ലോകകപ്പ് സെമി ഫൈനലിൽ തോറ്റ ടീമുകൾ തമ്മിലുള്ള ലൂസേഴ്സ് ഫൈനലിനു മുൻപ് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം പറഞ്ഞത് ഈ മത്സരം കളിക്കാൻ താൽപര്യമില്ലെന്നാണ്. മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് സെമി ഫൈനൽ കളിച്ച ടീമില്‍ ഏഴു മാറ്റങ്ങൾ കൂടി കൊണ്ടുവന്നപ്പോൾ, കിലിയൻ എംബപെയുടെ ഗോൾഡൻ ബൂട്ട് ഉറപ്പിക്കാൻ ഒരു മത്സരം എന്നു മാത്രമാണു കരുതിയത്. എന്നാൽ ആദ്യ പകുതിയിൽ ഇംഗ്ലണ്ടും രണ്ടാം പകുതിയിൽ ഫ്രാൻസും മൂന്നാം സ്ഥാനത്തിനു വേണ്ടി തകർത്തുകളിച്ചപ്പോൾ ഗ്രൗണ്ടിൽ സംഭവിച്ചത് ഈ ലോകകപ്പിലെ ഏറ്റവും വലിയ ത്രില്ലർ പോരാട്ടം. ഇരു ടീമുകളും ചേർന്ന് 10 ഗോളുകൾ അടിച്ചുകൂട്ടിയ മത്സരത്തിൽ 6–4ന് ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് വെങ്കല മെഡൽ സ്വന്തമാക്കി. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 4–0ന് മുന്നിലെത്തിയപ്പോൾ, രണ്ടാം പകുതിയിൽ ഫ്രാൻസും നാലു ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. അവസാന മിനിറ്റുകളിലെ ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം പിടിച്ചെടുത്തത്. ബുകായോ സാക്ക ഇംഗ്ലണ്ടിനായി ഹാട്രിക് തികച്ചു. 37, 45+1, 87 മിനിറ്റുകളിലായിരുന്നു സാക്കയുടെ ഗോളുകൾ.
ഫ്രാൻസിനായി 48,66 മിനിറ്റുകളില്‍ വല കുലുക്കിയതോടെ 2026 ലോകകപ്പിൽ കിലിയൻ എംബപെ നേടിയ ഗോളുകളുടെ എണ്ണം പത്തായി. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ പിന്നിലാക്കി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എംബപെ വീണ്ടും ഒന്നാമതെത്തി. 10 ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഈ ലോകകപ്പ് എഡിഷനിൽ എംബപെ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിൽ എംബപെയുടെ ആകെ ഗോളുകളുടെ എണ്ണം 22 ആയി. ഈ ലോകകപ്പിൽ മെസ്സിയുടെ പേരിൽ എട്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണുള്ളത്. സ്പെയിനെതിരായ ഫൈനലിൽ രണ്ടു ഗോളെങ്കിലും നേടിയാൽ മാത്രമാണ് മെസ്സിക്ക് വീണ്ടും എംബപെയ്ക്ക് ഒപ്പമെത്താൻ സാധിക്കുക. അല്ലെങ്കിൽ ഫ്രഞ്ച് യുവതാരം ഗോൾഡൻ ബൂട്ട് സ്വന്തമാക്കും.
What you should work next
ഇംഗ്ലണ്ടിന്റെ ഗോളടി മേളം
അർജന്റീനയോട് സെമി ഫൈനലിൽ തോറ്റ മത്സരത്തിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഏഴു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനൽ കളിക്കാനിറങ്ങിയത്. എന്നാൽ പകരക്കാരുടെ പകപ്പൊന്നും ഇംഗ്ലണ്ടിന്റെ കളിയിലുണ്ടായിരുന്നില്ല. ഇംഗ്ലണ്ട് ആദ്യ മിനിറ്റു മുതൽ ആക്രമണം തുടങ്ങിയതോടെ, ഫ്രാൻസിനു മറുപടിയില്ലാതായി. കളി തുടങ്ങിയതിനു തൊട്ടുപിന്നാലെ മൂന്നാം മിനിറ്റിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ ഞെട്ടിച്ചു. ഫ്രാൻസ് ചുവടുറപ്പിക്കുംമുൻപായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. ഫ്രഞ്ച് താരം ഡിസൈറെ ഡുവോയുടെ പാസിൽനിന്നു പന്തു പിടിച്ചെടുത്ത ഇംഗ്ലിഷ് ക്യാപ്റ്റൻ ഡെക്‌ലാൻ റൈസ് അതിവേഗം മുന്നോട്ടു കുതിച്ച് വലതു കാൽ കൊണ്ടു ലക്ഷ്യം കാണുകയായിരുന്നു. സ്കോർ 1–0. അഞ്ചാം മിനിറ്റിൽ ഫ്രാന്‍സിനായി കിലിയൻ എംബപെയുടെ മറുപടി നീക്കം പക്ഷേ ലക്ഷ്യം കണ്ടില്ല. പിന്നാലെ ഇംഗ്ലണ്ടിനായി മാർകസ് റാഷ്ഫോഡും എബരേചി എസെയും ഗോള്‍ ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടാം ഗോൾ അകന്നുനിന്നു.
തുടക്കത്തിൽ ഗോൾ വഴങ്ങിയ ഫ്രാൻസ് മറുപടിക്കായി അതിവേഗനീക്കങ്ങൾ തുടങ്ങി. റയാൻ ചിർക്കിയുടെ ഷോട്ട് ഇംഗ്ലണ്ട് ഗോളി ഹെൻഡേഴ്സൻ സേവ് ചെയ്തു. 11–ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ബുകായോ സാക്ക രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. (1–0). എന്നാൽ രണ്ടാം ഗോളിനായി ഇംഗ്ലണ്ടിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. സമനില ഗോളിനു വേണ്ടി ഫ്രാൻസ് പൊരുതുന്നതിനിടെയാണ് ഇംഗ്ലണ്ട് രണ്ടാം ഗോളടിച്ചത്.ആദ്യ ഗോളടിച്ച ഡെക്‌ലാൻ റൈസാണ് 18–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. കോർണറിൽനിന്ന് വന്ന പന്തിൽ ഫ്രാൻസിന്റെ പ്രതിരോധങ്ങളെ മറികടന്ന് തലവച്ച എസ്രി കൊൻസയ്ക്കു പിഴച്ചില്ല. ഇംഗ്ലണ്ട് 2–0ന് മുന്നിൽ.
What you should work next
28–ാം മിനിറ്റിൽ ഫ്രഞ്ച് താരം കിലിയൻ എംബപെയുടെ ഗോൾ ശ്രമം ഇംഗ്ലണ്ട് ഗോളി ഡീന്‍ ഹെൻഡേഴ്സൻ തടഞ്ഞു. പിന്നാലെ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.33–ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്ന് ഇംഗ്ലണ്ട് താരം മാർകസ് റാഷ്ഫോഡ് എടുത്ത ഷോട്ട് തകർപ്പൻ ഡൈവിങ്ങിലൂടെ ഫ്രഞ്ച് ഗോൾ കീപ്പർ രക്ഷപെടുത്തി. 37-ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡിന്റെ നീക്കത്തിലാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ പിറക്കുന്നത്. പന്തുമായി ബോക്സിലെത്തിയ റാഷ്ഫോഡ് പോസ്റ്റിലേക്ക് ഉന്നമിട്ടെങ്കിലും ഫ്രഞ്ച് ഗോൾ കീപ്പർ തടുത്തു. ഫ്രാൻസിന്റെ കടുത്ത പ്രതിരോധത്തിനിടെ വീണ്ടും പന്തു ലഭിച്ചതോടെ ബോക്സിൽ ഏതാനും നീക്കങ്ങൾ നടത്തിയ ശേഷം റാഷ്ഫോഡ് ബുകായോ സാക്കയ്ക്കു പാസ് നൽകി. ഫസ്റ്റ് ടൈം ഷോട്ടിനു ശ്രമിച്ച സാക്ക ഫ്രഞ്ച് ഗോളി ഹെൻഡേഴ്സനെ മറികടന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് എബരെചി എസെയുടെ അസിസ്റ്റിൽ ബുകായോ സാക്ക ഇംഗ്ലണ്ടിന്റെ നാലാക്കി ഉയർത്തി.
ഫ്രാൻസിന്റെ കം ബാക്ക്, വിട്ടുകൊടുക്കാതെ ഇംഗ്ലണ്ട്
ഗോൾ മടക്കുക ലക്ഷ്യമിട്ട് രണ്ടാം പകുതിക്കു മുന്‍പ് നാലു മാറ്റങ്ങളാണ് ഫ്രാൻസ് കൊണ്ടുവന്നത്. ഇബ്രാഹിമ കൊനാറ്റെ, ഡിസൈറെ ഡുവോ, തിയോ ഹെർണാണ്ടസ്, റയാൻ ചെർക്കി എന്നിവര്‍ ബെഞ്ചിലേക്കു മടങ്ങി. ഒസ്മാൻ ഡെംബലെ, ലുകാസ് ഡിഗ്നെ, ബ്രാഡ്‌ലി ബാർകോള, ഡയോറ്റ് ഉപാമെകാനോ എന്നിവർ പകരക്കാരായി. അതു കളി മാറ്റി. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇംഗ്ലണ്ട് ബോക്സിലേക്ക് ഫ്രാൻസിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾ വന്നു. 48–ാം മിനിറ്റിൽ മിച്ചൽ ഒലിസെയുടെ അസിസ്റ്റിൽ കിലിയൻ എംബപെ ഫ്രാൻസിന്റെ ആദ്യ ഗോൾ കണ്ടെത്തി. തൊട്ടുപിന്നാലെ 54–ാം മിനിറ്റിൽ ഫ്രാൻസിന്റെ രണ്ടാം ഗോൾ വന്നു.കൗണ്ടർ ആക്രമണത്തിൽ കിലിയൻ എംബപെയുടെ പാസിലാണ് ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടിയത്. ഇതോടെ എംബപെയുടെ അസിസ്റ്റുകളുടെ എണ്ണവും നാലായി. 66–ാം മിനിറ്റിൽ മിച്ചൽ ഒലിസെയുടെ അസിസ്റ്റിലാണ് എംബപെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. പൊരുതിക്കയറിയ ഫ്രാൻസ് മത്സരത്തിലേക്കു തിരിച്ചുവരികയാണെന്നു മനസ്സിലാക്കിയ ഇംഗ്ലണ്ട് പ്രതിരോധം ശക്തമാക്കി.
75–ാം മിനിറ്റിൽ ഫ്രാൻസിനായി സമനില ഗോൾ പിടിക്കാൻ മിച്ചൽ ഒലിസെയുടെ ശ്രമം. എന്നാൽ താരത്തിന്റെ ഷോട്ട് വൈഡായി പുറത്തേക്കാണു പോയത്. രണ്ടാം പകുതിയുടെ ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം മത്സരത്തിലേക്കു തിരിച്ചെത്തിയ ഇംഗ്ലണ്ട് ഫ്രാൻസിന്റെ നിയന്ത്രണം തട്ടിയെടുക്കാനാണു ശ്രമിച്ചത്. 79–ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിനെയും ഇലിയറ്റ് ആൻഡേഴ്സനെയും ഇംഗ്ലണ്ട് ഇറക്കി. ഗ്രൗണ്ടിൽ ഇറങ്ങിയതിനു പിന്നാലെ 80–ാം മിനിറ്റിൽ ബെല്ലിങ്ങാം നടത്തിയ ഗോൾ ശ്രമം, ഫ്രഞ്ച് ഗോളി തട്ടിയകറ്റി. 85–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ജെഡ് സ്പെന്‍സിനെ ഫ്രാൻസിന്റെ മലോ ഗസ്തോ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ബുക്കായോ സാക്ക പന്തു കൃത്യമായി വലയിലെത്തിച്ച് ഹാട്രിക് പൂർത്തിയാക്കി. 5–3. ജിയോഫ് ഹസ്റ്റ് (1966), ഹാരി ലിനേകർ (1986), ഹാരി കെയ്ൻ (2018) എന്നിവർക്കു ശേഷം ലോകകപ്പിൽ ഹാട്രിക് തികയ്ക്കുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബുക്കായോ സാക്ക.
രണ്ടാം പകുതിക്ക് ഏഴു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. മത്സരം 5-3 ന് അവസാനിക്കും എന്നു കരുതിയിരിക്കെ പകരക്കാരൻ താരം ഉസ്മാൻ ഡെംബലെ ഫ്രാൻസിന്റെ നാലാം ഗോൾ നേടി. തീർന്നിട്ടില്ല! ഇൻജറി ടൈമിന്റെ എട്ടാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോളുകളുടെ എണ്ണം ആറാക്കി ജൂഡ് ബെല്ലിങ്ങാം കളിക്ക് ഫുൾ സ്റ്റോപ്പിട്ടു. റഫറി ഫുൾ ടൈം വിസിൽ മുഴക്കിയതോടെ മത്സരത്തിലെ മൂന്നാം സ്ഥാനം പിടിച്ചെടുത്ത് ഇംഗ്ലണ്ടിന്റെ കുതിപ്പ്. തോറ്റവരുടെ കളിയെന്നു പറഞ്ഞ് ഈ മത്സരം കാണാതിരുന്നവർക്ക് നഷ്ടമായത് ലോകകപ്പിലെ വാശിയേറിയൊരു ഗോൾ വിരുന്നു കൂടിയാണ്.
English Summary:





English (US) ·