മുഷിയേണ്ട, സുഷിയാണ് !

1 week ago 2

വിനോദ് ഗോപി

Published: September 06, 2026 03:49 PM IST

1 minute Read

 മനോരമ
ബെംഗളൂരു സായ് കേന്ദ്രത്തിൽ ജാപ്പനീസ് വിഭവമായ ‘സാൽമൺ നിഗിരി സുഷി’ മേശയിൽ ക്രമീകരിക്കുന്ന എക്സിക്യൂട്ടീവ് ഷെഫ് വി.ജയരാജും ഷെഫ് വൈഭവ് സോണിയും. ചിത്രം: മനോരമ

സുഷി കഴിച്ചിട്ടുണ്ടോ’– ബെംഗളൂരു സായ് കേന്ദ്രത്തിലെ മെസിലേക്കു ചെന്നയുടൻ എക്സിക്യൂട്ടീവ് ഷെഫ് മധുര സ്വദേശി വി.ജയരാജ് ചോദിച്ചു. ജപ്പാനിലേക്കു പോകുംമുൻപ് ഇതൊക്കെ ട്രൈ ചെയ്യേണ്ടേ എന്നു ചോദിച്ച് ‘സാൽമൺ നിഗിരി’ സുഷിയെടുത്തു നീട്ടി. ജപ്പാനിൽ നിന്നു കൊണ്ടുവന്ന ചെറുമണികളായുള്ള അരി ചെറുതായി വേവിച്ച് അതിൽ വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്തിളക്കി ചെറിയൊരു ഉരുള, അതിനു മുകളിൽ പച്ച സാൽമൺ മീനിന്റെ ഒരു പാളി; അതാണു ജാപ്പനീസ് ക്ലാസിക് വിഭവമായ ‘സാൽമൺ നിഗിരി സുഷി’.

ഏഷ്യൻ ഗെയിംസിനു പോകുന്ന അത്‌ലീറ്റുകൾക്കു ജപ്പാനിലെ ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്താൻ ബെംഗളൂരു സായിയിലെ മെസിൽ സുഷി ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ വിളമ്പുന്നുണ്ട്. സുഷി വെജും നോൺ വെജുമുണ്ട്. അതിൽ തന്നെ പലതരം– സാൽമൺ നിഗിരി, ഉനാഗി നിഗിരി, ട്യൂണ ഉറാമാക്കി റോൾ, ചിക്കൻ ടെംപുറ ഉറാമാക്കി, ഫിഷ് ടെംപുറ പോപ്കോൺ ഉറാമാക്കി. മസാല അധികം ചേർക്കാതെ തയാറാക്കുന്നവയാണു ജാപ്പനീസ് ഭക്ഷണ വിഭവങ്ങളെന്നതിനാൽ ഇന്ത്യക്കാർക്കു അത്ര പ്രിയം പോരാ. അവിടെ ചെല്ലുമ്പോൾ ബുദ്ധിമുട്ട് തോന്നാതിരിക്കാനാണു സായിയിലെ അടുക്കളയിൽ നേരത്തേ തന്നെ ഈ വിഭവങ്ങൾ പാകം ചെയ്തു തുടങ്ങിയത്.

‘ആദ്യമൊക്കെ അത്‌ലീറ്റുകൾക്കു ജാപ്പനീസ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ സാൽമൺ നിഗിരി സുഷിയൊക്കെ അവർ ഇഷ്ടപ്പെട്ടു തുടങ്ങി’– ജയരാജ് പറഞ്ഞു. സുഷി മാത്രമല്ല, സഷീമി, റാമൻ നൂഡിൽസ് തുടങ്ങിയ മറ്റു തനതു ജാപ്പനീസ് വിഭവങ്ങളുമുണ്ട്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള അടുക്കളയാണു ബെംഗളൂരു സായിയിലേത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലെ എക്സിക്യൂട്ടീവ് ഷെഫുള്ള ഏക സായി കേന്ദ്രം. 35 പേരടങ്ങുന്ന സംഘമാണ് അടുക്കള പരിപാലനം. ന്യൂട്രീഷനിസ്റ്റുകളുടെ നിർദേശ പ്രകാരം അത്‌ലീറ്റുകൾക്ക് ഓരോരുത്തർക്കുമുള്ള വിഭവങ്ങൾ തയാറാക്കി കൊടുക്കാൻ ഷെഫുമാർ പ്രത്യേകം ശ്രദ്ധ വയ്ക്കും.

പരുക്കിൽനിന്നു മുക്തനായി ഫോമിലേക്കു മടങ്ങിയെത്തിയ സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്ലേയ്ക്ക് ‘മട്ടൻ പായ സൂപ്പാ’ണു തയാറാക്കി കൊടുക്കുന്നത്. ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന്റെ ഇഷ്ട വിഭവമേതാണ്? ‘മട്ടൻ ബിരിയാണി’– ഷെഫിന്റെ അടുക്കള രഹസ്യത്തിനൊപ്പം മെസിൽ മട്ടൻ ബിരിയാണിയുടെ മണം നിറഞ്ഞു.

English Summary:

Taste of Japan: SAI Centre Bengaluru Introduces Sushi to Athletes

Read Entire Article