Published: November 15, 2026 02:12 PM IST
1 minute Read
4x400 മീറ്റർ റിലേ യോഗ്യതാ റൗണ്ടിൽ 3:19.71 മിനിറ്റിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കേരളത്തിനു പിന്നിലായിരുന്നു ഉത്തർപ്രദേശും തമിഴ്നാടും. എന്നാൽ ഇന്നലെ ഫൈനൽ റൗണ്ടിലെത്തിയപ്പോൾ കേരളം മൂന്നാമതായി. ഉത്തർപ്രദേശും തമിഴ്നാടും ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. ഇതോടെ യോഗ്യതാ റൗണ്ടിൽ മൂന്നാമതായിരുന്ന ഉത്തർപ്രദേശിന് സ്വർണവും രണ്ടാമതായിരുന്ന തമിഴ്നാടിന് വെള്ളിയും; കേരളത്തിനു വെങ്കലവും. ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനത്തിലും നിലവിലെ ചാംപ്യൻമാരായ കേരളത്തിനു നിരാശ.
ഇതുവരെ കഴിഞ്ഞ 10 ഫൈനലുകളിൽ ഒരു വെള്ളിയും വെങ്കലവും മാത്രമാണ് കേരളത്തിനു നേടാനായത്. കേരളം മികച്ച റിസൾട്ട് പ്രതീക്ഷിച്ചിരുന്ന 4x400 മീറ്റർ റിലേയിലാണ് വെങ്കലം. പി.കെ.ആദിത്, എൻ.അനുദേവ്, കെ.എസ്.സമർജിത്, അർച്ചിത് എസ്.നായർ എന്നിവരാണു ടീമംഗങ്ങൾ. ഇതുവരെ 4 സ്വർണവും 2 വെള്ളിയും 2 വെങ്കലവുമായി പട്ടികയിൽ ഒന്നാമതാണ് യുപി. രണ്ടാമതുള്ള തമിഴ്നാടിന് 2 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും.
യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളിൽ പലരും ഫൈനൽ മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് കേരളത്തിനു തിരിച്ചടിയാകുന്നത്. പോൾവോൾട്ടിൽ കേരളത്തിന്റെ ടി.എസ്.മിലൻ അഞ്ചാം സ്ഥാനവും 110 മീറ്റർ ഹഡിൽസിൽ ഗൗരേഷ് ബിനോയ് നാലാം സ്ഥാനവുമാണ് നേടിയത്. ഇന്ന് 800 മീറ്റർ, 5 കിലോമീറ്റർ നടത്തം എന്നീ ഫൈനലുകളിൽ കേരള താരങ്ങൾ ട്രാക്കിലിറങ്ങും.
English Summary:





English (US) ·