Published: January 24, 2026 02:49 PM IST Updated: January 24, 2026 02:56 PM IST
1 minute Read
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ കേരളത്തിനു നാണംകെട്ട തോൽവി. ഇന്നിങ്സിനും 92 റൺസിനുമാണ് കേരളത്തെ ചണ്ഡിഗഡ് തകർത്തത്. ഒന്നാം ഇന്നിങ്സിൽ 277 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം, 185 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മൂന്നാം ദിനം, 2ന് 21 എന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച കേരളത്തിനായി വിഷ്ണു വിനോദ് (43 പന്തിൽ 56), സൽമാൻ നിസാർ (85 പന്തിൽ 53) എന്നിവർ അർധസെഞ്ചറി നേടിയെങ്കിലും തോൽവി ഒഴിവാക്കാൻ ഇതു മതിയായിരുന്നില്ല. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. സ്കോർ: കേരളം– 139, 185. ചണ്ഡിഗഡ്– 416
അഭിഷേക് നായർ (4), രോഹൻ കുന്നുമ്മൽ (11), സച്ചിൻ ബേബി (6), ബാബ അപരാജിത് (17), മുഹമ്മദ് അസഹ്റുദ്ദീൻ (0), അങ്കിത് ശർമ (0), ശ്രീഹരി എസ്.നായർ (2), ഏദൻ ആപ്പിൾ ടോം (14*), എം.ഡി.നിധീഷ് (12) എന്നിങ്ങനെയാണ് രണ്ടാ ഇന്നിങ്സിൽ കേരളത്തിന്റെ മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ചണ്ഡിഗഡിനായി രോഹിത് ദണ്ഡ നാലു വിക്കറ്റ് വീഴത്തിയപ്പോൾ വിഷു കശ്യപ് മൂന്നു വിക്കറ്റെടുത്തു.
തോൽവിയോടെ കേരളത്തിന്റെ നോക്കൗട്ട് സാധ്യതകൾ അടഞ്ഞു. എലീറ്റ് ഗ്രൂപ്പ് ബിയിൽ രണ്ടു തോൽവിയും നാല് സമനിലയുമായി അവസാന സ്ഥാനത്താണ് ഇപ്പോൾ കേരളം. കേരളത്തിനു പിന്നിലുണ്ടായിരുന്ന ചണ്ഡിഗഡ് ജയത്തോടെ ഏഴാം സ്ഥാനത്തേയ്ക്കു കയറി. ഗ്രൂപ്പിനലെ ഏറ്റവും ദുർബലരായ ടീമിനോടു പോലും ജയിക്കാനാകാതെ പോയതോടെയാണ് നോക്കൗട്ട് സാധ്യതകൾ അടഞ്ഞത്. 29 മുതൽ ഗോവയ്ക്കെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.
ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ മനൻ വോറയുടെയും (113)അർജുൻ ആസാദിന്റെയും (102) സെഞ്ചറികളുടെ കരുത്തിലാണ് ചണ്ഡിഡ് 416 റൺസുയർത്തിയത്. 277 റൺസിന്റെ മികച്ച ലീഡും നേടി. ആദ്യദിനം കേരള ബാറ്റർമാർ തകർന്നടിഞ്ഞ മംഗലപുരം കെസിഎ സ്റ്റേഡിയത്തിലെ പിച്ചിൽ രണ്ടാം ദിനം ചണ്ഡിഗഡിന്റെ മനൻ വോറയും അർജുൻ ആസാദും ചേർന്ന് തകർത്തടിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 161 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. പിന്നാലെയെത്തിയ ശിവം ഭാംബ്രി (41), അർജിത് സിങ് (52), വിഷു കശ്യപ് (31)എന്നിവരും സ്കോർ ഉയർത്തി. കേരള ബോളർമാർക്കു കാര്യമായ ഒരു ചലനവും സൃഷ്ടിക്കാനായില്ല. 4 വിക്കറ്റുമായി ഏദൻ ആപ്പിൾ ടോമാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ.
English Summary:







English (US) ·