Published: February 04, 2026 02:14 PM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ ഇടഞ്ഞ് നിൽക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) അനുനയിപ്പിക്കാൻ നടത്തിവന്ന നീക്കങ്ങൾ താൽകാലികമായി നിർത്തിവച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐസിസി). ഐസിസി ഡപ്യൂട്ടി ചെയർമാനും സിംഗപ്പൂർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനുമായ ഇമ്രാൻ ഖ്വാജയെയാണ് പിസിബിയുമായി സംസാരിക്കാൻ ഐസിസി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ പിസിബിയുടെ ഭാഗത്തുനിന്നു മതിയായ ആശയവിനിമയം ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടുതൽ അയയേണ്ടതില്ലെന്ന നിലപാടിലേക്ക് ജയ് ഷാ അധ്യക്ഷനായ ഐസിസി എത്തിയെന്നാണ് റിപ്പോർട്ട്.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലോകകപ്പ് കളിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാൻ പക്ഷേ, ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് നിലപാടു സ്വീകരിക്കുകയായിരുന്നു. പാക്ക് സർക്കാരാണ്ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. പിസിബി ഇക്കാര്യം ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ലോകകപ്പിൽ പങ്കെടുക്കുന്നതിനായി പാക്ക് ടീം കൊളംബോയിൽ എത്തുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 15ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ–പാക്ക് മത്സരം പാക്കിസ്ഥാൻ ബഹിഷ്കരിച്ചാൽ ശതകോടികളുടെ നഷ്ടമാണ് ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാവുക. ലോകകപ്പിന്റെ ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം നേടിയ ജിയോ സ്റ്റാറിന് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മുടങ്ങിയാൽ പരസ്യവരുമാനത്തിൽ മാത്രം 250 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനു നഷ്ടപരിഹാരം ബ്രോഡ്കാസ്റ്റർമാർ ഐസിസിയോട് ആവശ്യപ്പെടും. ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ ജിയോസ്റ്റാറിൽനിന്നു നിയമനടപടി നേരിടേണ്ടിവരുമെന്ന് പിസിബിക്ക് ഐസിസി ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
ജിയോ സ്റ്റാറിനുള്ള നഷ്ടപരിഹാരം പാക്കിസ്ഥാന്റെ വാർഷിക വരുമാന വിഹിതമായ 35 മില്യൻ ഡോളറിൽനിന്ന് ഈടാക്കാനാണ് ഐസിസിയുടെ തീരുമാനം. ഐസിസി ടൂർണമെന്റുകളുടെ നാല് വർഷത്തെ കരാർ ബ്രോഡ്കാസ്റ്ററുമായി ഒപ്പുവെച്ചപ്പോൾ ഇതിൽ പാക്കിസ്ഥാൻ, ഇന്ത്യ മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് അവർ ഐസിസിക്ക് പണം നൽകിയത്. അതിനാൽ മത്സരത്തിൽനിന്നു പിന്മാറിയാൽ പിസിബിക്കെതിരെയും ഐസിസിക്കെതിരെയും ബ്രോഡ്കാസ്റ്റർ കോടതിയെ സമീപിച്ചേക്കും.
വാർഷിക വരുമാന വിഹിതം ഐസിസി തടഞ്ഞാൽ തർക്കപരിഹാര സമിതിയിൽ ചോദ്യം ചെയ്യാനാണ് പാക്ക് നീക്കം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള ചർച്ചയ്ക്കു മുൻപ് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ബോർഡിന്റെ നിയമ വിദഗ്ധരിൽ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽനിന്നു പിന്മാറാൻ തീരുമാനിച്ചത്. എന്നാൽ ഐസിസിയുടെ തീരുമാനങ്ങൾ സംബന്ധിച്ച പരാതി തർക്കപരിഹാര സമിതി കേൾക്കാൻ സാധ്യതയില്ല.
പാക്കിസ്ഥാന്റെ വാദങ്ങൾ ബാലിശമാണെന്നാണ് ഐസിസി ബോർഡ് അംഗങ്ങളുടെ നിലപാട്. ഐസിസി അംഗങ്ങളായ മറ്റു ബോർഡുകൾക്കും സമാന നിലപാടാണ് ഉള്ളത്. ഇന്ത്യയിലേക്ക് ടൂർണമെന്റിനില്ലെന്ന പാക്കിസ്ഥാന്റെ നിലപാടിനെ തുടർന്നാണ് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിൽ മത്സരങ്ങൾ നിശ്ചയിച്ചത്. അതുകൊണ്ട് തന്നെ ഇനിയും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ കഴിയില്ലെന്നും പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ വിടില്ലെന്ന് ഇന്ത്യ നിലപാടെടുത്തപ്പോഴും മറ്റൊരു രാജ്യത്ത് കളിക്കാൻ അനുവദിച്ചിരുന്നെന്നും ഐസിസി ഉന്നതർ ചൂണ്ടിക്കാട്ടുന്നു.
English Summary:







English (US) ·