Published: August 26, 2026 06:03 PM IST Updated: August 27, 2026 06:59 AM IST
2 minute Read
മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഓൺലൈൻ ചെസ് ടൂർണമെന്റിൽ കളിക്കാനിറങ്ങിയ ഡൽഹി സ്വദേശിയായ 15-കാരൻ വന്ദൻ ആലങ്കർ സവായ് പരാജയപ്പെടുത്തിയത് ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ. ചെസ് ഡോട്.കോമിന്റെ 'ടൈറ്റിൽഡ് ട്യൂസ്‌ഡേ' ബ്ലിറ്റ്സ് ടൂർണമെന്റിൽ വെറും 50 നീക്കങ്ങളിലായിരുന്നു വന്ദന്റെ ഈ ചരിത്ര വിജയം. ഇത്രയും വലിയ നേട്ടം കൈവരിച്ചിട്ടും ആഘോഷങ്ങളൊന്നുമില്ലാതെ ശാന്തനായിരുന്ന വന്ദൻ സ്വന്തം മാതാപിതാക്കളോട് പോലും ഈ വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഡോട്.കോമിൽ ലോഗിൻ ചെയ്തപ്പോഴാണ് പിതാവ് അലങ്കർ സവായ് മകന്റെ വിജയത്തെ കുറിച്ച് അറിയുന്നത്. 2,288 ഫിഡെ (FIDE) ക്ലാസിക്കൽ റേറ്റിങ്ങുള്ള കാൻഡിഡേറ്റ് മാസ്റ്ററായ വന്ദൻ, 2,823 റേറ്റിങ്ങുള്ള ലോക താരം മാഗ്നസ് കാൾസനെ വെറും 50 നീക്കങ്ങളിൽ പരാജയപ്പെടുത്തിയിരിക്കുന്നു!
What you should work next
ഓഗസ്റ്റ് 18-ന് നടന്ന ചെസ് ഡോട്.കോമിന്റെ 'ടൈറ്റിൽഡ് ട്യൂസ്‌ഡേ' ബ്ലിറ്റ്സ് ടൂർണമെന്റിലായിരുന്നു ഈ ചരിത്രപോരാട്ടം. തനിക്ക് ലഭിച്ച വലിയ വിജയത്തെക്കുറിച്ച് ഒരു ആഘോഷത്തിനും നിൽക്കാതെ വന്ദൻ കാണിച്ച ശാന്തതയാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. ‘ടൂർണമെന്റിൽ പങ്കെടുക്കാൻ വന്ദന് മടിയായിരുന്നു. ഞങ്ങൾ നിർബന്ധിച്ചാണ് അവനെ കളിപ്പിച്ചത്’, അമ്മ ഡോ. മാധുരി ആലങ്കർ സവായ് ഓർത്തെടുക്കുന്നു. മാതാപിതാക്കൾ ചോദിച്ചപ്പോൾ മാത്രമാണ് ലോക ചാംപ്യനെ വീഴ്ത്തിയ കാര്യം വന്ദൻ പറയുന്നത്.
∙ പതറാത്ത നീക്കങ്ങൾ, കാൾസന് പിഴച്ച നിമിഷംരണ്ടാം റൗണ്ടിലാണ് വന്ദന് എതിരാളിയായി മാഗ്നസ് കാൾസൻ എത്തുന്നത്. ഭയപ്പെടാതെ, ‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, നേടാൻ മാത്രമാണുള്ളത്’ എന്ന ആത്മവിശ്വാസത്തോടെയാണ് വന്ദൻ കളിച്ചു തുടങ്ങിയത്. കളിയുടെ 26-ാം നീക്കത്തിലായിരുന്നു വഴിത്തിരിവ്. കാൾസന്റെ രാജാവ് വന്ദന്റെ ബിഷപ്പിന്റെ ആക്രമണത്തിന് ഇരയായ നിമിഷം, ബിഷപ്പിനെ വെട്ടിയെടുക്കുന്നതിന് പകരം കാൾസൻ രാജാവിനെ മാറ്റാനാണ് തുനിഞ്ഞത്. ഈ പിഴവ് മുതലാക്കിയ വന്ദൻ പൊസിഷൻ സ്വന്തം കൺട്രോളിലാക്കി. 50-ാം നീക്കത്തിൽ കാൾസൻ തോൽവി സമ്മതിച്ചു. ‘അദ്ദേഹം പിഴവ് വരുത്തിയപ്പോൾ ഞാൻ സത്യത്തിൽ അമ്പരന്നുപോയി’, വന്ദൻ പറയുന്നു.
താൻ കാൾസനെ തോൽപ്പിച്ച വിവരം സ്വന്തം പരിശീലകനായ ഗുർപ്രീത് പാൽ സിങ്ങിനോട് പോലും വന്ദൻ അന്ന് പറഞ്ഞിരുന്നില്ല. അടുത്ത ദിവസം വന്ദന്റെ പിതാവ് വിളിച്ചപ്പോഴാണ് മുൻ ദേശീയ ജൂനിയർ ചാംപ്യൻ കൂടിയായ ഗുർപ്രീത് വിവരമറിയുന്നത്. കളത്തിൽ ആക്രമണകാരിയാണെങ്കിലും പുറത്ത് വളരെ സംയമനം പാലിക്കുന്ന സ്വഭാവക്കാരനാണ് വന്ദനെന്ന് പരിശീലകൻ പറയുന്നു. ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലെ ക്ലാസ് ടോപ്പർ കൂടിയായ ഈ കൗമാരക്കാരൻ, കാൾസനെ തോൽപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ ചില കൂട്ടുകാർ വിശ്വസിച്ചെന്നും ചിലർ വിശ്വസിച്ചില്ലെന്നും ചിരിയോടെ പറയുന്നു.
∙ ചെസിന് അപ്പുറമുള്ള ലോകംചെറുപ്പത്തിൽ അമ്മയ്ക്കൊപ്പം കളിച്ചാണ് വന്ദൻ ചെസിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. വേഗത്തിൽ പസിലുകൾ കൈകാര്യം ചെയ്യാനുള്ള മകന്റെ കഴിവ് കണ്ടാണ് കുടുംബം ഏഴ് വർഷം മുൻപ് പരിശീലനം നൽകി തുടങ്ങിയത്. എന്നാൽ ചെസ് മാത്രമല്ല വന്ദന്റെ ലോകം. സ്കൂൾ പഠനത്തിലും ഒന്നാമനായ വന്ദന് യുദ്ധങ്ങളെക്കുറിച്ചുള്ള നോൺ-ഫിക്ഷൻ പുസ്തകങ്ങൾ വായിക്കാനാണ് ഇഷ്ടം.
‘ഏറെ ചെറുപ്പത്തിൽ തന്നെ ജിഎം (ഗ്രാൻഡ് മാസ്റ്റർ) പദവി നേടുന്നവരുടെ കാലമാണിത്. അതിനാൽ ചെസ് തന്നെ പൂർണസമയ കരിയറാകുമോ എന്ന് ഉറപ്പില്ല, ഒരുപക്ഷേ, ചരിത്രമോ പൊളിറ്റിക്കൽ സയൻസോ ഉപരിപഠനത്തിന് തിരഞ്ഞെടുത്തേക്കാം,’ വന്ദൻ വ്യക്തമാക്കുന്നു. കളിയിലും ജീവിതത്തിലും ഒരുപോലെ കൃത്യതയും ശാന്തതയും കാത്തുസൂക്ഷിക്കുന്ന ഈ 15-കാരന്റെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് കായികലോകം.
English Summary:






English (US) ·