മുംബൈയിൽ സലാം സഞ്ജു, ഇന്ത്യയ്ക്ക് ‘ബദലാകാൻ’ ജേക്കബിനുമായില്ല; ട്വന്റി20 ലോകകപ്പ് ഫൈനലിൽ

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 05, 2026 06:39 PM IST Updated: March 05, 2026 11:37 PM IST

3 minute Read

CRICKET-ICC-MENS-T20-WC-2026-IND-ENG
ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ. ചിത്രം∙ ആർ.എസ്.ഗോപൻ, മനോരമ

മുംബൈ∙ ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ഇന്ത്യയുടെ കീഴടങ്ങാത്ത പോരാട്ട വീര്യത്തിനു ‘ബദലാകാൻ’ സാധിച്ചില്ല. പക്ഷേ ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിനു മുന്നിൽ നന്നായി പൊരുതിയാണ് തോൽവി സമ്മതിച്ചതെന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണാണു കളിയിലെ താരം.

വിൽ ജാക്സ് (20 പന്തിൽ 35), ജോസ് ബട്‍ലർ (17 പന്തിൽ 25), ജോഫ്ര ആർച്ചർ (നാലു പന്തിൽ 19) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്‍ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേ തീരുംമുൻപേ ഇന്ത്യ വീഴ്ത്തിയത്. സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചപ്പോൾ തകർപ്പനൊരു ക്യാച്ചിലൂടെ അക്ഷർ പട്ടേൽ പുറത്താക്കി.

വരുൺ ചക്രവർത്തിയെറിഞ്ഞ ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി. പിന്നാലെ സ്ട്രൈക്ക് മാറിയെത്തിയ ജോസ് ബട്‍ലറെ ബോൾ‍ഡാക്കിയാണ് വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്. പവർപ്ലേയിൽ 68 റൺസടിച്ച ഇംഗ്ലണ്ട് 8.1 ഓവറിൽ 100 പിന്നിട്ടു. ടോം ബാന്റനെ അക്ഷർ പട്ടേൽ ബോൾഡാക്കിയെങ്കിലും പിന്നാലെയെത്തിയ വിൽ ജാക്സ്, ബെതലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 172 ൽ നിൽക്കെ സിക്സടിക്കാനുള്ള വിൽ ജാക്സിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനിൽ വച്ച് പന്തു പിടിച്ചെടുത്ത അക്ഷർപട്ടേൽ, ബൗണ്ടറിക്കപ്പുറത്തേക്കു വീഴുംമുൻപ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തു. ദുബെ അതു പിടിച്ചെടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടം.

CRICKET-ICC-MENS-T20-WC-2026-IND-ENG

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

CRICKET-ICC-MENS-T20-WC-2026-IND-ENG

വിൽ ജാക്സിനെ പുറത്താക്കിയ ശിവം ദുബെയുടേയും അക്ഷർ പട്ടേലിന്റെയും ആഘോഷം. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

ജസ്പ്രീത് ബുമ്രയെറിഞ്ഞ 18–ാം ഓവറിൽ ഇംഗ്ലണ്ടിന് ആറു റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഇതു കളിയിൽ വഴിത്തിരിവായി. ഇംഗ്ലണ്ടിന് 12 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 39 റൺസ്. ഹാർദിക് പാണ്ഡ്യയുടെ 19–ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച് ജേക്കബ് ബെതൽ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ സാം കറനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട്, ആദ്യ പന്തിൽതന്നെ ജേക്കബ് ബെതൽ റണ്ണൗട്ടായതോടെ തോൽവി സമ്മതിച്ച മട്ടായി. ശിവം ദുബെയുടെ അവസാന രണ്ട് പന്തുകളും ജോഫ്ര ആർച്ചർ സിക്സടിച്ചെങ്കിലും അപ്പോഴേക്കും വിജയലക്ഷ്യം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമെത്തിയിരുന്നു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ടും, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

CRICKET-ICC-MENS-T20-WC-2026-IND-ENG

സഞ്ജു സാംസണും ഇഷാൻ കിഷനും ബാറ്റിങ്ങിനിടെ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

സഞ്ജുവിന്റെ അതിരടി മാസ്, റെക്കോർഡ് സ്കോറിൽ ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസടിച്ചു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടുകളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 42 പന്തിൽ 89 റൺസടിച്ച ഓപ്പണർ സഞ്ജു സാംസണിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്കു നയിച്ചത്. ഏഴ് സിക്സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വിൽ ജാക്സിന്റെ 14–ാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധ സെഞ്ചറി നേടിയത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.

ശിവം ദുബെ (25 പന്തിൽ 43), ഇഷാൻ കിഷൻ (18 പന്തിൽ 39), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 27), തിലക് വര്‍മ (ഏഴു പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. പവർപ്ലേയിൽ 67 റൺസാണ് ഇന്ത്യ നേടിയത്. രണ്ടു ബൗണ്ടറികൾ നേടിയ അഭിഷേകിനെ വിൽ ജാക്സെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ഫില്‍ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇഷാൻ കിഷൻ സഞ്ജുവിനൊപ്പം ചേർന്നതോടെ 8.3 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു. സ്പിന്നർ ആദിൽ റഷീദിന്റെ പന്തിൽ വിൽ ജാക്സ് ക്യാച്ചെടുത്താണ് ഇഷാനെ പുറത്താക്കിയത്. സഞ്ജു സെഞ്ചറിയിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെ, ബൗണ്ടറിക്കു ശ്രമിച്ച താരം പുറത്തായി മടങ്ങുകയായിരുന്നു. സ്പിന്നര്‍ ആദിൽ റാഷിദിനെ കയറി അടിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ സ്റ്റംപ് ചെയ്തു. 16.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്.

CRICKET-ICC-MENS-T20-WC-2026-IND-ENG

ഇംഗ്ലണ്ടിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ്. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

പിന്നാലെ ഹാർദിക് പാണ്ഡ്യയുമായുണ്ടായ ആശയക്കുഴപ്പത്തിൽ, ശിവം ദുബെ റൺഔട്ടായി. പിന്നാലെയെത്തിയ തിലക് വർമ ജോഫ്ര ആർച്ചറിന്റെ 19–ാം ഓവറിൽ മൂന്നു സിക്സുകളാണു ബൗണ്ടറി കടത്തിയത്. ഇതേ ഓവറിൽ തകർപ്പനൊരു യോർ‌ക്കറിലൂടെ ആര്‍ച്ചർ തിലക് വർമയെ ബോൾഡാക്കി. വിൽ ജാക്സിന്റെ 20–ാം ഓവറിൽ ഹാർദിക് പാണ്ഡ്യ രണ്ടു സിക്സുകള്‍ അടിച്ചെങ്കിലും അഞ്ചാം പന്തിൽ പുറത്തായി. ഇംഗ്ലണ്ടിനായി പന്തെറിയാനെത്തിയവരെല്ലാം അടി വാങ്ങിക്കൂട്ടി. നാലോവറുകൾ പന്തെറിഞ്ഞ പേസർ ജോഫ്ര ആർച്ചർ ഒരു വിക്കറ്റ് നേടിയെങ്കിലും 61 റൺസാണു താരം വഴങ്ങിയത്. സ്പിന്നർമാരായ വിൽ ജാക്സും ആദിൽ റാഷിദും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.

CRICKET-ICC-MENS-T20-WC-2026-IND-ENG

ഇംഗ്ലണ്ടിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ്. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

CRICKET-ICC-MENS-T20-WC-2026-IND-ENG

ഇംഗ്ലണ്ടിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ്. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

English Summary:

India vs England, Twenty 20 World Cup Semi Final Match Live Updates

Read Entire Article