Published: June 11, 2026 02:44 PM IST Updated: June 11, 2026 06:50 PM IST
2 minute Read
ധാംബുള്ള (ശ്രീലങ്ക) ∙ 350 റൺസ് വിജയലക്ഷ്യം ഉയർത്തിയിട്ടും മഴയുടെ കളിയിൽ അഫ്ഗാനിസ്ഥാനോട് തോറ്റ് ഇന്ത്യ എ. മഴയെ തുടർന്ന് അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് 38 ഓവറായി ചുരുക്കി വിജയലക്ഷ്യം 294 റൺസായി പുനക്രമീകരിച്ചിരുന്നു. 25.5 ഓവറിൽ അഫ്ഗാനിസ്ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലായിരിക്കെയാണ് മഴ കളി മുടക്കിയത്. കളി പുനരാരംഭിക്കാൻ കഴിയാതിരുന്നതോടെ മഴ നിയമപ്രകാരം ഇന്ത്യയെക്കാൾ 3 റൺസിനു മുന്നിലായിരുന്ന അഫ്ഗാനിസ്ഥാൻ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
350 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് ഇമ്രാനും ഹസൻ ഐസാക്കിലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. വിപ്രജ് നിഗ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ ഹസൻ ഐസാക്കിന്റെ (29 പന്തിൽ 34 റൺസ്) ഷോട്ട് അർഷദ് ഖാന്റെ കൈകളിലൊതുങ്ങി. വൺഡൗണായി ഇറങ്ങിയ ഖാലിദ് തനിവാളിനെ (2) അനുകുൽ റോയ് എൽബിഡബ്ല്യുവിൽ കുരുക്കി. തുടർച്ചയായി രണ്ടു വിക്കറ്റുകൾ വീണതോടെ പതറിയ അഫ്ഗാനിസ്ഥാനെ ഇമ്രാനും ബഹിൽ ഷായും ചേർന്ന് പ്രത്യാക്രമണം ആരംഭിച്ചു. മികച്ച ഫോമിലായ ഇമ്രാൻ 45 പന്തിൽ അർധ സെഞ്ചറി തികച്ചു. 25 ാം ഓവറിൽ ഇമ്രാനും ബഹിൽ ഷായും ചേർന്നുള്ള കൂട്ടുകെട്ട് 100 പിന്നിട്ടു. പിന്നാലെ 51 പന്തിൽ ബഹിൽ ഷാ അർധ സെഞ്ചറി പൂർത്തിയാക്കി. അഫ്ഗാനിസ്ഥാന് ജയിക്കാൻ 73 പന്തിൽ 117 റൺസ് വേണമെന്നിരിക്കെ വീണ്ടും മഴയെത്തുകയായിരുന്നു.
What you should work next
നേരത്തെ ആദ്യ ബാറ്റു ചെയ്ത ഇന്ത്യ എ, 49 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 349 റൺസെടുത്തത്. മഴയെ തുടർന്ന് മത്സരം 49 ഓവറാക്കി ചുരുക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രൻ സിങ് (69 പന്തിൽ 84), ഋതുരാജ് ഗെയ്ക്‌വാദ് (80 പന്തിൽ 66), ക്യാപ്റ്റൻ തിലക് വർമ (73 പന്തിൽ 66), ഓപ്പണിങ്ങിൽ കസറിയ കൗമാരതാരം വൈഭവ് സൂര്യവംശി (22 പന്തിൽ 44), അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യാൻഷ് ഷെഡ‍്ഗെ (27 പന്തിൽ 40) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക്, ഓപ്പണർമാരായ പ്രഭ്‍സിമ്രൻ സിങ്ങും വൈഭവ് സൂര്യവംശിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്ക എയ്ക്കെതിരെ തിളങ്ങാൻ സാധിക്കാതിരുന്നതിന്റെ ‘വിഷമം’ അഫ്ഗാനിസ്ഥാനെതിരെ ഇരുവരും തീർത്തു. വൈഭവ് സൂര്യവംശിയാണ് ആക്രമണം തുടങ്ങിയത്. പതിവിനു വിപരീതമായി ഫോറുകൾ പായിച്ചായിരുന്നു വൈഭവിന്റെ മുന്നേറ്റം. ആകെ 9 ഫോറുകളടിച്ച വൈഭവ് 22 പന്തിൽ 44 റൺസുമായാണ് മടങ്ങിയത്. ഒന്നാം വിക്കറ്റിൽ 74 റൺസാണ് പ്രഭ്‍സിമ്രനും വൈഭവും ചേർന്ന് നേടിയത്.
പിന്നീടെത്തിയ പ്രിയാംശ് ആര്യ (9 പന്തിൽ 8) പെട്ടെന്നു പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ–ഋതുരാജ് ഗെയ്‍ക്‌വാദ് സഖ്യം ക്രീസിൽ നിലയുറിപ്പിച്ചു. ഇരുവരും 79 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചറിയിലേക്ക് ബാറ്റുവീശിയ പ്രഭ്സിമ്രൻ, പക്ഷേ 22–ാം ഓവറിൽ പുറത്തായി. 14 ഫോറാണ് പ്രഭ്‍സിമ്രൻ അടിച്ചത്. പിന്നീടെത്തിയ ക്യാപ്റ്റൻ തിലക് വർമ, ഗെയ്‍ക്‌വാദിന് ഉറച്ച പിന്തുണ നൽകി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സ്കോർബോർഡ് അതിവേഗം ചലിച്ചു. ഇതിനിടെ മഴപെയ്ത് അരമണിക്കൂറോളം കളി തടസ്സപ്പെട്ടു.
അർധസെഞ്ചറി നേടിയ ഗെയ്‍ക്‌വാദും തിലകും ചേർന്ന് 78 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 38–ാം ഓവറിലാണ് ഗെയ്ക്‌വാദ് പുറത്തായത്. അതേ ഓവറിൽ തന്നെ ആയുഷ് ബദോനിയും (0) വീണു. ഇതിനു ശേഷം തിലകും സൂര്യൻഷും ചേർന്നാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെയാണ് ഇന്ത്യൻ സ്കോർ 350 കടക്കാതിരുന്നത്. അഫ്ഗാനിസ്ഥാനായി അബ്ദുല്ല അഹമ്മദ്സായി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫർമാനുള്ള സഫി മൂന്നു വിക്കറ്റും ക്യാപ്റ്റൻ ഇമ്രാൻ മിർ ഒരു വിക്കറ്റും വീഴ്ത്തി.
English Summary:





English (US) ·