Published: March 20, 2026 09:24 AM IST Updated: March 20, 2026 12:45 PM IST
1 minute Read
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ∙ 21 വർഷമായി ആരാധകരെ ആനന്ദത്തിന്റെ ഗോൾമഴ നനയിക്കുന്ന ലയണൽ മെസ്സിയുടെ പേരിനൊപ്പം ഒരു ചരിത്രം കൂടി. കരിയറിൽ 900–ാം ഗോൾ എന്ന മാന്ത്രിക നേട്ടമാണ് പുതിയത്. കോൺകകാഫ് ചാംപ്യൻസ് കപ്പ് ഫുട്ബോളിൽ നാഷ്‌വിലിനെതിരായ മത്സരത്തിലാണ് ഇന്റർ മയാമി താരമായ മെസ്സിയുടെ ചരിത്രനേട്ടം. മയാമി 1–1 സമനില വഴങ്ങിയ മത്സരത്തിൽ മെസ്സി ഗോളും റെക്കോർഡും സ്വന്തമാക്കി.
900 ഗോൾ എന്ന ചരിത്രനേട്ടം സ്വന്തമാക്കുന്ന സജീവ ഫുട്ബോളർമാരിൽ രണ്ടാമനാണ് മെസ്സി. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിക്കു മുൻപേ 900 എന്ന നാഴികക്കല്ലു പിന്നിട്ടിരുന്നു. 1142 മത്സരങ്ങളിൽനിന്നാണു മെസ്സിയുടെ ചരിത്രനേട്ടം. 2005ൽ 17–ാം വയസ്സിൽ സ്പാനിഷ് ക്ലബ് ബാർസിലോന ജഴ്സിയിലായിരുന്നു മെസ്സിയുടെ കരിയറിലെ ആദ്യ ഗോൾ നേട്ടം. 21 വർഷത്തിനു ശേഷം 900 എന്ന മാജിക് നമ്പർ ഈ ഫുട്ബോൾ മാന്ത്രികനു കീഴടങ്ങിയിരിക്കുന്നു.
‘ഞാൻ ഭാഗ്യവാനാണ്. ഈ 900 ഗോളുകളിൽ മഹാഭൂരിപക്ഷവും അടുത്തുനിന്നു കാണാൻ എനിക്കു സാധിച്ചു. നിങ്ങളിലാർക്കും സാധിക്കുന്നതിനെക്കാൾ അടുത്തുനിന്നാണു ഞാനീ ഗോളുകളെല്ലാം കണ്ടത് എന്നതിൽ അഭിമാനിക്കുന്നു’– ഇന്റർ മയാമി കോച്ചും മെസ്സിയുടെ മുൻ സഹതാരവുമായ ഹവിയർ മഷരാനോ മത്സരശേഷം പറഞ്ഞു.മെസ്സി ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ഇന്റർ മയാമിക്കു നിരാശ നൽകിയാണ് മത്സരം സമാപിച്ചത്. ഇരുപാദ സ്കോറിൽ, നാഷ്‌വിൽ നേടിയ എവേ ഗോളിൽ ഇന്റർ മയാമി ചാംപ്യൻഷിപ്പിനു പുറത്തായി. നേരത്തേ, ആദ്യപാദ മത്സരം ഗോൾരഹിത സമനിലയായിരുന്നു.
900 മാഹാത്മ്യം1000 കരിയർ ഗോൾ എന്ന ചരിത്രനേട്ടമാണ് ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ലക്ഷ്യമിടുന്നത്. ബ്രസീൽ ഇതിഹാസ താരങ്ങളായ പെലെയുടെയും റൊമാരിയോയുടെയും പേരിൽ 1000 ഗോളുകളുണ്ടെന്നു പറയുമെങ്കിലും ഇവയിൽ പലതും ഔദ്യോഗികമല്ല. വളരെ ചെറിയ ടൂർണമെന്റുകളിലും മത്സരങ്ങളിലും നേടിയ ഗോളുകൾ പോലും പരിഗണിച്ചാണ് ഇരുവരും 1000 ഗോൾ നാഴികക്കല്ല് പിന്നിട്ടതെന്നു വാദമുണ്ട്.
എന്നാൽ, ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും കാര്യത്തിൽ ഓരോ ഗോളും ഔദ്യോഗികമായി റെക്കോർഡ് ചെയ്യപ്പെട്ടവയാണ്. 2024 സെപ്റ്റംബറിൽ 900 ഗോൾ നേട്ടം മറികടന്ന, നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയുടെ പേരിൽ ഇപ്പോൾ 965 ഗോളുകളുണ്ട്. 1236 മത്സരങ്ങളിൽനിന്നാണ് ക്രിസ്റ്റ്യാനോ 900 ഗോൾ നേടിയത്. മുപ്പത്തിയെട്ടുകാരൻ മെസ്സി 1142 മത്സരങ്ങളിൽനിന്ന് ഈ നേട്ടത്തിലെത്തി.
2012
മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷം 2021 ആണ്. ബാർസിലോന താരമായിരുന്ന മെസ്സി, ആ വർഷം നേടിയത് 91 കരിയർ ഗോളുകൾ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ എന്ന നേട്ടത്തിനൊപ്പമായിരുന്നു ഇത്.
English Summary:







English (US) ·