‘മെസ്സി നടക്കുകയല്ല, ചരിത്രം എവിടെ എഴുതണമെന്ന് ആലോചിക്കുകയാണ്’: ഇടംകാലൻ ഷോട്ടിൽ വീണ്ടുമൊരു റെക്കോർഡ്; അർജന്റീനയ്ക്ക് ഇനി ‘ഈസി’?

3 weeks ago 3

വി.പി. ഇസഹാഖ്

വി.പി. ഇസഹാഖ്

Published: June 28, 2026 12:36 PM IST Updated: June 28, 2026 01:56 PM IST

3 minute Read

ഫിഫ ലോകകപ്പിൽ ജോർദനെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയുടെ ആഹ്ലാദം.  (Photo by Paul ELLIS / AFP)
ഫിഫ ലോകകപ്പിൽ ജോർദനെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയുടെ ആഹ്ലാദം. (Photo by Paul ELLIS / AFP)

ടെക്സസസിന്റെ ഹൃദയഭാഗത്തെ ഡാലസ് നഗരത്തിന് ഈ ദിവസം ഒരു അർജന്റീനൻ നഗരത്തിന്റെ പ്രതീതിയായിരുന്നു. ആകാശത്ത് അസ്തമയത്തിന്റെ ചായക്കൂട്ടുകൾ മായും മുൻപേ, സ്റ്റേഡിയത്തിന്റെ ഗാലറികളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ അണിഞ്ഞിരുന്നത് നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായങ്ങളായിരുന്നു. അവർ അവിടെയെത്തിയത് വെറുമൊരു ഫുട്ബോൾ മത്സരം കാണാനായിരുന്നില്ല, കാൽപ്പന്തിന്റെ ചരിത്രപുസ്തകത്തിൽ വീണ്ടുമൊരു സുവർണ അധ്യായം എഴുതിച്ചേർക്കപ്പെടുന്നത് നേരിട്ട് സാക്ഷ്യം വഹിക്കാനായിരുന്നു. ജോർദനെതിരെയുള്ള മത്സരം ഗ്രൂപ്പ് ഘട്ടത്തിലെ വെറുമൊരു കടമ മാത്രമായിരുന്നു അർജന്റീനയ്ക്ക്. നോക്കൗട്ട് റൗണ്ടിലേക്ക് മുൻപേ ടിക്കറ്റെടുത്ത ലോകചാംപ്യന്മാർക്ക് അതൊരു പരീക്ഷണ മത്സരം മാത്രമാകും. എന്നാൽ, ഗാലറിക്ക് അതൊരു കാത്തിരിപ്പായിരുന്നു – തങ്ങളുടെ പ്രിയപ്പെട്ട 'മിശിഹാ' കളത്തിലേക്ക് ഇറങ്ങിവരുന്ന ആ നിമിഷത്തിനായുള്ള കാത്തിരിപ്പ്.

What you should work next

സൂര്യതാപമേറ്റ ഡാലസ് രാത്രിയിൽ കോച്ച് ലയണൽ സ്കലോണി തന്റെ പരീക്ഷണക്കൂട്ടുകൾ പുറത്തെടുത്തു. 9 പേരെ മാറ്റിയാണ് ആദ്യ ഇലവൻ ഇറക്കിയത്, ലയണൽ മെസ്സിയെന്ന നായകനെ അദ്ദേഹം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതുമില്ല. പകരക്കാരുടെ ബെഞ്ചിൽ ശാന്തനായി ഇരിക്കുന്ന ആ 39 വയസ്സുകാരനെ ഇടയ്ക്കിടെ സ്റ്റേഡിയത്തിലെ സ്ക്രീനിൽ കാണിക്കുമ്പോഴെല്ലാം ആരാധകർ ഇളകിമറിഞ്ഞു. മെസ്സിയില്ലാത്ത അർജന്റീന എങ്ങനെയുണ്ടാകും എന്ന ചോദ്യത്തിന് മറുപടി നൽകാൻ യുവനിര ശ്രമിച്ചു. പത്തൊൻപതാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ ഇടംകാലൻ ഫ്രീക്കിക്ക് ജോർദൻ വലയിലേക്ക് വളഞ്ഞിറങ്ങിയപ്പോൾ ഗാലറി ആദ്യമായി നൃത്തമാടി. ഈ ലോകകപ്പിൽ മെസ്സിയല്ലാതെ മറ്റൊരു താരം അർജന്റീനയ്ക്കായി നേടുന്ന ആദ്യ ഗോളായിരുന്നു അത്. അധികം വൈകാതെ, മുപ്പത്തിയൊന്നാം മിനിറ്റിൽ പെനൽറ്റി ബോക്സിലെ വീഴ്ചയ്ക്ക് പകരമായി ലഭിച്ച കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലൗറ്റാരോ മാർട്ടിനെസസ് ലീഡ് രണ്ടായി ഉയർത്തി.

ജോർദനെതിരെ അർജന്റീനയ്‍ക്കായി ഗോൾ നേടിയ ജിയോവാനി ലോ സെൽസോ. (X/@FIFAWorldCup)

ജോർദനെതിരെ അർജന്റീനയ്‍ക്കായി ഗോൾ നേടിയ ജിയോവാനി ലോ സെൽസോ. (X/@FIFAWorldCup)

∙ കളത്തിലേക്ക് രാജാവിന്റെ എഴുന്നള്ളത്ത്

എന്നാൽ ഫുട്ബോൾ എപ്പോഴും അപ്രതീക്ഷിത ട്വിസ്റ്റുകളാൽ സമ്പന്നമാണ്. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റായപ്പോൾ ജോർദന്റെ മൂസ അൽതമാരി അർജന്റീനൻ പ്രതിരോധത്തിന്റെ കോട്ടവാതിൽ ഭേദിച്ച് ഒരു ഗോൾ മടക്കി. സ്കോർ 2-1. കളിയുടെ താളം അൽപം തെറ്റുന്നുവെന്ന് തോന്നിയ നിമിഷം, ഡാലസിലെ സ്റ്റേഡിയം ഒന്നടങ്കം ഒരു മന്ത്രം പോലെ ആ പേര് വിളിക്കാൻ തുടങ്ങി, ‘മെസ്സി... മെസ്സി...’

അവസാനം ആരാധകരുടെ ആ കാത്തിരിപ്പിന് വിരാമമായി. അൻപത്തിയൊൻപതാം മിനിറ്റിൽ, ലോകം കാത്തിരുന്ന നിമിഷം വന്നെത്തി. സബ്സ്റ്റിറ്റ്യൂഷൻ ബോർഡ് ഉയർന്നു. ലൗറ്റാരോ മാർട്ടിനെസസിന് പകരക്കാരനായി, മൈതാനത്തെ തൊട്ട് വണങ്ങി ലയണൽ മെസ്സി നടന്നടുത്തു. ആ നിമിഷം സ്റ്റേഡിയത്തിലെ പതിനായിരങ്ങൾ ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു. അതൊരു വെറും മാറ്റമായിരുന്നില്ല, മറിച്ച് ഒരു യുദ്ധക്കളത്തിലേക്ക് സർവസൈന്യാധിപൻ തിരികെ വരുന്നതുപോലെയായിരുന്നു.

മെസ്സി കളത്തിലിറങ്ങിയതോടെ കളിയുടെ ആത്മാവ് തന്നെ മാറിമറിഞ്ഞു. ആദ്യ മിനിറ്റുകളിൽ അദ്ദേഹം മൈതാനത്തിന്റെ മധ്യഭാഗത്ത് സാവധാനം നടക്കുകയായിരുന്നു, ഇരയെ കാത്തിരിക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ. ജോർദന്റെ പ്രതിരോധ നിര മെസ്സിയുടെ ഓരോ ചലനങ്ങളെയും ഭയത്തോടെയാണ് വീക്ഷിച്ചത്. തൊട്ടടുത്ത നിമിഷങ്ങളിൽ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഭാഗ്യം അൽപം അകന്നുനിന്നു. എങ്കിലും, ആ കാൽപന്ത് മന്ത്രവാദി കളത്തിലുണ്ടെന്ന ബോധ്യം അർജന്റീനൻ നിരയ്ക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ‘മെസ്സി മൈതാനത്ത് നടക്കുകയല്ല, മറിച്ച് അടുത്ത ചരിത്രം എവിടെ എഴുതണം എന്ന് ആലോചിക്കുകയാണ്.’ - എന്നാണ് ഡാലസിൽ നിന്ന് ഒരു ആരാധകൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

∙ ചരിത്രത്തിലേക്കൊരു ഇടംകാലൻ കിക്ക്

കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ബാക്കിനിൽക്കെ, ബോക്സിന് തൊട്ടുപുറത്ത് വച്ച് മെസ്സിയെ ജോർദൻ പ്രതിരോധം ഫൗൾ ചെയ്ത് വീഴ്ത്തി. ഫ്രീക്കിക്ക്! മെസ്സിയുടെ സ്വന്തം സാമ്രാജ്യം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കണ്ണുകൾ ആ ഇടംകാലിലേക്ക് ചുരുങ്ങി.

പന്ത് കൃത്യമായി വച്ച് മെസ്സി കുറച്ചടി പിന്നോട്ട് നടന്നു. ആ സമയം ജോർദൻ ഗോൾകീപ്പർ യാസീദ് അബുലൈല തന്റെ പ്രതിരോധ മതിൽ കെട്ടുന്ന തിരക്കിലായിരുന്നു. റഫറിയുടെ വിസിൽ മുഴങ്ങി. മെസ്സി ഓടിയെത്തി പന്തിനെ തന്റെ ഇടംകാലുകൊണ്ട് തലോടി. പ്രതിരോധ മതിലിന്റെ വിടവിലൂടെ ആ പന്ത് നേരെ ജോർദാൻ വലയുടെ കോണിലേക്ക് തുളച്ചുകയറി. ഗോൾകീപ്പർക്ക് ഒന്നു ചലിക്കാൻ പോലും സമയം ലഭിച്ചില്ല.

വല ചലിച്ച ആ നിമിഷം ഡാലസ് സ്റ്റേഡിയം ഇളകിമറിഞ്ഞു. അതൊരു ഗോൾ മാത്രമായിരുന്നില്ല, ചരിത്രത്തിന്റെ പുനർവായനയായിരുന്നു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏഴു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിലേക്ക് മാറ്റി എഴുതി. ജസ്റ്റ് ഫോണ്ടെയ്ന്റെയും ജൈർസീഞ്ഞോയുടെയും പഴക്കമേറിയ റെക്കോർഡുകളാണ് ആ ഇടംകാലൻ അടിയിൽ തകർന്നടിഞ്ഞത്. ഈ ലോകകപ്പിലെ തന്റെ ആറാമത്തെയും, ലോകകപ്പ് ചരിത്രത്തിലെ പത്തൊൻപതാമത്തെയും ഗോളാണ് മെസ്സി അവിടെ കുറിച്ചത്.

∙ സെമിഫൈനലിലേക്കുള്ള സുവർണ പാത?ജോർദാനെ 3-1 ന് തകർത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി അർജന്റീന മുന്നേറുമ്പോൾ, ആരാധകരുടെ മനസ്സിൽ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്, ലോകചാംപ്യന്മാർക്ക് സെമിഫൈനലിലേക്ക് കാര്യങ്ങൾ അത്രമേൽ എളുപ്പമാണോ? അർജന്റീനയുടെ വരാനിരിക്കുന്ന മത്സരങ്ങളുടെ ചിത്രം നോക്കിയാൽ അത് വ്യക്തമാകും.

1. റൗണ്ട് ഓഫ് 32: മയാമിയിൽ വച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ കാബോ വെർദെ ആണ്. ലോകകപ്പിലെ കറുത്ത കുതിരകളാണെങ്കിലും അർജന്റീനയുടെ കരുത്തിന് മുന്നിൽ അവർ എത്രത്തോളം പിടിച്ചുനിൽക്കും എന്നത് കണ്ടറിയണം. മെസ്സിയുടെ സ്വന്തം മയാമിയിലാണ് കളി എന്നതും അർജന്റീനയ്ക്ക് അനുകൂല ഘടകമാണ്.

2. പ്രീ-ക്വാർട്ടർ/ക്വാർട്ടർ സാധ്യതകൾ: അതിനുശേഷം ഓസ്‌ട്രേലിയയോ ഈജിപ്തോ ആകാം എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ കൊളംബിയെയോ സ്വിറ്റ്സർലൻഡിനെയോ നേരിടേണ്ടി വന്നേക്കാം.

ചുരുക്കത്തിൽ, ലാറ്റിനമേരിക്കൻ വൈരികളായ ബ്രസീലോ യുറുഗ്വായോ, അല്ലെങ്കിൽ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസോ ജർമനിയോ സെമിഫൈനൽ വരെ അർജന്റീനയുടെ വഴിയിൽ ഇല്ല. അതുകൊണ്ടുതന്നെ, ഫൈനലിലേക്കുള്ള പാത സ്കലോണിക്കും സംഘത്തിനും 'പെർഫെക്റ്റ്' ആണെന്ന് വിശേഷിപ്പിക്കാം.

∙ ഡാലസിലെ സംഗീതരാവ്

മത്സരശേഷം ഡാലസിലെ സ്റ്റേഡിയത്തിന് പുറത്ത് അർജന്റീനൻ ആരാധകരുടെ പാട്ടും നൃത്തവും ഏറെ നേരം നീണ്ടുനിന്നു. തങ്ങളുടെ പ്രിയപ്പെട്ട താരം ബെഞ്ചിൽനിന്നു വന്ന് കളി മാറ്റുന്നത് നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവർ. ജയത്തോടൊപ്പം അർജന്റീനയ്ക്ക് ചില നല്ല സൂചനകളും ഈ മത്സരം സമ്മാനിച്ചു. നിക്കോ പാസ് എന്ന യുവതാരത്തിന്റെ മികച്ച പ്രകടനവും ലോ സെൽസോയുടെ ഫോമും മെസ്സിയെ മാത്രം ആശ്രയിക്കുന്ന ടീം എന്ന പേരുദോഷം മാറ്റാൻ സഹായിക്കുന്നതാണ്.

എങ്കിലും, കഥയിലെ നായകൻ എപ്പോഴും ഒരാൾ മാത്രമാണ്–ലയണൽ ആന്ദ്രേസ് മെസ്സി. പ്രായം മുപ്പത്തിയൊൻപതിലും അദ്ദേഹത്തിന്റെ കാലുകളിലെ മാന്ത്രികതയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല എന്ന് ഈ ഡാലസ് രാത്രി ഒരിക്കൽ കൂടി തെളിയിച്ചു. കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ പ്രയാണത്തിൽ പകരക്കാരുടെ ബെഞ്ചിൽ നിന്നായാലും ആദ്യ ഇലവനിൽ നിന്നായാലും, ഈ മിശിഹായുടെ ഒരു സ്പർശം മതി കളി തിരിക്കാൻ എന്ന് ലോകം വീണ്ടും തിരിച്ചറിയുന്നു. മൂന്ന് വിജയങ്ങളുടെ ആത്മവിശ്വസവുമായി അർജന്റീന കുതിക്കുമ്പോൾ, കാൽപ്പന്ത് ലോകം വീണ്ടുമൊരു മെസ്സി മാജിക്കിനായി കാതോർക്കുകയാണ്.

English Summary:

Lionel Messi made past successful Dallas, scoring his seventh consecutive FIFA World Cup extremity arsenic Argentina secured a 3-1 triumph implicit Jordan. Coming disconnected the bench, Messi's precocious free-kick not lone sealed the triumph but besides established a caller tourney record, breaking erstwhile long-standing achievements. Argentina present advances arsenic radical champions, anticipating a favorable way to the semifinals.

Read Entire Article