Published: March 08, 2026 08:47 AM IST
1 minute Read
കൊച്ചി ∙ മാറ്റമില്ല; തോൽവി തന്നെ! മുഹമ്മദ് നവാസും ക്രോസ് ബാറും നിർഭാഗ്യവും നഷ്ടാവസരങ്ങളും ഒത്തു ചേർന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനു തുടർച്ചയായ നാലാം ഐഎസ്എൽ മാച്ചിലും തോൽവി. ജയം ചെന്നൈയിൻ എഫ്സിയ്ക്ക്: 1– 0. ഇമ്രാൻ ഖാനാണു (42 –ാം മിനിറ്റ്) ചെന്നൈയിന്റെ സ്കോറർ. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് 13 –ാം സ്ഥാനത്തേക്കു വീണു. താഴെ കൊൽക്കത്ത മുഹമ്മദൻസ് മാത്രം! ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 14നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെതിരെ.
മിഡ്ഫീൽഡർ മുഹമ്മദ് അലി ബെമാമ്മറായിരുന്നു മറീന മച്ചാൻസിന്റെ വാർ കമാൻഡർ. ഇമ്രാൻ ഖാനും സ്പാനിഷ് താരം ഇനിഗോ മാർട്ടിനും മൂർച്ചയോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. 42 –ാം മിനിറ്റിൽ അവർ ലക്ഷ്യവും കണ്ടു. ബ്ലാസ്റ്റേഴ്സ് ബോക്സിനു പുറത്ത് ആൽബർട്ടോ നൊഗുവേരയിൽ നിന്നു കിട്ടിയ പന്തിൽ ഇമ്രാൻ ഖാൻ തൊടുത്തതൊരു മിന്നൽ ലോങ് റേഞ്ചർ. ബ്ലാസ്റ്റേഴ്സ് താരത്തിന്റെ തലയിൽത്തട്ടി ദിശ മാറിയ പന്തു വലയിൽ.
രണ്ടാം പകുതിയിൽ മഞ്ഞപ്പടയിളകി; പതിവു പോലെ! 52 –ാം മിനിറ്റിൽ നിഹാലിന്റെ ഏറക്കുറെ ഉറച്ച ഗോൾഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതു നിർഭാഗ്യം. പിന്നാലെ, ബെർതോമ്യുവിന്റെ ഷോട്ട് തട്ടിയകറ്റിയ ചെന്നൈ ഗോളി മുഹമ്മദ് നവാസ്, റീബൗണ്ടിൽ മാർലോൺ ത്രുഹീയോയുടെ ഷോട്ടും രക്ഷപ്പെടുത്തി. ഡഗ് ഔട്ടിൽ കോച്ച് ദവീദ് കറ്റാല നിരാശയിൽ പൊട്ടിത്തെറിച്ചു. മികച്ച ആദ്യ ലൈനപ് കണ്ടെത്താനുള്ള ‘പരീക്ഷണം’ കോച്ച് ദവീദ് കറ്റാല ഇന്നലെയും തുടർന്നു. ഇന്റർ കാശിക്കെതിരെ കളിച്ച ടീമിൽ ആകെ 5 മാറ്റം; പക്ഷേ, അന്തിമ ഫലത്തിൽ മാത്രം മാറ്റമുണ്ടായില്ല!
English Summary:







English (US) ·