Published: September 15, 2026 10:55 AM IST
1 minute Read
ഗുരുഗ്രാം ∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിപ്പിച്ച് പരുക്കേൽപ്പിച്ച കല്യാൺ ബൈൻസ്‌ല, കായികതാരമെന്ന് വിവരം. ‘രാജ്യാന്തര കബഡി താരം’, ‘ഇന്ത്യൻ റഗ്ബി ടീം അംഗം’ എന്നിങ്ങനെയാണ് ഇയാൾ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. ‘അമച്വർ ഒളിംപ്യ ഇന്ത്യ’ എന്ന ബോഡിബിൽഡിങ് ടൂർണമെന്റിലെ വിജയിയാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
What you should work next
കല്യാൺ ഇൻസ്റ്റാഗ്രമിൽ പതിവായി ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ടായിരുന്നു; അതിൽ ഭൂരിഭാഗം പോസ്റ്റുകളിലും വ്യായാമം ചെയ്യുന്നതോ അല്ലെങ്കിൽ മസിലുകൾ പ്രദർശിപ്പിക്കുന്നതോ ആണ്. ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ഫോളോവേഴ്‌സും ഉണ്ട്. എന്നാൽ, ഈ സംഭവത്തിന് ശേഷം ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റാക്കിയിരിക്കുകയാണ്.
ഞായറാഴ്ചയാണ് സംഭവം. ബൈക്കറും ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററുമായ സിയ എന്ന യുവതിക്കാണ് പരുക്കേറ്റത്. യുവതി ബൈക്കിൽനിന്ന് റോഡിൽ വീണിട്ടും കാർ നിർത്താതെ പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആക്ഷൻ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് സിയ തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. റൈഡർ സംഘത്തിനൊപ്പം ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലൂടെ പോകുമ്പോഴാണ് കാറിലെത്തിയ സംഘം തന്നെ പിന്തുടർന്നതെന്ന് സിയ പറയുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെ വരുകയും ആക്രോശിക്കുകയും ചെയ്തു.
ഇതോടെ വാഹനത്തിൽനിന്ന് അകലം പാലിക്കാൻ താൻ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്നാണ് കരുതുന്നത്. കാറിൽനിന്നും അകലം പാലിച്ച് ബൈക്കോടിച്ചെങ്കിലും ബൈക്ക് നിർത്താനാവശ്യപ്പെട്ട് കാർ യാത്രക്കാർ പിന്നാലെയെത്തി അസഭ്യം പറഞ്ഞു. ശേഷം വേഗത്തിൽ കാറോടിച്ചെത്തി ബൈക്കിൽ ഇടിക്കുകയായിരുന്നെന്നും സിയ പറയുന്നു. ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെ പോയി. ബൈക്കിനെ അൽപദൂരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു.
സംഭവത്തിനുശേഷം തൊട്ടടുത്ത ജംക്ഷനിൽ വച്ച് സിയയുടെ സുഹൃത്ത് കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റെ ഭാഗത്ത് തെറ്റില്ലെന്നു പറഞ്ഞ് കാറിലുണ്ടായിരുന്നയാൾ ഓടിച്ചു പോകുകയായിരുന്നെന്നും സിയ കൂട്ടിച്ചേർത്തു. ഇതോടെ കാറിന്റെ റജിസ്ട്രേഷൻ നമ്പറും ആർസി ഉടമയുടെ പേരും സിയ പുറത്തുവിട്ടിട്ടുമുണ്ട്. സംഭവത്തിൽ ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുത്തു. പിന്നീട് സിയ നൽകിയ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥനായ ഹരിയാന പൽവാൽ സ്വദേശി മനീഷാണ് കാറിന്റെ ഉടമ. എന്നാൽ താൻ അസമിലാണെന്നും തന്റെ സുഹൃത്ത് ഞായറാഴ്ച കാർ കടം വാങ്ങിയിരുന്നെന്നും മനീഷ് പറഞ്ഞു. വിഡിയോ വൈറലയായതിനു ശേഷമാണ് താൻ സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും മനീഷ് പറഞ്ഞു.
English Summary:






English (US) ·