രണ്ടാം പകുതിയിൽ പേസ് വിപ്ലവം; പിച്ചിന്റെ സ്വഭാവം മാറി, ബോളിങ്ങിലെ കരുത്തർ പട്ടികയിലും മുന്നിൽ

2 weeks ago 4

നിർത്താതെ പെയ്ത റൺമഴയ്ക്കായിരുന്നു ഐപിഎൽ 19–ാം സീസണിന്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ പേസ് ബോളർമാർ പൂത്തുലയുന്ന കാഴ്ചകണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബാറ്റർമാരുടെ കരുത്തിൽ മാത്രം കുതിച്ച ടീമുകൾക്കു കാലിടറിയപ്പോൾ മികച്ച പേസ് ബോളർമാരുള്ള ടീമുകൾ  പോയിന്റ് ടേബിളിന്റെ തലപ്പത്തേക്ക് എത്തി. നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള നാലു ടീമുകളിൽ മൂന്നും മികച്ച പേസ് ബോളർമാരുടെ കരുത്തിലാണ് ആ സ്ഥാനത്തെത്തിയത്.

പിച്ചിലും മാറ്റങ്ങൾ

സീസണിന്റെ തുടക്കത്തിൽ 50 മത്സരം പൂർത്തിയായപ്പോൾ 41 തവണയാണ് ടീം ടോട്ടൽ 200നു മുകളിലെത്തിയത്. എന്നാൽ രണ്ടാംപകുതിയിൽ ടീമുകൾ വളരെ വിരളമായാണ് 180നു മുകളിൽ സ്കോർ ചെയ്തത്. പിച്ചുകൾക്കു സംഭവിച്ച സ്വാഭാവിക മാറ്റവും കാലാവസ്ഥയുമാണ് ഇതിനു പ്രധാന കാരണം. കറുത്ത മണ്ണിലും ചുവന്ന മണ്ണിലുമുള്ള പിച്ചുകളാണ് വിവിധ സ്റ്റേഡിയങ്ങളിൽ ഒരുക്കിയിരുന്നത്. ബാറ്റിങ്ങിന് അനുകൂലമായ ചുവന്ന മണ്ണിൽ തീർത്ത പിച്ചിലായിരുന്നു ആദ്യഘട്ട മത്സരങ്ങൾ. ഈ പിച്ചുകൾ പഴകിത്തുടങ്ങിയതോടെ, മത്സരങ്ങൾ കറുത്ത മണ്ണിൽ നിർമിച്ച പിച്ചിലേക്ക് മാറ്റി. ഈർപ്പം നിലനിൽക്കുന്ന, പേസർമാർക്ക് പിന്തുണ ലഭിക്കുന്നവയാണ് ഇത്തരം പിച്ചുകൾ. ഇതാണ് പേസർമാരുടെ ആധിപത്യത്തിനു കാരണം. കനത്ത ചൂടുമാറി, പല ഭാഗങ്ങളിലും മഴ തുടങ്ങിയതും പിച്ചിലെ ഈർപ്പത്തെ സഹായിച്ചു. ഇതും പേസർമാർക്ക് അനുഗ്രഹമായി.

യുവ റൈസേഴ്സ്

സീസൺ തുടക്കത്തിൽ പരുങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ പിന്നീട് ഉദിച്ചുയരാൻ സഹായിച്ചത് രണ്ട് യുവ പേസർമാരുടെ വരവാണ്; പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും. ആദ്യ 4 മത്സരങ്ങളിൽ മൂന്നും തോറ്റ ഹൈദരാബാദ്, അഞ്ചാം മത്സരത്തിലാണ് പ്രഫുൽ– സാകിബ് സഖ്യത്തെ കളത്തിൽ ഇറക്കിയത്. പിന്നീടങ്ങോട്ട് തുടർച്ചയായ 5 ജയങ്ങളാണ് ഹൈദരാബാദ് പിടിച്ചെടുത്തത്. എല്ലാറ്റിലും ഈ പേസ് ജോടിയുടെ പ്രകടനം നിർണായകമായി. പരുക്കുമൂലം ചില മത്സരങ്ങളിൽ പ്രഫുലിന് വിട്ടുനിൽക്കേണ്ടിവന്നപ്പോൾ ക്യാപ്റ്റൻ പാറ്റ് കമിൻസാണ് സാകിബിന് കൂട്ടായി എത്തിയത്. ന്യൂബോളിൽ എക്സ്ട്രാ ബൗൺസ് കണ്ടെത്താനുള്ള കഴിവാണ് പ്രഫുലിനെ അപകടകാരിയാക്കുന്നത്. സ്ലോബോൾ യോർക്കറുകളും കട്ടർ ബോളുകളുമാണ് സാകിബിന്റെ മിടുക്ക്.

 രാജസ്ഥാൻ താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ഹൈദരാബാദ് പേസർ പ്രഫുൽ ഹിംഗെയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (PTI Photo/Shahbaz Khan)

രാജസ്ഥാൻ താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ഹൈദരാബാദ് പേസർ പ്രഫുൽ ഹിംഗെയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (PTI Photo/Shahbaz Khan)

ഗംഭീരം ഗുജറാത്ത്

സീസണിലുടനീളം ആദ്യ 4ൽ സ്ഥാനം നിലനിർത്തിയ ചുരുക്കം ടീമുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റൻസ്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെ തോൽപിച്ചതോടെ 16 പോയിന്റുമായി പ്ലേഓഫ് സ്ഥാനം 99 ശതമാനം ഉറപ്പാക്കാനും അവർക്കു സാധിച്ചു. ടീമിന്റെ ഈ സ്ഥിരതയ്ക്കു പിന്നിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചത് പ്രധാനമായും രണ്ട് പേസർമാരാണ്– കഗീസോ റബാദയും മുഹമ്മദ് സിറാജും. പവർപ്ലേയിൽ 6 ഓവറും പങ്കിട്ടെറിയുന്ന ഏക പേസ് ജോടിയാണ് സിറാജ്– റബാദ സഖ്യം. ഇതിന്റെ ഗുണം സീസണിൽ ഉടനീളം ഗുജറാത്തിന് ലഭിച്ചു. സ്വിങ്ങും സീമുമായി ഒരു എൻഡിൽ തുടർച്ചയായി ഡോട്ട് ബോളുകൾ എറിഞ്ഞ് സിറാജ് സമ്മർദമുണ്ടാക്കുമ്പോൾ മറുവശത്ത് മണിക്കൂറിൽ 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തുകയാണ് റബാദയുടെ ജോലി. സിറാജ്– റബാദ സഖ്യത്തിന്റെ ഈ പരസ്പര ധാരണയാണ് ഗുജറാത്തിന്റെ കരുത്ത്.

kagiso-rabada

കഗിസോ റബാദ

ബെംഗളൂരുവിന്റെ ഭാഗ്യം

ഐപിഎൽ ചരിത്രത്തിൽ തന്നെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു കഴിഞ്ഞ സീസണിൽ പേസർ ഭുവനേശ്വർ കുമാറിനെ ടീമിലെത്തിച്ചത്. ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് കൂടി എത്തിയതോടെ കരുത്തു കൂടി. ന്യൂബോളിൽ സ്വിങ് മാജിക്കും ഡെത്ത് ഓവറുകളിൽ പെർഫക്ട് യോർക്കറുകളുമായി തിളങ്ങുന്ന ഭുവിക്കാണ് നിലവിൽ പർപ്പിൾ ക്യാപ്. കൃത്യതയാണ് ഹെയ്സൽവുഡിന്റെ മുഖമുദ്ര. എതിർ ടീമിലെ ഇൻഫോം ബാറ്ററെ വീഴ്ത്തുന്നത് ശീലമാക്കിയ ഹെയ്സൽവുഡ്, ഭുവിക്കു ശക്തമായ പിന്തുണ നൽകിയതോടെയാണ് പല മത്സരങ്ങളും ബെംഗളൂരു അനായാസം ജയിച്ചത്.

പഞ്ചാബിന്റെ പരിഭവം

പോയിന്റ് ടേബിളിൽ ആദ്യ നാലിലുള്ള മറ്റ് 3 ടീമുകളും ‘പേസ് ബ്രോസിന്റെ’ കരുത്തിൽ കുതിക്കുമ്പോൾ പഞ്ചാബ് കിങ്സ് മാത്രം പരിഭവത്തിലാണ്. അർഷ്ദീപ് സിങ്ങിനൊരു പങ്കാളിയെ കണ്ടെത്താൻ സാധിക്കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്നം. അപരാജിത കുതിപ്പിനു പിന്നാലെ തുടർ തോൽവികളിലേക്കു ടീമിനെ തള്ളിയിട്ടതും ഈ ‘പങ്കാളി’ പ്രശ്നം തന്നെ. ലോക്കി ഫെർഗൂൻ, മാർക്കോ യാൻസൻ, സേവിയർ ബാർട്‌ലെറ്റ്, ബെൻ ഡ്വാർഷസ്, വി.വൈശാഖ്, യഷ് ഠാക്കൂർ തുടങ്ങി അര ഡസൻ പേസർമാരെ അർഷ്ദീപിനൊപ്പം പവർപ്ലേയിൽ പരീക്ഷിച്ചിട്ടും പെർഫക്ട് കോംബോ കണ്ടെത്താൻ പഞ്ചാബിനു സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽ 13 വിക്കറ്റ് നേടിയ അർഷ്ദീപിനെ മാറ്റിനിർത്തിയാൽ പത്തിലധികം വിക്കറ്റ് നേടിയ ഒരു ബോളർപോലും പഞ്ചാബ് നിരയിലില്ല.

അർഷ്‌ദീപ് സിങ് (X/BCCI)

അർഷ്ദീപ് സിങ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@BCCI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ഒറ്റയ്ക്കു പറ്റില്ല

പങ്കാളിയില്ലാതെ ഒറ്റപ്പെട്ടുപോയ ചില പ്രീമിയം പേസർമാരുമുണ്ട്. പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിനു തിരിച്ചടിയായത് ജസ്പ്രീത് ബുമ്രയ്ക്കൊരു കൂട്ടാളി ഇല്ലാതെ പോയതാണ്. ട്രെന്റ് ബോൾട്ടും ദീപക് ചാഹറും ഷാർദൂൽ ഠാക്കൂറും ഉൾപ്പെടെ പലരും മാറിമാറി വന്നെങ്കിലും ബുമ്രയ്ക്കൊപ്പം സ്ഥിരത നേടാൻ ആർക്കും സാധിച്ചില്ല. ലക്നൗ സൂപ്പർ ജയന്റ്സിന് പുറത്തേക്കുള്ള വഴി തുറന്നതും ഇതേ പ്രശ്നം തന്നെ. പവർപ്ലേയിൽ മുഹമ്മദ് ഷമിക്കൊപ്പം സ്ഥിരതയുള്ള ഒരു പേസറെ കണ്ടെത്താൻ അവർക്കു സാധിച്ചില്ല. പ്രിൻസ് യാദവും മൊഹ്സിൻ ഖാനും ആവേശ് ഖാനും ഉൾപ്പെടെയുള്ള യുവ പേസർമാർ മധ്യനിരയിൽ മികവു കാട്ടുമ്പോഴും ന്യൂബോളിൽ ഷമി ഒറ്റപ്പെട്ടുപോയി.

English Summary:

IPL 2026: The Rise of the Pace Bowlers

Read Entire Article