Published: June 25, 2026 08:50 AM IST
1 minute Read
മെക്സിക്കോ സിറ്റി∙ ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച് നോക്കൗട്ട് പ്രവേശനം ആഘോഷമാക്കി ആതിഥേയരായ മെക്സിക്കോ. അവസാന പോരാട്ടത്തിൽ ചെക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് മെക്സിക്കോ തകർത്തുവിട്ടത്. ഇതോടെ എ ഗ്രൂപ്പിൽ ഒന്നാമതുള്ള മെക്സിക്കോയ്ക്ക് ഒന്‍പതു പോയിന്റായി. ജൂലൈ ഒന്നിന് മെക്സിക്കോ സിറ്റിയിൽവച്ചാണ് മെക്സിക്കോയുടെ നോക്കൗട്ട് പോരാട്ടം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 2–0നും രണ്ടാം പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ 1–0നും മെക്സിക്കോ തകര്‍ത്തിരുന്നു.
ചെക് റിപ്പബ്ലിക്കിനെതിരെ മത്തിയോ ഷാവെസ് (55), ജൂലിയൻ ക്വിനോനസ് (61), അൽവാരോ ഫിദാൽഗോ (90+4) എന്നിവരാണ് മെക്സിക്കോയുടെ ഗോൾ സ്കോറർമാർ. ആദ്യ പകുതിയിൽ മെക്സിക്കോയെ ചെക്ക് റിപ്പബ്ലിക് സമനിലയിൽ തളച്ചെങ്കിലും രണ്ടാം പകുതിയിൽ ആതിഥേയര്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. രണ്ടാം പകുതിയുടെ 55–ാം മിനിറ്റിൽ ലുയിസ് റോമോയുടെ അസിസ്റ്റിലാണ് മതിയോ ഷാവേസ് ആദ്യ ലീഡെടുത്തത്. മധ്യവരയ്ക്കു സമീപത്തുനിന്ന് പന്തെടുത്ത ഷാവേസ്, ചെക് താരം മതേജ് കൊവാറിനെ വെട്ടിച്ച് ബോക്സിലേക്ക് ഇരച്ചുകയറി അതിവേഗം ഗോള്‍ നേടുകയായിരുന്നു. ആറു മിനിറ്റുകൾക്കുള്ളിൽ മെക്സിക്കോ ലീഡ് രണ്ടാക്കി ഉയർത്തി. പന്തുമായി ബോക്സിലെത്തിയ ജോർജ് സാഞ്ചസിന്റെ ഗോൾ ശ്രമം ചെക് റിപ്പബ്ലിക് ഗോളി മതേജ് കൊവാർ പ്രതിരോധിച്ചു. പക്ഷേ ഗോൾ ഏരിയയിലുണ്ടായിരുന്നു ജൂലിയൻ ക്വിനോനസ്, പന്തു പ്രതിരോധിക്കാനുള്ള ചെക് താരങ്ങളുടെ നീക്കം മറികടന്ന്, വലയിലേക്കു തട്ടിയിട്ടു. സ്കോർ 2–0.
What you should work next
രണ്ടാം പകുതിയുടെ ഇൻജറി ടൈമിലാണ് മെക്സിക്കോയുടെ മൂന്നാം ഗോളെത്തിയത്. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് റോബർട്ടോ അൽവരാഡോ നൽകിയ ക്രോസ് പിടിച്ചെടുത്ത് പോസ്റ്റിലെത്തിച്ചത് അൽവാരോ ഫിദാൽഗോ. ലോകകപ്പിലെ രണ്ടാം തോൽവി വഴങ്ങിയതോടെ ചെക്ക് റിപ്പബ്ലിക്ക് നോക്കൗട്ട് കാണാതെ പുറത്തായി. ഒരു സമനില മാത്രം നേടി ചെക്ക് റിപ്പബ്ലിക്ക് ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്. മെക്സിക്കോയുടെ സൂപ്പർ താരം ഗില്ലർമോ ഒച്ചോവ ചെക് റിപ്പബ്ലിക്കിനെതിരെ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയിരുന്നു.
English Summary:





English (US) ·