യുറേക്കാ, മൊറോക്കോ! പെനൽറ്റി ഷൂട്ടൗട്ടിൽ ഗോൾവലയിൽ ‘ടച്ച്’ കിട്ടാതെ ഡച്ച് പട; നെതർലൻഡ്‌സ് പുറത്ത്

3 weeks ago 4

മോൺടെറി ∙ ഈ ഫിഫ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടും ഇൻജറി ടൈമും തമ്മിലുള്ള ‘കൂട്ടുകെട്ടിനെ’ ആർക്കും വേർപ്പെടുത്താനാവില്ല. ഇതുവരെ നടന്ന നാലു മത്സരങ്ങളിൽ മൂന്നിലും ഇൻജറി ടൈമിലാണ് വിധി നിർണയിച്ച നിർണായക ഗോളുകൾ പിറന്നത്. ഏറ്റവുമൊടുവിൽ നെതർലൻഡ്സ്– മൊറോക്കോ മത്സരത്തിലും ഡച്ച് പടയെ ‘മുറിപ്പെടുത്തി’ മൊറോക്കോയുടെ ഇൻജറി ടൈം ഗോൾ പിറന്നു. ഇതോടെ 1–1നു സമനിലയിലായ മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ 3–2നു വീഴ്ത്തി ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നു.

What you should work next

ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിന്റെ ആദ്യ കിക്ക് കൂപ്‌മൈനേഴ്‌സ് ഗോളാക്കി. എന്നാൽ മൊറോക്കൻ താരം ഐനാവിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. 1–0. രണ്ടാം കിക്കിൽ നെതർലൻഡ്സ് താരം ക്ലൂവർട്ടിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി, മൊറോക്കൻ താരം റഹീമിയുടെ ഷോട്ട് ഡച്ച് ഗോളി വെർബ്രൂഗൻ തടഞ്ഞെങ്കിലും പന്ത് കയ്യിൽനിന്നു വഴുതി വലയിലായി. സ്കോർ 1–1. മൂന്നാം കിക്കിൽ ഇരു ടീമുകളും ലക്ഷ്യം കണ്ടു. വെഗോർസ്റ്റ് പന്ത് ടോപ്പ് കോർണറിലേക്ക് അടിച്ച് കയറ്റി. മൊറോക്കോയ്ക്കായി യുവതാരം താൽബിയും ലക്ഷ്യം കണ്ടു. നാലാം കിക്കിൽ ഇരു ടീമുകൾക്കും പിഴച്ചു. ടിംബറിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേയ്ക്കു പോയി. പിന്നാലെ വന്ന മൊറോക്കോ ക്യാപ്റ്റൻ ഹക്കിമിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി തെറിച്ചു. പിന്നീട് നിർണായകമായ അഞ്ചാം കിക്ക്. സമ്മർവില്ലെയുടെ ഷോട്ട് മൊറോക്കോൻ കീപ്പർ യാസിൻ ബോണോ തട്ടിയകറ്റി. എന്നാൽ അവസാന കിക്കെടുത്ത ഇസ്മയിൽ സൈബാരി പിഴവില്ലാതെ പന്ത് വലയിലാക്കി മൊറോക്കോയുടെ വിജയം ഉറപ്പിച്ചു.

∙ ലീഡെടുത്ത് ഓറഞ്ച് പട, പിന്നാലെ ‘ഇൻജറി’മത്സരത്തിന്റെ 72–ാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഗോളിലൂടെയാണ് നെതർലൻഡ്സ് ലീഡ് പിടിച്ചത്. ക്രിസെൻസിയോ സമ്മർവില്ലെയുടെ മികച്ചൊരു അസിസ്റ്റിൽ നിന്നു മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് ഷോട്ടിലൂടെയാണ് ഗാക്പോ മൊറോക്കോ ഗോൾവല കുലുക്കിയത്. അപ്പോൾ മൈതാനത്തും ഗാലറിയിലുമുണ്ടായിരുന്ന ഓറഞ്ച് കുപ്പായക്കാർ അക്ഷരാർഥത്തിൽ വിതുമ്പുകയായിരുന്നു. രണ്ടു ദിവസം മുൻപാണ് കോഡി ഗാക്പോയുടെയും പങ്കാളി നോവ വൻഡർ ബേയുടെയും ഗർഭസ്ഥ ശിശു അന്തരിച്ചത്. അതിന്റെ വേദന വിട്ടുമാറും മുൻപാണ് ഗാക്പോ, രാജ്യത്തിനായി മൈതാനത്ത് കളിക്കാൻ ഇറങ്ങിയത്. ഗോൾ നേടിയ ശേഷം കോഡി താരം കണ്ണുകളുടച്ച് ആകാശത്തേയ്ക്ക് നോക്കി. 

ഫിഫ ലോകകപ്പ് നോക്കൗട്ടിൽ മൊറോക്കോയ്‌ക്കെതിരെ നെതർലൻഡ്‍സിന്റെ വിജയഗോൾ നേടിയ  കോഡി ഗാക്പോയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. REUTERS/Daniel Becerril

ഫിഫ ലോകകപ്പ് നോക്കൗട്ടിൽ മൊറോക്കോയ്‌ക്കെതിരെ നെതർലൻഡ്‍സിന്റെ വിജയഗോൾ നേടിയ കോഡി ഗാക്പോയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. REUTERS/Daniel Becerril

ഇതിനു ശേഷം മൊറോക്കോ ആക്രമണം കടുപ്പിച്ചു. എങ്കിലും മത്സരം 90 മിനിറ്റ് പിന്നിട്ടപ്പോൾ ഡച്ച് പട വിജയം ഉറപ്പിച്ചു. എന്നാൽ ഒരു മിനിറ്റ് തികയും മുൻപ് മൊറോക്കോ ഞെട്ടിച്ചു. ചെംസെദ്ദീൻ താൽബിയുടെ പാസിൽനിന്നു ഡിഫെൻഡർ ഇസ്സ ഡിയോപ്പിന്റെ കിടിലൻ ഹെഡ്ഡർ; മൊറോക്കൻ ആരാധകരുടെ ആവേശത്തിൽ സ്റ്റേഡിയം ഇളകിമറിഞ്ഞു, ഓർക്കാപുറത്ത് കിട്ടിയ പ്രഹരത്തിൽ ഓറഞ്ച് പടയുടെ നെഞ്ചുകലങ്ങി. സ്കോർ. 1–1. അഞ്ച് മിനിറ്റ് കൂടി ഇൻജറി ടൈം നീണ്ടെങ്കിലും വിജയഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. അതോടെ കളി എക്സ്ട്രാ ൈടമിലേക്ക്. ‌

എന്നാൽ അധികസമയത്തിന്റെ ഇരു പകുതികളിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ മൊറോക്കോയുടെ സൂപ്പർ താരം സുഫിയാൻ റഹീമി ഡച്ച് പ്രതിരോധം ഭേദിച്ച് ഗോളിന് തൊട്ടടുത്തെത്തി. എന്നാൽ മികച്ച ഒരു സേവിലൂടെ ബാർട്ട് വെർബ്രൂഗൻ നെതർലാൻഡ്‌സിന്റെ രക്ഷകനായി. മത്സരത്തിലെ താരത്തിന്റെ അഞ്ചാമത്തെ പ്രധാന സേവായിരുന്നു ഇത്. എക്‌സ്ട്രാ ടൈമിന്റെ 30 മിനിറ്റിലും ഇരുടീമുകൾക്കും കൂടുതൽ ഗോളുകൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

∙ ആദ്യ പകുതി 0–0യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്‌സും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. തുല്യശക്തികൾ നേർക്കുനേർ വന്നപ്പോൾ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം തുടകത്തിൽ ഒപ്പത്തിനൊപ്പം പോരാടുന്നുന്നതിനാണ് മെക്സിക്കോയിലെ മോൺടെറി സ്റ്റേഡിയം സാക്ഷ്യവഹിച്ചത്. മൊറോക്കോ 4 ഷോട്ടുകളുമായി ആക്രമണത്തിൽ മുന്നിട്ടുനിന്നപ്പോൾ, നെതർലൻഡ്‌സ് പന്തടക്കത്തിൽ നേരിയ മേധാവിത്വം പുലർത്തി. മൊറോക്കോ അടിച്ച നാലു ഷോട്ടുകളിൽ രണ്ടെണ്ണം ഓൺ ടാർഗറ്റിലേക്കായിരുന്നു. നെതർലൻഡ് മൂന്നെണ്ണത്തിൽ ഒരു ഷോട്ട് ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ഗോളായില്ല.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൊറോക്കോയുടെ മുന്നേറ്റനിര താരം ഇസ്മയിൽ സൈബാരിയും ഡച്ച് ഡിഫെൻഡർ ജാൻ പോൾ വാൻ ഹെകെയും തമ്മിൽ മൈതാനത്ത് കടുത്ത വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായി. പത്താം മിനിറ്റിൽ വാൻ ഹെകെയുടെ ഫൗളിൽ പ്രകോപിതനായ സൈബാരി മുഖാമുഖം വന്ന് കൊമ്പുകോർത്തതോടെ കളി ചൂടുപിടിച്ചു. കളിയുടെ ആദ്യ അരമണിക്കൂറിൽ മൊറോക്കോൺ വിംഗർമാരായ ബ്രാഹിം ഡയസും ഇസ്മയിൽ സൈബാരിയും നടത്തിയ മുന്നേറ്റങ്ങളെ ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ തകർപ്പൻ രണ്ട് സേവുകളിലൂടെയാണ് തടഞ്ഞുനിർത്തിയത്.


ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ മൊറോക്കോയുടെ ഇസ്മയിൽ സൈബാരി (വലത്) നെതർലൻഡ്‌സിന്റെ ജാൻ പോൾ വാൻ ഹെക്കെയുമായി ഏറ്റുമുട്ടുന്നു.  REUTERS/Daniel Becerril

ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ മൊറോക്കോയുടെ ഇസ്മയിൽ സൈബാരി (വലത്) നെതർലൻഡ്‌സിന്റെ ജാൻ പോൾ വാൻ ഹെക്കെയുമായി ഏറ്റുമുട്ടുന്നു. REUTERS/Daniel Becerril

19–ാം മിനിറ്റിൽ കോർണർ കിക്ക് സ്വീകരിക്കാനായി ബോക്സിനുള്ളിലേക്ക് എത്തിയ മൊറോക്കോയുടെ നീൽ എൽ ഐനാവോയി, വലയുടെ മുകൾഭാഗം ലക്ഷ്യമാക്കി ശക്തമായൊരു ഹെഡർ ഉതിർത്തെങ്കിലും വെർബ്രൂഗൻ തടത്തു. രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും മൊറോക്കയുടെ ആക്രമണം. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പന്ത് ലഭിച്ച അഷ്‌റഫ് ഹക്കിമി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു. എന്നാൽ വെർബ്രൂഗൻ ഇത്തവണയും ഓറഞ്ച് പടയുടെ രക്ഷകനായി. പന്ത് തട്ടിയകറ്റി കോർണറിലേക്ക് വിട്ടു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് മൊറോക്കോ ഗോളി യാസിൻ ബോണോയും നെതർലൻ‍ഡ്സ് ഗോൾശ്രമത്തെ തടഞ്ഞു. ബോക്സിന് തൊട്ടുപുറത്തുനിന്ന് നെതർലൻഡ്‌സിന്റെ മിക്കി വാൻ ഡി വെൻ ഗോൾ ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും ബോണോ അത് വളരെ എളുപ്പത്തിൽ തട്ടിയകറ്റി. ഹാഫ് ടൈം വിസിൽ മുഴങ്ങുമ്പോൾ സ്കോർ 0–0.

English Summary:

FIFA World Cup 2026 Match: Netherlands vs Morocco LIVE Score

Read Entire Article