രണ്ടടിച്ച് സേഫായി യുഎസ്എ, മറുപടി നൽകാനാകാതെ ഓസ്ട്രേലിയ, രണ്ടാം വിജയവുമായി നോക്കൗട്ട് എൻട്രി

1 month ago 5

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: June 20, 2026 03:20 AM IST

2 minute Read

മത്സരത്തിനിടെ യുഎസ്– ഓസ്ട്രേലിയ താരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം. 
Photo by JAMIE SQUIRE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
മത്സരത്തിനിടെ യുഎസ്– ഓസ്ട്രേലിയ താരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം. Photo by JAMIE SQUIRE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

തുടർച്ചയായ രണ്ടാം വിജയത്തോടെ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ കടന്ന് ആതിഥേയരായ യുഎസ്എ. ഓസ്ട്രേലിയയ്ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ യുഎസിന് ഡ‍ി ഗ്രൂപ്പിൽ ആറു പോയിന്റായി. രണ്ടാം മത്സരം തോറ്റെങ്കിലും ഒരു വിജയവുമുള്ള ഓസ്ട്രേലിയ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ പാരഗ്വായ്ക്കെതിരെ യുഎസ് 4–1ന്റെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ തുർക്കിയോടു തോറ്റാലും പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ യുഎസിന് ഫിനിഷ് ചെയ്യാനാകും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്കു കടക്കുക. 2022 ലെ ഖത്തർ ലോകകപ്പിൽ യുഎസ് പ്രീക്വാർട്ടർ കളിച്ചിരുന്നു. നെതര്‍ലൻഡ്സിനോട് 3–1ന് തോറ്റതോടെയാണ് ഖത്തർ ലോകകപ്പിൽനിന്ന് യുഎസ് പുറത്താകുന്നത്. ഡി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ തകർത്തു കളിച്ച യുഎസിനു മുന്നിൽ പിടിച്ചുനിൽക്കാൻ പോലും ഓസ്ട്രേലിയയ്ക്കു സാധിച്ചില്ല.

What you should work next

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ യുഎസ്എയുടെ ആധിപത്യം മത്സരത്തിൽ പ്രകടമായിരുന്നു. അതേസമയം പന്തു കൈവശം വച്ചു കളിക്കാൻ സാധിക്കാത്തത് ഓസ്ട്രേലിയയ്ക്കു തിരിച്ചടിയായി. 11–ാം മിനിറ്റിൽ യുഎസ് താരം ഫൊലാരിൻ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്ട്രേലിയയുടെ സെൽഫ് ഗോളിൽ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗൺ ഓസ്ട്രേലിയൻ ബോക്സിലേക്കു നല്‍കിയ ക്രോസ് തടയാനുള്ള കാമറൂൺ ബോർജസിന്റെ ശ്രമം പിഴച്ചു. ബോർജസിന്റെ കാലിൽ തട്ടിയ പന്ത് നേരെ സ്വന്തം വലയിൽ. സെൽഫ് ഗോളിൽ യുഎസ് മുന്നിൽ. 1–0. തൊട്ടടുത്ത മിനിറ്റിൽ തന്നെ സമനില പിടിക്കാനുള്ള ശ്രമങ്ങൾ ഓസ്ട്രേലിയ ആരംഭിച്ചു. 12–ാം മിനിറ്റിൽ സോക്കറൂസ് താരം മാത്യു ലക്കിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.

15–ാം മിനിറ്റിൽ യുഎസ് താരം മാലിക് ടിൽമാൻ എടുത്ത കോർണർ കിക്കിൽ തലവച്ച് യുഎസ് ലീഡ് രണ്ടാക്കാനുള്ള വെസ്റ്റൻ മക്കെന്നിയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. ഓസ്ട്രേലിയൻ താരം ജോര്‍ദാൻ ബോസ് പന്തു പ്രതിരോധിച്ചു. പിന്നാലെ വെസ്റ്റൻ മക്കെന്നിയെ ഫൗൾ ചെയ്തതിന് ജോർദാൻ യെല്ലോ കാർഡും കണ്ടു. ലീഡെടുത്തതിനു ശേഷവും ആക്രമണങ്ങളിൽ ഓസ്ട്രേലിയയ്ക്കു മേൽ നിയന്ത്രണം സ്ഥാപിക്കാൻ യുഎസിനു സാധിച്ചിരുന്നു. 43–ാം മിനിറ്റിൽ എടുത്ത ഫ്രീകിക്കിലാണ് യുഎസിന്റെ രണ്ടാം ഗോളെത്തുന്നത്. കിക്കെടുത്ത അന്റോണീ റോബിന്‍സൻ പന്ത് ഗോൾ ആർക്കിലേക്കാണു നൽകിയത്. പന്തെടുത്ത സെർജിനോ ‍ഡസ്റ്റ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും, ഓസ്ട്രേലിയൻ പ്രതിരോധ താരത്തിൽ തട്ടി ഉയർന്നുപൊങ്ങി. ഈ സമയത്ത് ഗോൾപോസ്റ്റിനു തൊട്ടുമുന്നിലെത്തിയ അലക്സ് ഫ്രീമാൻ പന്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു. ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയെങ്കിലും ‘വാർ’ പരിശോധനകൾക്കു ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. സ്കോര്‍ 2–0. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ബോക്സിനു പുറത്തുനിന്ന് സെർജിനോ ഡസ്റ്റ് യുഎസിന്റെ മൂന്നാം ഗോൾ നേടാൻ ശ്രമിച്ചെങ്കിലും, ഓസ്ട്രേലിയൻ ഗോൾ കീപ്പർ പാട്രിക് ബീച്ച് തടുത്തിട്ടു. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ സ്കോർ 2–0.

What you should work next

രണ്ടാം പകുതിയിൽ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ കളിക്കാനിറങ്ങിയത്. െനസ്റ്റോറി ഇറൻകുഡ, ജേസൺ ജെറിയ, കോണർ മെറ്റ്കാഫ് എന്നിവർ പകരക്കാരായി ഗ്രൗണ്ടിലെത്തി. ആദ്യ പകുതിയിലെ ഷോട്ടുകളുടെ എണ്ണത്തിൽ 9–2ന് പിന്നിലായതോടെയാണ് രണ്ടാം പകുതിക്കു മുൻപേ മൂന്ന് സബ്സ്റ്റിറ്റ്യൂട്ടുകളെ പരീക്ഷിക്കാൻ ഓസ്ട്രേലിയ നിർബന്ധിതരായത്. എന്നാൽ രണ്ടാം പകുതിയിലും ആദ്യ മിനിറ്റുകളിൽ യുഎസ് തന്നെയായിരുന്നു ആക്രമണത്തിൽ മുന്നിൽ. 51–ാം മിനിറ്റിൽ പന്തുമായി കുതിച്ച യുഎസ് താരം ഫൊലാരിൻ ബലോഗൻ‌ ഷോട്ടെടുത്തെങ്കിലും ഓസീസ് താരം അലെസാണ്ട്രോ സിർകാറ്റി പ്രതിരോധിച്ചു. പിന്നാലെ മാലിക് ടിൽമാൻ എടുത്ത ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല. 61–ാം മിനിറ്റിൽ ടീമിൽ നാലാം മാറ്റവും ഓസ്ട്രേലിയ കൊണ്ടുവന്നു. മാത്യു ലെക്കിയെ പിൻവലിച്ച് ക്രിസ്റ്റ്യൻ വൊൽപാറ്റോ ഇറങ്ങി. 62–ാം മിനിറ്റിൽ തന്നെ ഗോൾ നീക്കം നടത്തിയ ക്രിസ്റ്റ്യൻ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ പന്ത് ഗോളാകാതെ ക്രോസ് ബാറിനു മുകളിലൂടെ പോയി.

ഏതാനും ആക്രമണങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണം യുഎസിനു തന്നെയായിരുന്നു. രണ്ടാം പകുതിയിൽ 70 മിനിറ്റുകൾക്കു ശേഷം പല തവണ ഓസ്ട്രേലിയൻ ബോക്സിലേക്കു പന്തുമായി യുഎസ് എത്തിയെങ്കിലും ഗോളടിക്കാൻ പാകത്തിന് നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. 87–ാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം അലക്സാണ്ട്രോ സിർകാറ്റിയുടെ ഗോൾ ശ്രമം ലക്ഷ്യം കാണാതെ പോയി. അവസാന മിനിറ്റുകളിൽ മത്സരം കയ്യാങ്കളിയിലെത്തി. യുഎസ് താരം ഫൊലാരിൻ ബലോഗനും ഓസ്ട്രേലിയയുടെ ഹാരി സൗത്താറും യെല്ലോ കാർഡ് കണ്ടു. ആറു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. എന്നാല്‍ ഈ സമയത്തും ഗോൾ മടക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കാതിരുന്നതോടെ മത്സരം 2–0ന് അവസാനിച്ചു.

English Summary:

USA Clinches FIFA World Cup Knockout Berth with 2-0 Win Over Australia

Read Entire Article