നിരിക്കെയാണ് സംഭവം. അശോക് ശർമ എറിഞ്ഞ യോർക്കർ ട്രിസ്റ്റൻ സ്റ്റബ്സ് പ്രതിരോധിച്ചെങ്കിലും മുന്നിലേക്ക് എത്തിയ പന്ത് കൈകൾ കൊണ്ട് തടയാൻ ബോളർക്കായില്ല. ബാറ്റർമാർ സിംഗിളിനായി ഓടിയപ്പോൾ, ക്യാപ്റ്റൻ ഗിൽ ഓടിവന്ന് പന്ത് എടുത്ത് സ്ട്രൈക്കർ എൻഡിലേക്ക് എറിഞ്ഞു. ഗില്ലിന്റെ ത്രോ സ്റ്റംപിൽ കൃത്യമായി കൊണ്ടെങ്കിലും പന്ത് വിക്കറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞുപോകുകയായിരുന്നു. ഓരോ റണ്ണും നിർണായകമായ ഘട്ടത്തിലായിരുന്നു ക്യാപ്റ്റന്റെ ഈ അബദ്ധം. അതാണ് നെഹ്റയെ പ്രകോപിപ്പിച്ചത്.
നേരത്തെ, പരുക്കുഭേദമായി ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (45 പന്തിൽ 70) നൽകിയ മികച്ച തുടക്കമാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്കു നയിച്ചത്. 45 പന്തുകളിൽ 4 ഫോറുകളും 5 സിക്സുമടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്സ്. ഗില്ലിനു പുറമെ ജോസ് ബട്‌ലറും (27 പന്തിൽ 52) വാഷിങ്ടൻ സുന്ദറും (32 പന്തിൽ 55) തിളങ്ങിതോടെ സ്കോർ 200 കടന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം (X/@ImMD264)ൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·