രണ്ടാം സ്ഥാനക്കാരെ വിറപ്പിച്ച 64–ാം റാങ്കുകാർ, അർജന്റീനയുടെ വിജയത്തേക്കാൾ വീര്യമുണ്ട് ഈ തോൽവിക്ക്, ക്ലാസിക് കാബോ വെര്‍ദെ

2 weeks ago 5

ഒടുവിൽ അതു സംഭവിച്ചു. ആദ്യ ലോകകപ്പ് കളിക്കാനിറങ്ങി സമനില തെറ്റാതെ നോക്കൗട്ട് വരെയെത്തിയ കാബോ വെർദെ ലോകകപ്പിൽനിന്നു പുറത്തായി. വെറുതെ അങ്ങ് പുറത്തായതല്ല, നിലവിലെ ലോകചാംപ്യന്‍മാരെ എക്സ്ട്രാ ടൈം വരെ വലിച്ചിഴച്ച ശേഷം 3–2ന്റെ വീരോചിതമായ തോൽവിയാണ് കാബോ വെർദെ വഴങ്ങിയത്. അർജന്റീനയുടെ പ്രീക്വാർട്ടർ എൻട്രിയെക്കാള്‍, ലോകം ചർച്ച ചെയ്യുക കാബോ വെർദെയുടെ ഈ പോരാട്ട വീര്യമാകും. ഫിഫ റാങ്കിങ്ങിലെ 64–ാം സ്ഥാനക്കാരായ ടീമിനെതിരെ രണ്ടാം റാങ്കുകാർ മറുപടിയില്ലാത്ത വിജയം പ്രതീക്ഷിച്ചാകണം മയാമിയിൽ പന്തു തട്ടാനിറങ്ങിയത്. പക്ഷേ അർജന്റീനയുടെ ഓരോ ഗോളിനും മറുപടിയൊരുക്കിയ കാബോ വെർദെ, അവസാന സെക്കൻഡുവരെ പൊരുതിയാണ് ഈ ലോകകപ്പിനോടു വിട പറയുന്നത്. ഈ മത്സരം കണ്ട അർജന്റീന ആരാധകര്‍ വരെ പറഞ്ഞുപോകും– ‘ഇങ്ങനെ ജയിച്ചിട്ട് എന്തിന്?’. ലോകകപ്പ് ഉള്ളിടത്തോളം കാലം ചർച്ച ചെയ്യപ്പെടാൻ‍ പോകുന്നൊരു ക്ലാസിക് പോരാട്ടത്തിനാണ് മയാമിയിൽ ഫൈനൽ വിസിൽ മുഴങ്ങിയത്. 3–2 ന് വിജയിച്ച അർജന്റീന പ്രീക്വാർട്ടറിൽ ഈജിപ്തിനെ നേരിടും. അർജന്റീനയ്ക്കായി ലയണൽ മെസ്സി (29), ലിസാൻഡ്രോ മാർട്ടിനസ് (92) എന്നിവരാണു ഗോളുകൾ നേടിയത്. എക്സ്ട്രാ ടൈമിൽ 111–ാം മിനിറ്റിലെ കാബോ വെർദെ താരം ഡിനെ ബോർജസിന്റെ സെൽഫ് ഗോളാണ് അർജന്റീനയ്ക്ക് വിജയം നേടിക്കൊടുത്തത്. ഡെറോയ് ഡുവാർത്തെ (59), സിഡ്നി ലോപസ് കബ്രാൾ (103) എന്നിവരാണ് കാബോ വെർദെയുടെ ഗോൾ സ്കോറര്‍മാർ.

മെസ്സിയുടെ 20–ാം ഗോൾ

ഏഴാം മിനിറ്റിൽ അർജന്റീന ഗോൾ മുഖത്തെ വിറപ്പിച്ചാണ് കാബോ വെര്‍ദെ കളി തുടങ്ങിയത്. കാബോ വെർദെ താരം റയാൻ മെൻഡസിന്റെ ദുർബലമായ ഷോട്ട് അര്‍ജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് പിടിച്ചെടുത്തു. പൊസഷന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലായിട്ടും അർജന്റീനയുടെ മികച്ചൊരു ഗോൾ നീക്കമുണ്ടായത് 15–ാം മിനിറ്റിലാണ്. ലയണൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിനു ഭീഷണിയാകാതെ ഗോൾ കിക്കായി. 17–ാം മിനിറ്റിൽ കാബോ വെർദെ താരം ജൊവാൻ കബ്രാളിന്റെ ഫൗളിൽ അര്‍ജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിനു മുന്നിൽ കബോ വെർദെ ഗോളി വൊസീഞ്ഞ പിടിച്ചെടുത്തു. എന്നാൽ ഹൈഡ്രേഷൻ‍ ബ്രേക്കുവരെ അർജന്റീനയെ തടുത്തുനിർത്താൻ മാത്രമാണ് കാബോ വെർദെയ്ക്കു സാധിച്ചത്.

What you should work next

29–ാം മിനിറ്റിൽ ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ലിയാൻഡ്രോ മാർട്ടിനസ് പ്രതിരോധ നിരയ്ക്കു മുകളിലൂടെ ഉയർത്തി നൽകിയ പന്തിലേക്ക് ഓടിയെത്തിയ മെസ്സി, കാബോ വെർദെ ഗോളിയുടെ തലയ്ക്കു മുകളിലൂടെയാണ് പന്തു വലയിലെത്തിച്ചത്. സ്കോർ 1–0. 2026 ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഈ ഗോളോടെ ലോകകപ്പിൽ 20 ഗോളുകളെന്ന നേട്ടത്തിലെത്തുന്ന ആദ്യ താരമായി മെസ്സി. മത്സരത്തിന്റെ 45–ാം മിനിറ്റിൽ അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടാനുള്ള എൻസോ ഫെർണാണ്ടസിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. താരത്തിന്റെ നീക്കം കാബോ വെർദെ ഗോളി വൊസീഞ്ഞ സേവ് ചെയ്യുകയായിരുന്നു. ആദ്യ പകുതിക്കു നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ അർജന്റീന 1–0ന് മുന്നിൽ.

ഗോൾ നേടിയ അർജന്റീന താരങ്ങളുടെ ആഹ്ലാദം. (Photo by Michael Reaves / Getty Images via AFP)

ഗോൾ നേടിയ അർജന്റീന താരങ്ങളുടെ ആഹ്ലാദം. (Photo by Michael Reaves / Getty Images via AFP)

അർജന്റീന മാത്രമല്ല, ലോകം ഞെട്ടിയ മറുപടി ഗോൾ

രണ്ടാം പകുതിക്കും കാബോ വെർദെയുടെ ആക്രമണത്തോടെയാണു തുടക്കമായത്. 49–ാം മിനിറ്റിൽ സിഡ്നി ലോപ്പസ് കബ്രാൾ എടുത്ത കോർണറിൽ ജൊവേൻ കബ്രാളിന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. തൊട്ടുപിന്നാലെ ലഭിച്ച കോർണറും ലക്ഷ്യത്തിലെത്തിക്കാൻ കാബോ വെർദെയ്ക്കു സാധിച്ചില്ല. 54–ാം മിനിറ്റിൽ വീണ്ടും കാബോ വെർദെയുടെ ആക്രമണം. ഡെറോയി ഡുവാർത്തെ പെനാൽറ്റി ആർക്കിനു മുന്നില്‍നിന്നും തൊടുത്തുവിട്ട ഷോട്ട് അർജന്റീന ഗോൾ കീപ്പർ ഡൈവ് ചെയ്തു കൈപ്പിടിയിലാക്കി. രണ്ടാം പകുതിയിൽ സമനില ഗോളിനായി പരമാവധി പൊരുതുന്ന കാബോ വെർദെയെയാണ് ഗ്രൗണ്ടിൽ കണ്ടത്.

59–ാം മിനിറ്റിൽ അർജന്റീനയെ ഞെട്ടിച്ച് കാബോ വെർദെ സമനില ഗോൾ സ്വന്തമാക്കി. പെനാൽറ്റി ഏരിയയുടെ വലതു മൂലയിൽനിന്ന് റയാൻ മെൻഡസിന്റെ പാസിൽ പന്തു ലഭിച്ച ഡെറോയ് ഡുവാർത്തെ അർജന്റീന ഗോൾ കീപ്പറെ മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു. ഗോൾ ഏരിയയോടു ചേര്‍ന്ന് വലതു മൂലയിൽനിന്ന് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ഡെറോയ് പന്ത് അടിച്ചുകയറ്റി. സ്കോർ 1–1. സമനില ഗോൾ വഴങ്ങിയതോടെ വീണ്ടും ലീഡെടുക്കാൻ അർജന്റീന ശ്രമങ്ങൾ തുടങ്ങി. 63–ാം മിനിറ്റിൽ മെസ്സിയുടെ ഗോൾ നീക്കം, കാബോ വെർദെ ഗോളി വൊസീഞ്ഞ തടഞ്ഞു. ഗോൾ വീണതിനു പിന്നാലെ അർജന്റീന ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. ലൊതാരോ മാർട്ടിനസിനെയും തിയാഗോ അൽമാഡയെയും പിൻവലിച്ച് യൂലിയൻ അൽവാരസും നകോ ഗോൺസാലസും കളിക്കാനിറങ്ങി. 71–ാം മിനിറ്റിൽ ലയണൽ മെസ്സിയെ പെനാൽറ്റി ഏരിയയുടെ വലത് മൂലയിൽനിന്ന് കാബോ വെർദെ താരം ഡെറോയ് ഡുവാർത്തെ ഫൗൾ ചെയ്തു വീഴ്ത്തി. മെസ്സിക്ക് ഗോളടിക്കാൻ ഏറ്റവും സൗകര്യമുള്ള പൊസിഷനിൽ പന്തു ലഭിച്ചിട്ടും മുതലെടുക്കാനായില്ല. മെസ്സിയുടെ ഷോട്ട് സേവ് ചെയ്ത് വൊസീഞ്ഞ.

 AFP

കാബോ വെർദെയ്ക്കായി ഗോൾ നേടിയ സിഡ്നി ലോപ്പസ് കബ്രാളിന്റെ ആഹ്ലാദം. Photo: AFP

പിന്നാലെ റോഡ്രിഗോ ഡിപോൾ എടുത്ത ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല. 81–ാം മിനിറ്റിൽ അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന്റെ ലോ ക്രോസ് പ്രതിരോധിച്ച പികോ ലോപസും കാബോ വെർദെയുടെ രക്ഷകനായി. സമനില പിടിച്ചതോടെ പ്രതിരോധം ശക്തമാക്കിയ കാബോ വെർദെ ഫൈനൽ തേർഡിൽ അർജന്റീനയെ വെള്ളം കുടിപ്പിച്ചു. എട്ടു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. ഇൻജറി ടൈമിൽ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് മെസ്സിയെ വീഴ്ത്തി ഡെറോയ് ഡുവാർത്തെ. അർജന്റീനയ്ക്കായി ഫ്രീകിക്കെടുത്ത മെസ്സിയുടെ ഷോട്ട്, ഗോൾ കീപ്പർ വൊസീഞ്ഞ വീണ്ടും തടുത്തിട്ടു. ഡിഫ്ലക്ഷനിൽ എൻസോ ഫെർണാണ്ടസിന്റെ ഹെഡറും വൊസിഞ്ഞ പിടിച്ചെടുത്തു. എട്ട് മിനിറ്റ് ഇൻജറി ടൈമും തീർന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിലും വിസ്മയം

എക്സ്ട്രാ ടൈമിനു തുടക്കമായതിനു പിന്നാലെ 92–ാം മിനിറ്റിൽ അർജന്റീന വീണ്ടും മുന്നിലെത്തി. ലിസാൻഡ്രോ മാർട്ടിനസിന്റെ വകയായിരുന്നു ഗോൾ. ലയണൽ മെസ്സിയുടെ കോർണർ കിക്കിൽ അലക്സിസ് മാക് അലിസ്റ്റർ വഴി ലിസാൻഡ്രോ മാർട്ടിനസിലേക്ക് പന്തെത്തുകയായിരുന്നു. കാബോ വെർദെ ഗോളി വൊസീഞ്ഞയുടെ സാധ്യതകൾ ഇല്ലാതാക്കി അതിവേഗ നീക്കത്തിലൂടെ മാർട്ടിനസ് ലക്ഷ്യം കണ്ടു. സ്കോർ 2–1. എക്സ്ട്രാ ടൈമിന്റെ 98–ാം മിനിറ്റിൽ ലയണൽ മെസ്സിയും തൊട്ടുപിന്നാലെ യൂലിയൻ അൽവാരസും ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ് സാധ്യമായില്ല. എക്സ്ട്രാ ടൈമിൽ മത്സരം 2–1ന് അർജന്റീന ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് കാബോ വെർദെ പ്രതിരോധ താരം സിഡ്നി ലോപസ് കബ്രാൾ ഞെട്ടിച്ചത്. ഇടതു വിങ്ങിലൂടെ പന്തുമായി അർജന്റീന ബോക്സിലേക്കു കയറിയ കബ്രാൾ, ഡിബു മാർട്ടിനസിന്റെ സാധ്യതകൾ ഇല്ലാതാക്കി വലയുടെ ടോപ് കോർണറിലേക്ക് ലക്ഷ്യമിട്ടു. വീണ്ടും സമനില 2–2.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി കാബോ വെർദെ ആക്രമണം കടുപ്പിച്ചു. യാനിക് സെമദോയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കു പോയി. 110–ാം മിനിറ്റിൽ അർജന്റീന മൂന്നാം ഗോളടിച്ചു. ലയണൽ മെസ്സി എടുത്ത കോർണറിൽ കാബോ വെർദെ താരം ഡിനെ ബോർജസിന്റെ സെൽഫ് ഗോളാണ് അർജന്റീനയെ മൂന്നാം തവണയും മുന്നിലെത്തിച്ചത്. 116–ാം മിനിറ്റിൽ കാബോ വെർദെയ്ക്കായി വീണ്ടും സമനില ഗോൾ നേടാനുള്ള സി‍ഡ്നി ലോപസ് കബ്രാളിന്റെ ശ്രമം അർജന്റീന ഗോളി ഡിബു മാർട്ടിനസ് പരാജയപ്പെടുത്തി. പിന്നാലെ കാബോ വെർദെ താരം ഡിനെ ബോർജസിന്റെ ശ്രമവും അർജന്റീന ഗോളി സേവ് ചെയ്തു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ അർജന്റീന പ്രീക്വാർട്ടറിൽ. ഈജിപ്താണ് അടുത്ത റൗണ്ടിൽ അർജന്റീനയുടെ എതിരാളികൾ.

അർജന്റീന vs കാബോ വെർദെ മത്സരത്തിൽ നിന്ന്. (Photo by CHANDAN KHANNA / AFP)

അർജന്റീന vs കാബോ വെർദെ മത്സരത്തിൽ നിന്ന്. (Photo by CHANDAN KHANNA / AFP)

English Summary:

Argentina narrowly defeated Cabo Verde successful a thrilling World Cup match. Cabo Verde enactment up a valiant fight, pushing the reigning champions to other clip successful a memorable performance.

Read Entire Article