Published: September 13, 2026 05:18 PM IST Updated: September 13, 2026 11:08 PM IST
1 minute Read
ദുബായ്∙ വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് സെമി ഫൈനലിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ഹസ്തദാനം ഒഴിവാക്കിയ ബംഗ്ലദേശ് ക്യാപ്റ്റന്‍ നിഗർ സുൽത്താനയ്ക്കു തിരിച്ചടി. നിഗറിനെ തള്ളി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തന്നെ രംഗത്തെത്തി. ബംഗ്ലദേശ് ക്യാപ്റ്റൻ സ്വന്തം നിലയിലാണ് ഹസ്തദാനം ഒഴിവാക്കിയതെന്ന് ബിസിബി വനിതാ കമ്മിറ്റി ചെയർമാൻ റഫിഖുൽ ഇസ്‍ലാം ബാബു പ്രതികരിച്ചു. എല്ലാ ക്രിക്കറ്റ് രാജ്യങ്ങളുമായും മികച്ച ബന്ധമുണ്ടാക്കാനാണ് ബംഗ്ലദേശ് ശ്രമിക്കുന്നതെന്നും ബിസിബി പ്രതിനിധി പറഞ്ഞതോടെ ക്യാപ്റ്റൻ വെട്ടിലായി.
What you should work next
‘‘ഹസ്തദാനം വേണ്ടെന്നത് അവരുടെ സ്വന്തം തീരുമാനമായിരുന്നു. സ്പോർട്സ് ലോകത്തെ ഒന്നിപ്പിക്കുമെന്നാണു ഞങ്ങൾ കരുതുന്നത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദമാണ് ബംഗ്ലദേശ് ആഗ്രഹിക്കുന്നത്. ഇന്ത്യയോടു മാത്രമല്ല, എല്ലാ രാജ്യങ്ങളോടും ഒരേ നിലപാടാണ് ബംഗ്ലദേശിന്. ക്യാപ്റ്റൻ ചെയ്ത കാര്യങ്ങളെല്ലാം അവരുടെ തീരുമാനപ്രകാരമാണ്.’’– റഫിഖുൽ ഇസ്‍ലാം ബാബു പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിനിടെ ടീം ക്യാപ്റ്റൻമാർ ഹസ്തദാനം നടത്തിയിരുന്നില്ല. അതിനു പിന്നാലെയാണ് ബംഗ്ലദേശ് വനിതാ ക്യാപ്റ്റനും ഹസ്തദാനം ഒഴിവാക്കിയത്.
What you should work next
ട്വന്റി20 ലോകകപ്പ് ബഹിഷ്കരണത്തിനു ശേഷം ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിസിബി. ഇടക്കാല സര്‍ക്കാരിന്റെ സമ്മർദത്തെ തുടർന്ന് ഇന്ത്യയില്‍ നടന്ന ലോകകപ്പ് ബംഗ്ലദേശ് ബഹിഷ്കരിച്ചിരുന്നു. ബംഗ്ലദേശിന്റെ മത്സരങ്ങൾ മറ്റൊരു രാജ്യത്തേക്കു മാറ്റണമെന്ന ആവശ്യം ഐസിസി അംഗീകരിക്കാതിരുന്നതോടെയാണ് ബംഗ്ലദേശ് ടൂർണമെന്റ് ബഹിഷ്കരിച്ചത്. ഈ നീക്കത്തിലൂടെ കോടികളുടെ നഷ്ടമാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനു സംഭവിച്ചത്. സംഭവത്തിനു ശേഷം ബംഗ്ലദേശുമായി പരമ്പരകൾ കളിക്കാൻ ബിസിസിഐ തയാറായിട്ടുമില്ല.
സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ 40 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ 18 പന്തിൽ 22 റൺസെടുത്തു പുറത്താകാതെ നിന്ന മധ്യനിര താരം ഷൊർണ അക്തറാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ദിലാറ അക്തർ (26 പന്തിൽ 21), നിഗർ സുൽത്താന (17 പന്തിൽ 19), ശോഭന മൊസ്താരി (24 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റുകൾ വീതമുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സാണെടുത്തത്. ഓപ്പണർ ഷെഫാലി വർമ അർധ സെഞ്ചറി നേടി. 40 പന്തുകൾ നേരിട്ട ഷെഫാലി 64 റൺസാണു സ്കോർ ചെയ്തത്. മൂന്നു സിക്സുകളും ഏഴു ഫോറുകളും ഷെഫാലി ബൗണ്ടറി കടത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (28 പന്തില്‍ 24), റിച്ച ഘോഷ് (16 പന്തിൽ 21), പ്രതിക റാവൽ (24 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
English Summary:






English (US) ·