പല്ലെക്കലെ (ശ്രീലങ്ക)∙ ഐസിസി ടൂർണമെന്റുകളുടെ അധിപൻമാരെന്ന മേലങ്കി തൽക്കാലം ‘മൈറ്റി’ ഓസ്ട്രേലിയയ്ക്ക് അഴിച്ചുവയ്ക്കാം. ട്വന്റി20 ലോകകപ്പിലെ അയർലൻഡ്– സിംബാബ്‌വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ, ഓസ്ട്രേലിയ ടൂർണമെന്റിനു പുറത്തായി. 3 മത്സരങ്ങളിൽ 5 പോയിന്റുള്ള സിംബാബ്‌വെ, 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള ഓസീസിനെ മറികടന്ന് സൂപ്പർ 8ൽ എത്തി.
17 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഐസിസി ടൂർണമെന്റിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഓസ്ട്രേലിയ പുറത്താകുന്നത്. 2009 ട്വന്റി20 ലോകകപ്പിലാണ് ഓസീസ് അവസാനമായി നോക്കൗട്ട് കാണാതെ പുറത്തായത്. 2021ൽ ട്വന്റി20 ലോകകപ്പ് നേടിയ ശേഷം നടന്ന അടുത്ത മൂന്നു ലോകകപ്പുകളിലും സെമി പോലും കാണാതെ പുറത്ത്. സൂപ്പർ 8ൽ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും സിംബാബ്‌വെ നേരിട്ട് യോഗ്യത നേടി.
കഷ്ടം, കംഗാരൂസ്സൂപ്പർ താരങ്ങൾ പലരെയും പരുക്കുമൂലം നഷ്ടമായതിന്റെ പ്രതിസന്ധികൾക്കു നടുവിലൂടെയാണ് ഓസ്ട്രേലിയ ലോകകപ്പിനെത്തിയത്. പ്രധാന പേസർമാരായ പാറ്റ് കമിൻസും ജോഷ് ഹെയ്സൽവുഡും ടൂർണമെന്റിനു മുൻപേ പരുക്കേറ്റ് ടീമിൽനിന്നു പുറത്തായിരുന്നു. പരിശീലനത്തിനിടെ പരുക്കേറ്റ ക്യാപ്റ്റൻ മിച്ചൽ മാർഷിന് ആദ്യ രണ്ടു മത്സരങ്ങളും നഷ്ടമായി. എങ്കിലും ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 67 റൺസിനു തോൽപിച്ച് ഓസീസ് തുടക്കം മോശമാകാതെ കാത്തു. എന്നാൽ അടുത്ത മത്സരത്തിൽ സിംബാബ്‌വെയോടേറ്റ 23 റൺസ് തോൽവി ‘മൈറ്റി ഓസീസിന്റെ’ താളം തെറ്റിച്ചു.
അതോടെ, സൂപ്പർ 8ൽ കടക്കണമെങ്കിൽ ശ്രീലങ്കയ്ക്കെതിരായ മത്സരം ജയിക്കണമെന്ന സ്ഥിതിയായി. പക്ഷേ, 8 വിക്കറ്റ് തോൽവിയാണ് ലങ്കയ്ക്കെതിരെ നേരിടേണ്ടിവന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ ഒമാനെയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെയും തോൽപിച്ച സിംബാബ്‌വെ, സൂപ്പർ 8ന്റെ പടിക്കലെത്തി. അടുത്ത 2 മത്സരങ്ങളിൽ ഒരു ജയം മാത്രമായിരുന്നു സിംബാബ്‌വെയ്ക്ക് ആവശ്യം.
അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ, ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. അതോടെ 5 പോയിന്റുമായി സിംബാബ്‌വെ സൂപ്പർ 8ൽ കടന്നു. ഒമാനെതിരെയാണ് ഓസ്ട്രേലിയയുടെ അവസാന ഗ്രൂപ്പ് മത്സരം. അതു ജയിച്ചാലും പരമാവധി 4 പോയിന്റ് മാത്രമേ ഓസീസിനു ലഭിക്കൂ.
ഓസ്ട്രേലിയ @ ട്വന്റി20 ലോകകപ്പ്
2007 സെമിഫൈനൽ
2009 ഗ്രൂപ്പ് ഘട്ടം
2010 2–ാം സ്ഥാനം
2012 സെമിഫൈനൽ
2014 സൂപ്പർ 10
2016 സൂപ്പർ 10
2021 ജേതാക്കൾ
2022 സൂപ്പർ 12
2024 സൂപ്പർ 8
2026 ഗ്രൂപ്പ് ഘട്ടം
English Summary:







English (US) ·