Published: April 08, 2026 04:13 PM IST
1 minute Read
പേർഷ്യ പിടിച്ചടക്കാനെത്തിയ അലക്സാണ്ടർ ചക്രവർത്തി തീരത്തിറങ്ങിയ ശേഷം, പിന്തിരിഞ്ഞോടാൻ ഒരു പഴുതും ഉണ്ടാകരുതെന്ന വാശിയോടെ തന്റെ കപ്പലുകൾക്കു തീയിട്ടു എന്നൊരു കഥയുണ്ട്. ‘‘ഒന്നുകിൽ ശത്രുവിന്റെ കപ്പലിൽ നാട്ടിലേക്കു മടങ്ങാം, അല്ലെങ്കിൽ ഇവിടെ മരിക്കാം’’ എന്ന അദ്ദേഹത്തിന്റെ തീരുമാനം പകുതി വിജയത്തിനു തുല്യമായിരുന്നു.
ലോക ചെസ് ചാംപ്യൻ ദൊമ്മരാജു ഗുകേഷിന്റെ എതിരാളിയെ കണ്ടെത്താൻ സൈപ്രസിൽ നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഉസ്ബെക്കിസ്ഥാൻ താരം ജാവോഖിർ സിന്ദറോവിന്റെ നിലപാടും ഏകദേശം അങ്ങനെതന്നെ. പെരുമയുള്ള എതിരാളികളെ കണ്ടപ്പോൾ സിന്ദറോവ് സ്വന്തം ഭയത്തിനു തീയിട്ടു. അപാരമായ ആത്മവിശ്വാസത്തോടെ പൊരുതി. അപ്പോൾ ആദ്യ പകുതിയിലെ സ്കോർ ഇങ്ങനെ തെളിഞ്ഞു: ഏഴു റൗണ്ടുകളിൽ 6 പോയിന്റ്.
ഇത്തവണ കാൻഡിഡേറ്റ്സ് ചെസ് ആരംഭിച്ചതു മുതൽ ഇത്ര ഗംഭീരമായ മുന്നേറ്റം ആരും നടത്തിയിട്ടില്ല. 2022ൽ റഷ്യൻ താരം യാൻ നീപോംനീഷിയുടേതാണ് സമാനമായ പ്രകടനം. ഏഴിൽ 5.5 പോയിന്റ്. കളിയോടുള്ള മനോഭാവം വ്യക്തമാക്കുന്നതായിരുന്നു, ‘സമനില വീരൻ’ എന്ന അപരനാമമുള്ള നെതർലൻഡ്സിന്റെ അനീഷ് ഗിരിയുമായുള്ള ഏഴാം റൗണ്ട് മത്സരത്തിനു ശേഷം, സിന്ദറോവിന്റെ പ്രതികരണം: ‘‘ചെസ് എൻജിനുകൾ തുല്യതയാണ് കാണിക്കുന്നതെങ്കിലും ഒരു മനുഷ്യനെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത കരുനിലയായിരുന്നു ഗിരിയുടേത്. എന്തുകൊണ്ട് എനിക്കു വിജയത്തിനായി പൊരുതിക്കൂടാ?’’
‘‘മികച്ച തുടക്കം നൽകുന്ന ആത്മവിശ്വാസത്തെ കുറച്ചു കാണരുത്. സഹജവാസനയെ വിശ്വസിച്ച് കളിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളോടു കളിക്കുമ്പോൾ എതിരാളികൾ അവരുടെ കളിയെക്കുറിച്ച് വിശ്വാസക്കുറവുള്ളവരാകും.’’ എന്നായിരുന്നു സിന്ദറോവിന്റെ പ്രകടനത്തെ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് വിലയിരുത്തിയത്. ‘കരുത്തന്റെ മകൻ’ എന്നർഥം വരുന്ന സിന്ദറോവിന്റെ ഇതുവരെയുള്ള പ്രകടനം പറഞ്ഞുവയ്ക്കുന്നതും അതുതന്നെ. 7 കളികൾ കഴിഞ്ഞപ്പോൾ 11ാം സ്ഥാനത്തു നിന്ന് ലൈവ് റേറ്റിങ്ങിൽ ലോകത്തിലെ അഞ്ചാം സ്ഥാനത്തേക്കാണ് കുതിച്ചുകയറ്റം. അട്ടിമറികൾ നടന്നില്ലെങ്കിൽ ഗുകേഷിന്റെ എതിരാളിയായായി സിന്ദറോവിനെ പ്രതീക്ഷിക്കാം!
English Summary:








English (US) ·