യെസ് കൊൽക്കത്ത! ‘നോ’ ബോളും സൂപ്പർ ഓവറും ലക്നൗവിനു രക്ഷയായില്ല; ത്രില്ലർ പോരിൽ ജയിച്ച് ‘അടിവാരം’ വിട്ട് കെകെആർ

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 26, 2026 11:57 PM IST Updated: April 27, 2026 12:15 AM IST

2 minute Read

മത്സരത്തിനിടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനോട നിക്കോളസ് പുരാനോടും സംസാരിക്കുന്ന കൊൽക്കത്ത താരം റിങ്കു സിങ്. (PTI Photo/Kamal Kishore)
മത്സരത്തിനിടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനോട നിക്കോളസ് പുരാനോടും സംസാരിക്കുന്ന കൊൽക്കത്ത താരം റിങ്കു സിങ്. (PTI Photo/Kamal Kishore)

ലക്നൗ ∙ ‘ലോ സ്കോറിങ്’ മത്സരത്തിൽ ത്രിൽ ഇല്ലെന്ന് ആരു പറഞ്ഞു? ആവേശം സൂപ്പർ ഓവറിലേക്കും നീണ്ട മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൂപ്പർ ഓവറിൽ ലക്നൗ കുറിച്ച് രണ്ടു റൺസ് വിജയലക്ഷ്യം ആദ്യ പന്തിൽ തന്നെ കൊൽക്കത്ത നേടുകയായിരുന്നു. നിക്കോളാസ് പുരാൻ (0), എയ്ഡൻ മാർക്രം (0) എന്നിവർ പുറത്തായതോടെ മൂന്നു പന്തിൽ വെറും ഒരു റൺസുമായി ലക്നൗവിന്റെ സൂപ്പർ ഓവർ അവസാനിക്കുകയായിരുന്നു. കൊൽക്കത്തയ്ക്കു വേണ്ടി ആദ്യ പന്തു നേരിട്ട റിങ്കു സിങ്, ബൗണ്ടറിയടിച്ച് വിജയം ഉറപ്പിച്ചു. ജയത്തോടെ കൊൽക്കത്ത എട്ടാം സ്ഥാനത്തേയ്ക്കു കയറി. ലക്നൗ അവസാനസ്ഥാനത്തുമായി. മുംബൈ ഇന്ത്യൻസാണ് ഒൻപതാമത്.

നിശ്ചിത 20 ഓവറിൽ ഇരു ടീമുകളുടെയും സ്കോർ 155 റൺസിൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. രണ്ടാമത് ബാറ്റു ചെയ്ത ലക്നൗവിന് അവസാന ഓവറിൽ 17 റൺസായിരുന്നു വിജയത്തിനായി വേണ്ടത്. കാർത്തിക് ത്യാഗി എറിഞ്ഞ ഓവറിൽ രണ്ട് നോബോൾ വഴങ്ങിയത് കൊൽക്കത്തയ്ക്കു തിരിച്ചടിയായി. രണ്ടും മൂന്നു പന്തുകളാണ് നോബോളായത്. പിന്നീട്, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഹിമ്മത്ത് സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും അടുത്ത പന്തിൽ പ്രിൻസ് യാദവ് സിംഗിളെടുത്തു. അഞ്ചാം പന്ത് നേരിട്ട മുഹമ്മദ് ഷമിക്ക് റണ്ണൊന്നും നേടാനായില്ല. ഇതോടെ വിജയലക്ഷ്യം ഒരു പന്തിൽ 7 റൺസ്. അവസാന പന്ത് ഷമി സിക്സറിനു പറത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക്.

മറുപടി ബാറ്റിങ്ങിൽ, രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മിച്ചൽ മാർഷിനെ (3 പന്തിൽ 2) ലക്ൗവിനു നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച എയ്ഡൻ–‌ മാർക്രം– ഋഷഭ് പന്ത് സഖ്യം 57 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർബോർഡിനു ‘ജീവൻ’ വച്ചില്ല. മാർക്രം 27 പന്തിൽ 31 റൺസെടുത്തപ്പോൾ പന്ത് 38 പന്തിലാണ് 42 റൺസെടുത്തത്. 11–ാം ഓവറിൽ മാർക്രത്തെ വീഴ്ത്തി കാമറൂൺ ഗ്രീനാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ഋഷഭ് പന്തിനെ സുനിൽ നരെയ്നും മടക്കി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ലക്നൗ പതറി. നിക്കോളസ് പുരാൻ (12 പന്തിൽ 9), മുകുൾ ചൗധരി (2 പന്തിൽ 1), ആയുഷ് ബദോനി (19 പന്തിൽ 24) എന്നിവർ വീണതോടെ ലക്നൗ ഏതാണ്ട് തോൽവി ഉറപ്പിച്ചു. കിടിലൻ ഫീൽഡിങ്ങും നാലു ക്യാച്ചുകളുമായി റിങ്കു സിങ് കളംനിറഞ്ഞതും ലക്നൗവിനെ പിടിച്ചുകെട്ടാൻ സഹായകമായി. പിന്നീട് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഹിമ്മത്ത് സിങ്ങും (10 പന്തിൽ 19), മുഹമ്മദ് ഷമിയും (6 പന്തിൽ 11*) ചേർന്ന് സമനിലയിലെത്തിക്കുകയായിരുന്നു.

നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിൻ ഖാന്റെ തകർപ്പൻ ബോളിങ് മികവിലാണ് കൊൽക്കത്തയെ ലക്നൗ ചെറിയ സ്കോറിലതൊക്കിയത്. നാല് ഓവറിൽ വെറും 23 റൺസ് മാത്രം വിട്ടുകൊടുത്താണ് മൊഹ്സിൻ അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഈ സീസണിൽ ഒരു ബോളറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. വൈസ് ക്യാപ്റ്റൻ റിങ്കു സിങ്ങിന്റെ (51 പന്തിൽ 83*) ബാറ്റിങ്ങാണ് കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. കാമറൂൺ ഗ്രീൻ (21 പന്തിൽ 34), അജിൻക്യ രഹാനെ (15 പന്തിൽ 10) എന്നിവർ മാത്രമാണ് റിങ്കുവിനെ കൂടാതെ രണ്ടക്കം കടന്നത്. അഞ്ചാം വിക്കറ്റിൽ കാമറൂൺ ഗ്രീനുമായും എട്ടാം വിക്കറ്റിൽ സുനിൽ നരെയ്നുമായും ചേർന്ന് റിങ്കു സിങ്ങിന്റെ കൂട്ടുകെട്ടുകൾ കൊൽക്കത്ത ഇന്നിങ്സിൽ നിർണായകമായി. എട്ടാം വിക്കറ്റൽ നരെയ്ന്റെ സംഭവന 4 റൺസ് മാത്രമാണ്. അഞ്ച് സിക്സും ഏഴു ഫോറുമാണ് റിങ്കുവിന്റെ ബാറ്റിൽനിന്നു പിറന്നത്.

English Summary:

IPL 2026: Lucknow Super Giants vs Kolkata Knight Riders, Live Score

Read Entire Article