ഒരുവശത്ത് ആക്രമണത്തിന്റെ ഗരുഡവ്യൂഹം, മറുവശത്തു പ്രതിരോധത്തിന്റെ ചക്രവ്യൂഹം. അർജന്റീന – സ്പെയിൻ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ഇന്നു രാത്രി 12.30നു ന്യൂജഴ്സി സ്റ്റേഡിയത്തിൽ. ലയണൽ മെസ്സിയെ തലയാക്കി, യൂലിയൻ അൽവാരസിനെയും എൻസോ ഫെർണാണ്ടസിനെയും ചിറകാക്കി ഗരുഡവ്യൂഹമൊരുക്കുന്ന അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോനിക്കു മുന്നിലുള്ളതു പറന്നുകൊത്തുന്ന ആക്രമണ തന്ത്രം.
What you should work next
ഉള്ളിലേക്കു കയറുന്തോറും തിരിച്ചിറക്കം അസാധ്യമാകുന്ന കടുത്ത പ്രതിരോധത്തിന്റെ ചക്രവ്യൂഹമൊരുക്കി കാത്തിരിക്കുകയാണു സ്പെയിൻ. പല വലയങ്ങൾ ഭേദിച്ച് ഉള്ളിലെത്താൻ കഴിഞ്ഞാലും ടൂർണമെന്റിലെ ഒന്നാം നമ്പർ ഗോൾകീപ്പർ ഉനായ് സീമോണിനെ കൂടി മറികടക്കാനാകണം. ലമീൻ യമാലും മിക്കൽ ഒയർസബാലും അലക്സ് ബയേനയും നയിക്കുന്ന ആക്രമണനിര ചക്രം കറക്കെ കറങ്ങിയാക്രമിക്കാൻ വിദഗ്ധർ.
സ്പാനിഷ് ക്ലബ് ബാർസിലോനയുടെ ഭൂതകാലമായ മുപ്പത്തൊമ്പതുകാരൻ മെസ്സിയെ ബാർസയുടെ ഭാവികാലമായ പത്തൊമ്പതുകാരൻ യമാൽ നേരിടുമ്പോൾ ജേതാവ് മടങ്ങുന്നതു ലോകകിരീടവുമായാകും. നിലവിലെ ചാംപ്യന്മാരായ അർജന്റീന കിരീടം നിലനിർത്തിയാൽ 64 വർഷത്തിനിടെ ആദ്യമായി കിരീടനേട്ടം ആവർത്തിക്കുന്ന ചാംപ്യന്മാർ എന്ന ചരിത്രം പിറക്കും. സ്പെയിൻ ജയിച്ചാൽ അവരുടെ രണ്ടാമത്തെ ലോകകിരീടമാകും.
സ്പെയിൻ
- പരിശീലകൻ: ലൂയിസ് ഡി ലാ ഫ്യുവന്തെ
- ക്യാപ്റ്റൻ: റോഡ്രി
- ഗോൾ കീപ്പർ: ഉനായ് സിമോൻ
- നേടിയ ഗോൾ: 13
- ടോപ് സ്കോറർ: മിക്കൽ ഒയാർസബാൽ (5)
- ടോപ് അസിസ്റ്റ്: മാർക്ക് കുക്കുറേയ (2), ഡാനി ഒൽമോ (2)
- വഴങ്ങിയ ഗോൾ: 1
- ഗോൾ ശ്രമങ്ങൾ: 120
- ആകെ പാസുകൾ: 4592
- പാസിങ് കൃത്യത: 91%
- കൂടുതൽ പാസുകൾ: റോഡ്രി (694)
- പന്തവകാശം: 58%
- ക്ലീൻ ഷീറ്റ്: 6
- ഗോൾകീപ്പർ സേവുകൾ: 14
- ടീമിന്റെ ശരാശരി വേഗം: 6.08 കി.മീ/മണിക്കൂർ
അർജന്റീന
- പരിശീലകൻ: ലയണൽ സ്കലോനി
- ക്യാപ്റ്റൻ: ലയണൽ മെസ്സി
- ഗോൾ കീപ്പർ: എമിലിയാനോ മാർട്ടിനെസ്
- നേടിയ ഗോൾ: 19
- ടോപ് സ്കോറർ: ലയണൽ മെസ്സി (8)
- ടോപ് അസിസ്റ്റ്: ലയണൽ മെസ്സി (4)
- വഴങ്ങിയ ഗോൾ : 5
- ഗോൾ ശ്രമങ്ങൾ: 113
- ആകെ പാസുകൾ: 4772
- പാസിങ് കൃത്യത: 91%
- കൂടുതൽ പാസുകൾ: ലിയാൻഡ്രോ പരേഡെസ് (521)
- പന്തവകാശം: 55 %
- ക്ലീൻ ഷീറ്റ്: 2
- ഗോൾകീപ്പർ സേവുകൾ: 9
- ടീമിന്റെ ശരാശരി വേഗം: 5.6 കി.മീ/മണിക്കൂർ
ഗെയിം പ്ലാൻ: സ്പെയിൻഗ്രൂപ്പ് ഘട്ടം മുതൽ സെമിവരെയുള്ള ഏഴു മത്സരങ്ങളിലായി ശരാശരി 63.7% ആണു സ്പെയിനിന്റെ പന്തവകാശം. പ്രതിരോധത്തിലൂന്നി പൊസഷൻ കേന്ദ്രീകൃത ഷോർട് പാസിങ് ഗെയിം തന്നെയാകും സ്പെയിൻ ഫൈനലിലും കളിക്കുക. പന്തിനു വേണ്ടിയുള്ള ഓട്ടം നിഴലിനെ പിന്തുടരുന്നതു പോലെയാണ് എതിരാളിക്ക് അനുഭവപ്പെടുക. മാനസികമായി എതിരാളിയെ വിധേയപ്പെടുത്താൻ ഇതിലൂടെ അവർക്കു കഴിയുന്നു. ഫ്രാൻസിനും ഇതാണു സംഭവിച്ചത്. പൊസിഷൻ മാറുന്ന താരങ്ങൾക്കു പ്രതിരോധ വിള്ളലുകൾ എളുപ്പം കണ്ടെത്താനും ഗോൾ കണ്ടെത്താനും കഴിയും.
പെദ്രോ പോറോയും മാർക് കുക്കുറേയയും പന്തുമായി നടത്തുന്ന ദീർഘദൂര ഓട്ടങ്ങൾ ഇവരെ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. പന്ത് കൈവശം വയ്ക്കുന്നതു പോലെ തന്നെ നഷ്ടപ്പെട്ട പന്ത് തിരിച്ചെടുക്കാനുള്ള സ്പെയിൻ താരങ്ങളുടെ ആവേശവും അർജന്റീനയ്ക്കു വെല്ലുവിളി സൃഷ്ടിക്കും. ലൂസ് ബോളുകൾ കൈവശപ്പെടുത്തി റോഡ്രിയും ഫാബിയൻ റൂയിസും ഡാനി ഒൽമോയും കൗണ്ടർ അറ്റാക്കുകൾ നയിക്കും. ഇത്രത്തോളം ‘പൊസിഷനൽ അവയർനെസ്’ ഉള്ള മറ്റൊരു മിഡ്ഫീൽഡ് സംഘമില്ല. മുന്നേറ്റനിരയിൽ ബയേന, ഒയാർസബാൽ, യമാൽ ത്രയം അഗ്രസീവ് പ്രസിങ്ങിന്റെ വക്താക്കൾ. വിങ്ങിൽ യമാലിന്റെ ഓരോ മുന്നേറ്റവും അർജന്റീനയുടെ ചങ്കിടിപ്പിക്കും.
ഗെയിം പ്ലാൻ: അർജന്റീനസ്പെയിനിന്റെ പൊസഷൻ ഫുട്ബോളിന് അർജന്റീനയുടെ മറുപടി പവർഹൗസ് ഫുട്ബോളാണ്. ജീവൻ കൊടുത്തു കളിക്കുന്ന ലയണൽ മെസ്സിയെ മുന്നിൽ നിർത്തി തകർക്കാൻ കഴിയാത്ത മനോബലവുമായാണ് അർജന്റീനയിറങ്ങുക. തോൽവി അരികിലെത്തി നിൽക്കുമ്പോൾ പോലും അവസാന മിനിറ്റുകളിലെ ഗോളുകളിലൂടെ ജയിച്ചുകയറുന്നത് അവർക്കു ശീലമായി. കഴിഞ്ഞ 7 കളികളിലെ 19 ഗോളുകളിൽ 12 എണ്ണവും അവർ നേടിയത് 75 മിനിറ്റിനു ശേഷം. ഓരോ നീക്കത്തിലും ശരാശരി 5.4 പാസുകളെന്ന കണക്കിൽ ക്ഷമയോടെയുള്ള മുന്നേറ്റത്തിന്റെ കണക്ക് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ശരാശരിയാണ്. വിങ്ങുകളിലൂടെയല്ല, മെസ്സികൂടി പങ്കാളിയായി മിഡ്ഫീൽഡ് കോംബിനേഷനുകളിലൂടെയാണ് അവർ ഇന്നും ആക്രമണം നയിക്കുക. കടുത്ത മാർക്കിങ് തുടരുമ്പോഴും ടൂർണമെന്റ് ടോപ്സ്കോററായി ഗോളടി തുടരുന്ന മെസ്സിയിൽ കേന്ദ്രീകരിച്ചാകും അവരുടെ ആക്രമണതന്ത്രങ്ങൾ.
കളി ടോപ്ഗീയറിലേക്കു തിരിക്കേണ്ട അവസാന മിനിറ്റുകളിൽ മെസ്സി വലതു വിങ്ങിലേക്കു മാറി ക്രോസുകൾ ഉതിർത്തു തുടങ്ങുന്നതു സ്പെയിൻ എങ്ങനെ ചെറുക്കുമെന്നു കാത്തിരുന്നു കാണണം. ബോക്സിനകത്തും പുറത്തും സങ്കീർണ ആംഗിളുകളിൽ പോലും സ്കോർ ചെയ്യാനുള്ള മികവ് എൻസോ ഫെർണാണ്ടസും ലൗറ്റാരോ മാർട്ടിനസും തുടർന്നാൽ സ്പാനിഷ് പ്രതിരോധം വിയർക്കും. യൂലിയൻ അൽവാരസിന്റെ എനർജിയും ലോങ്റേഞ്ചർ ശേഷിയും അർജന്റീനയ്ക്കു കരുത്താകും. ശരാശരി 55% പൊസഷൻ നിലനിർത്താനും ടൂർണമെന്റിലേറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്യാനും വഴിയൊരുക്കിയതു മിഡ്ഫീൽഡിലെ ആക്രമണോൽസുകതയാണ്. ലിയാൻഡ്രോ പരേഡസും അലക്സിസ് മക്കാലിസ്റ്ററും റോഡ്രിഗോ ഡിപോളും അടങ്ങുന്ന മധ്യനിര സ്പെയിന്റെ റോഡ്രിയും റൂയിസും തമ്മിലെ കണ്ണിമുറിക്കാനാകും ശ്രമിക്കുക. ഇതോടെ ഒൽമോ വഴി യമാലിലേക്കും ഒയാർസബാലിലേക്കുമുള്ള പന്തൊഴുക്കു തടസ്സപ്പെടും. നിക്കോളാസ് ടാഗ്ലിയഫിക്കോ, ലിസാന്ദ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, നഹുവേൽ മൊളീന എന്നിവരടങ്ങിയ പ്രതിരോധനിര പ്രസിങ്ങിനും ശേഷിയുള്ളവരാണെങ്കിലും ടൂർണമെന്റിലാകെ ഏഴു ഗോളുകൾ വഴങ്ങി എന്നതിനാൽ ഈയൊരു ദൗർബല്യമാകും അർജന്റീനയെ അലട്ടുക.
What you should work next
നടക്കും മെസ്സി!39–ാം വയസ്സിലും എട്ടു ഗോളുകൾ. അർജന്റീനയുടെ19 ഗോളുകളിൽ 12എണ്ണം മെസ്സി നേടിയവയോ അസിസ്റ്റ് കൊടുത്തവയോ ആണ്. സ്പെയിൻ നേരിടുന്ന പ്രാഥമിക വെല്ലുവിളിയായി മെസ്സി മാറുന്നതെങ്ങനെയെന്ന ചോദ്യത്തിനുത്തരം ലഭിക്കാൻ 90 മിനിറ്റും മെസ്സിയിലേക്കു മാത്രം നോക്കിയാൽ മതി. കളിയുടെ ഭൂരിഭാഗം സമയവും മെസ്സി ഗ്രൗണ്ടിൽ നിൽക്കുകയോ നടക്കുകയോ ആണ്. ഉചിതമായ സമയങ്ങളിൽ മാത്രമുള്ള ഓട്ടവുമായി അദ്ദേഹം അവസാന മിനിറ്റുകളിലെ കൂട്ടപ്പൊരിച്ചിലിനു വേണ്ടി എനർജി കൺസർവേഷൻ ഫലപ്രദമായി നടപ്പാക്കുന്നു. ഏഴു കളികളിലായി 35,868 മീറ്ററാണു മെസ്സി മൈതാനത്തു താണ്ടിയത്. അതിൽ 22,958 മീറ്ററും ശരാശരി 7 കിലോമീറ്ററിൽ താഴെ വേഗത്തിൽ. അതായതു നടപ്പിന്റെ വേഗം മാത്രം.
ഞങ്ങൾ ശക്തമായി പൊരുതും:മെസ്സിഫൈനലിൽ തങ്ങൾ സർവശക്തിയുമെടുത്ത് പോരാടുമെന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പ് ഫൈനലിന് മുന്നോടിയായി സംഘടിപ്പിച്ച കായികതാരങ്ങൾ തമ്മിലുള്ള സംഭാഷണ പരിപാടി ‘ഫനാറ്റിക് ഫെസ്റ്റിൽ’ സംസാരിക്കുകയായിരുന്നു മെസ്സി. സ്പാനിഷ് സൂപ്പർതാരം ലമീൻ യമാൽ കുഞ്ഞായിരിക്കുമ്പോൾ മെസ്സി കുളിപ്പിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു വിചിത്രമായ ചിത്രമാണ് എന്നും അർജന്റീന നായകൻ മറുപടി നൽകി. നൊവാക് ജോക്കോവിച്ച് അടക്കം ഒട്ടേറെ കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
സ്പെയിനിന് വേണ്ടത് വിജയദാഹം: റോഡ്രിഅർജന്റീനയോടുള്ള ഭയത്തെക്കാൾ വിജയദാഹമാണ് തങ്ങൾ ഫൈനലിൽ കാണിക്കേണ്ടതെന്ന് സ്പെയിൻ നായകൻ റോഡ്രി. ലയണൽ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനാണ്. എന്നാൽ, അർജന്റീന ടീമിൽ മെസ്സിയെ മാത്രം പേടിച്ചാൽ പോരാ. തിരിച്ചുവരവുകൾ ശീലമാക്കിയ ടീമാണത്. സെമിഫൈനലിൽ ഫ്രാൻസിനോടു കളിച്ചതിനെക്കാൾ കായികശക്തി ഉപയോഗിച്ച് കളിക്കേണ്ടിവരും. തങ്ങൾക്ക് ചെറിയ ബലഹീനതകൾ ഉണ്ടെന്നും എന്നാൽ അവയെല്ലാം പരിഹരിക്കുമെന്നും റോഡ്രി പറഞ്ഞു.
English Summary:





English (US) ·