Published: March 09, 2026 02:27 PM IST
1 minute Read
അഹമ്മദാബാദ്∙ കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ വ്യക്തിയാണ് രവി ശാസ്ത്രി. ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിലും രാജ്യത്തിന് അവിസ്മരണീയമായ ചില നിമിഷങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് ജയിക്കുമ്പോൾ കമന്ററി ബോക്സിൽ രവി ശാസ്ത്രിയാണ് ഉണ്ടായിരുന്നത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 15 വർഷം മുൻപു നടന്ന ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ സിക്സർ പറത്തി ധോണി വിജയറൺ നേടിയപ്പോൾ ശാസ്ത്രി പറഞ്ഞ ‘‘എം.എസ്.ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ’’ എന്ന വാചകം ഇന്നും ആരാധകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ആ ലോകകപ്പ് വിജയം ഓർമിക്കുമ്പോഴെല്ലാം ശാസ്ത്രിയുടെ ഈ വാചകവും ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ, ട്വന്റി20 ലോകകപ്പിലെ മൂന്നാം കിരീടത്തിൽ മുത്തമിട്ടപ്പോൾ ശാസ്ത്രിയുടെ കമന്ററി നിരാശപ്പെടുത്തിയെന്നാണ് ആരാധകപക്ഷം.
അഭിഷേക് ശർമ എറിഞ്ഞ 19–ാം ഓവറിലെ അവസാന പന്തിൽ, ന്യൂസീലൻഡ് ബാറ്റർ ജേക്കബ് ഡഫിയെ തിലക് വർമ കയ്യിലൊതുക്കിയപ്പോൾ ശാസ്ത്രിയുടെ കമന്ററി ഇങ്ങനെയായിരുന്നു: ‘‘ഡീപ്പിൽ പിടികൂടിയിരിക്കുന്നു. ഒൻപതാം വിക്കറ്റ് വീഴുന്നു. എന്നാൽ അത് ഒൻപതാം വിക്കറ്റായിരുന്നില്ല. കിവീസിന്റെ പത്താം വിക്കറ്റും വീണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായ വിന്നിങ് ക്യാച്ചായിരുന്നു അത്. സെക്കൻഡുകൾക്കുള്ളിൽ പിഴവ് മനസ്സിലാക്കിയ ശാസ്ത്രി അതു തിരുത്തി.
‘‘യഥാർഥത്തിൽ എല്ലാം അവസാനിച്ചിരിക്കുന്നു. ഇന്ത്യ മൂന്നാം തവണയും ലോകകപ്പ് നേടുന്നു. തുടർച്ചയായി ലോകകപ്പ് നേടുന്ന ആദ്യ ടീമും സ്വന്തം മണ്ണിൽ ടി20 ലോകകപ്പ് കിരീടം ചൂടുന്ന ആദ്യ ആതിഥേയരും ഇവരാണ്. ഇന്ത്യയുടെ ഉജ്ജ്വലമായ പ്രകടനം.’’ കമന്ററി ബോക്സിൽ ശാസ്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യ വിജയിച്ച ‘മൊമന്റ്’ ശാസ്ത്രി നഷ്ടപ്പെടുത്തിയെന്നും മുൻ ഫൈനൽ വിജയങ്ങളിൽ പറഞ്ഞ കമന്ററിയുടെ അത്ര ‘പഞ്ച്’ വന്നില്ലെന്നുമാണ് ആരാധകരുടെ പരാതി. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ച് പല ചർച്ചകളും നടക്കുന്നുണ്ട്.
ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 96 റൺസിനാണ് ന്യൂസീലൻഡിന്റെ കന്നിക്കിരീടമോഹത്തെ സൂര്യകുമാർ യാദവും സംഘവും തല്ലിത്തകർത്തത്. ആ പടയോട്ടത്തിന്റെ തലപ്പത്തുണ്ടായതാവട്ടെ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും (46 പന്തിൽ 89). സഞ്ജുവിന്റെയും അഭിഷേക് ശർമയുടെയും (21 പന്തിൽ 52) ഇഷാൻ കിഷന്റെയും (25 പന്തിൽ 54) അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അടിച്ചെടുത്തത് 255 റൺസ്. മറുപടി ബാറ്റിങ്ങിൽ കിവീസിന്റെ പോരാട്ടം 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി കിരീടം നേടുന്ന ആദ്യ ടീം, മൂന്നു കിരീടം സ്വന്തമാക്കുന്ന ഏക ടീം, സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ കിരീടം നേടുന്ന ടീം തുടങ്ങി ഒന്നിലേറെ റെക്കോർഡുകളും ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഇന്ത്യ സ്വന്തമാക്കി.
English Summary:







English (US) ·