Published: March 11, 2026 04:21 PM IST Updated: March 11, 2026 05:30 PM IST
1 minute Read
മുംബൈ ∙ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ താരങ്ങൾക്ക് അവരവരുടെ നാടുകളിൽ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിനു പിറ്റേന്നു തന്നെ മിക്ക താരങ്ങളും നാട്ടിലേക്ക് തിരിച്ചു. ടൂർണമെന്റിലെ താരമായ മലയാളി താരം സഞ്ജു സാംസൺ ചാർട്ടേഡ് വിമാനത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയത്. മിക്ക താരങ്ങളും നാട്ടിലെത്തിയത് ഇങ്ങനെ തന്നെ. എന്നാൽ ഓൾറൗണ്ടർ ശിവം ദുബെ മാത്രം ‘വ്യത്യസ്ത’ മാർഗത്തിലൂടെയാണ് നാട്ടിലെത്തിയത്.
അഹമ്മദാബാദിൽനിന്നു മുംബൈയിലേക്ക് വിമാനടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ട്രെയിനിലാണ് ശിവം ദുബെ മടങ്ങിയത്. അഹമ്മദാബാദ്– മുംബൈ സായാജി എക്സ്പ്രസിന്‍റെ തേഡ് എസിയിലായിരുന്നു താരത്തിന്റെയും കുടുംബത്തിന്റെയും യാത്ര. തനിക്കും കുടുംബത്തിനും വേണ്ടി വിമാന ടിക്കറ്റുകൾക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് ശിവം ദുബെ മാധ്യമങ്ങളോടു പറഞ്ഞു. റോഡ് മാർഗം പോകാൻ ആലോചിച്ചിരുന്നെങ്കിലും വേഗത്തിലെത്താനാണ് ട്രെയിൻ തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.
ആളുകൾ തിരിച്ചറിയാതിരിക്കാൻ തൊപ്പിയും മാസ്കും നീളൻ കൈയുള്ള ടി-ഷർട്ടുമാണ് ദുബെ ധരിച്ചിരുന്നത്. പ്ലാറ്റ്‌ഫോമിൽ തിരക്ക് കുറവായിരിക്കുമെന്ന് കണക്കുകൂട്ടിയാണ് പുലർച്ചെ 5.10നുള്ള ട്രെയിനിനു ടിക്കറ്റെടുത്തത്. ട്രെയിൻ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുൻപു വരെ കാറിൽ കാത്തിരിക്കുകയായിരുന്നു. അതിനുശേഷമാണ് ട്രെയിനിലേക്ക് ഓടിക്കയറുകയായിരുന്നു.
താരത്തെ തിരിച്ചറിഞ്ഞാൽ ഉണ്ടായേക്കാവുന്ന ബഹളങ്ങൾ നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനും ദുബെയെ അനുഗമിച്ചിരുന്നു. അപ്പർ ബെർത്തിലാണ് താരം കിടന്നത്. ‘‘രാത്രിയിൽ ശുചിമുറിയിൽ പോകാൻ ഇറങ്ങിയപ്പോൾ ആരും എന്നെ തിരിച്ചറിഞ്ഞില്ല. യാത്ര സുഗമമായിരുന്നു, എങ്കിലും പകൽ വെളിച്ചത്തിൽ ബോറിവാലിയിൽ ഇറങ്ങുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു, കാരണം അവിടെ ശ്രദ്ധിക്കപ്പെടാതെ പോകാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു.’’– ശിവം ദുബെ പറഞ്ഞു
ടിക്കറ്റ് പരിശോധിക്കാൻ ടിടിഇ വന്നപ്പോൾ ചെറിയൊരു നാടകീയതയും അരങ്ങേറിയെന്ന് താരം പറഞ്ഞു. ‘‘ശിവം ദുബെയോ? അത് ആരാണ്, ക്രിക്കറ്റ് താരമാണോ?’’ എന്നായിരുന്നു ടിടിഇയുടെ ചോദിച്ചു. ദുബെയുടെ ഭാര്യ ഉടൻ ഇടപെട്ടു. ‘‘അല്ല, അല്ല. അദ്ദേഹം ഇവിടെ എങ്ങനെ വരാനാണ്?’’. ഇതോടെ ടിടിഇ അടുത്ത യാത്രക്കാരന്റെ അടുത്ത യാത്രക്കാരന്റെ അടുത്തേക്ക് നീങ്ങി. താരം വിമാനത്താവളത്തിൽ വന്നിറങ്ങുമെന്ന് പ്രതീക്ഷിച്ച സ്വീകരണം ഒരുക്കിയ അധികൃതരും ട്രെയിൻ യാത്രയിൽ ഞെട്ടി. ഉടൻ ഇവർ റെയിൽവേ സ്റ്റേഷനിലെത്തി. ആളുകൾ കൂടിയെങ്കിലും പൊലീസ് അകമ്പടി നൽകിയതിനാൽ അദ്ദേഹത്തിന് സുരക്ഷിതമായി പുറത്തുകടക്കാൻ സാധിച്ചു.
English Summary:







English (US) ·