Published: April 04, 2026 03:22 PM IST Updated: April 04, 2026 07:17 PM IST
2 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനു രണ്ടാം വിജയം. മുംബൈ ഇന്ത്യൻസിനെതിരെ ആറു വിക്കറ്റ് വിജയമാണ് ഡൽഹി നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ, മറുപടിയിൽ 18.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി വിജയത്തിലെത്തി. ഇംപാക്ട് പ്ലേയറായി ഇറങ്ങി അർധ സെഞ്ചറി നേടിയ യുവതാരം സമീർ റിസ്‍വിയുടെ ഇന്നിങ്സാണ് ഡൽഹിയുടെ ചേസിങ്ങിന്റെ നട്ടെല്ലായത്. 51 പന്തുകൾ നേരിട്ട 22 വയസ്സുകാരൻ താരം ഏഴു സിക്സുകളും അത്ര തന്നെ ഫോറുകളും ബൗണ്ടറി കടത്തി 90 റൺസെടുത്താണു പുറത്തായത്.സീസണിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയാണിത്. ലക്നൗവിനെതിരായ ആദ്യ മത്സരത്തില്‍ റിസ്‍വി 70 റൺസെടുത്തു പുറത്താകാതെനിന്നു.
ഡൽഹിയുടെ ശ്രീലങ്കൻ ഓപ്പണർ പതും നിസംഗ 30 പന്തിൽ 44 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഏഴു റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് ഡൽഹി മത്സരത്തിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഒരു റണ്ണെടുത്ത ഓപ്പണർ കെ.എൽ. രാഹുലിനെ ദീപക് ചാഹർ വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടനിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ നിതീഷ് റാണയെ (പൂജ്യം) ജസ്പ്രീത് ബുമ്ര റണ്ണൗട്ടാക്കി. എന്നാൽ പതും നിസംഗയ്ക്കൊപ്പം റിസ്‍വിയും ഉറച്ചുനിന്നതോടെ കളി മാറി. പവർപ്ലേയിൽ 42 റൺസടിച്ച ഡൽഹി, 11.3 ഓവറിൽ 100 കടന്നു. 31 പന്തുകളിൽനിന്നാണ് റിസ്‍വി അർധ സെഞ്ചറിയിലെത്തിയത്. ഡൽഹി സ്കോർ 151 എന്ന സുരക്ഷിത നിലയിലെത്തിച്ച ശേഷമാണ് റിസ്‍വി മടങ്ങിയത്. കോർബിൻ ബോഷിന്റെ പന്തിൽ തിലക് വര്‍മ ക്യാച്ചെടുത്തു താരത്തെ പുറത്താക്കുകയായിരുന്നു. ഡേവിഡ് മില്ലറും (18 പന്തിൽ 21), ട്രിസ്റ്റൻ സ്റ്റബ്സും (മൂന്ന്) ചേർന്നതോടെ 18.1 ഓവറിൽ ഡൽഹി വിജയ റൺസ് കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 162 റൺസടിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചറി നേടി പുറത്തായി. 36 പന്തുകൾ നേരിട്ട സൂര്യ രണ്ട് സിക്സും മൂന്നു ഫോറുകളുമുൾപ്പടെ 51 റൺസാണു നേടിയത്. രോഹിത് ശർമ (26 പന്തിൽ 35), നമൻ ധീർ (21 പന്തിൽ 28) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.
റയാൻ റിക്കിള്‍ട്ടനെയും (ഒൻപത്), തിലക് വർമയെയും 18 റൺസിനിടെ നഷ്ടമായ മുംബൈയെ രോഹിത് ശർമയുടേയും ക്യാപ്റ്റന്‍ സൂര്യകുമാർ യാദവിന്റേയും സ്കോറുകളാണ് പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്. പവർപ്ലേയിൽ 41 റൺസാണു മുംബൈ നേടിയത്. സ്കോര്‍ 71 ൽ നിൽക്കെ രോഹിത് ശർമയെ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. അഞ്ച് റൺസെടുത്ത ഷർഫെയ്ൻ റുഥർഫോഡ് വിപ്രജ് നിഗമിന്റെ പന്തിലാണു പുറത്താകുന്നത്. 14 ഓവറിലാണ് മുംബൈ 100 പിന്നിട്ടത്. അർധ സെഞ്ചറി നേടിയ സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി.
മിച്ചൽ സാന്റ്നറെ കൂട്ടുപിടിച്ച് നമൻ ധീര്‍ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ, ടി. നടരാജന്റെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സ് ക്യാച്ചെടുത്ത് മടങ്ങി. വാലറ്റത്ത് മിച്ചൽ സാന്റ്നറും (13 പന്തിൽ 18), കോർബിൻ ബോഷും (നാലു പന്തിൽ 11) ചേർന്നാണ് മുംബൈയെ 160 കടത്തിയത്. ഡല്‍ഹി ക്യാപിറ്റൽസിനായി മുകേഷ് കുമാർ രണ്ടും ലുങ്കി എൻഗിഡി, അക്ഷർ പട്ടേൽ, വിപ്രജ് നിഗം, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
English Summary:








English (US) ·