Published: June 23, 2026 10:32 PM IST Updated: June 24, 2026 04:09 AM IST
2 minute Read
ഹൂസ്റ്റൺ∙ ഫിഫ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് പോർച്ചുഗൽ. മറുപടിയില്ലാത്തെ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ തകർപ്പൻ ജയം. 6, 17, 39, 60, 87 മിനിറ്റുകളിലാണ് പോർച്ചുഗലിന്റെ ഗോളുകൾ പിറന്നത്. സൂപ്പർ താരം റൊണാൾഡോ രണ്ടു തവണയും നൂനോ മെൻഡിസ്, റഫായേൽ ലിയാവോ എന്നിവരും ഉസ്ബെക്കിന്റെ വല കുലുക്കി. ഒരെണ്ണം ഉസ്ബെക്കിസ്ഥാന്റെ സെൽഫ് ഗോളാണ്. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ കളിയുടെ അവസാനം വരെ മേൽക്കൈ നിലനിർത്തി. റദ്ദാക്കിയ ഗോളിനും പാഴായ ഒട്ടേറെ അവസരങ്ങൾക്കുമൊടുവിൽ ഗോളടിക്കാനാകാതെ ടൂർണമെന്റിനു പുറത്തേക്ക് കടക്കുകയാണ് ഉസ്ബെക്കിസ്ഥാൻ.
What you should work next
മത്സരത്തിന്റെ ആറാം മിനിറ്റിൽ വലതു വിങ്ങിൽനിന്നു കാൻസെലോ നൽകിയ ക്രോസ് പോസ്റ്റിന് മുന്നിലായി നിന്ന റൊണാൾഡോ ഷൂട്ട് ചെയ്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ റൊണാൾഡോയുടെ ആദ്യ ഗോൾ. തുടർച്ചയായ ആറു ലോകകപ്പുകളിൽ ഗോളടിക്കുന്ന താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. നാലാം മിനിറ്റിൽ ലഭിച്ച മികച്ചൊരു അവസരം റൊണാൾഡോ പാഴാക്കിയ നിരാശയിലിരിക്കുമ്പോഴാണ് തൊട്ടടുത്ത മിനിറ്റിൽ താരത്തിന്റെ സൂപ്പർ ഗോൾ എത്തുന്നത്. 17–ാം മിനിറ്റിൽ പോർച്ചുഗലിന് ലഭിച്ച ഫ്രീകിക്കും ടീം മുതലാക്കി. പോർച്ചുഗലിന് വേണ്ടി ഫ്രീകിക്ക് എടുത്ത നൂനോ മെൻഡിസ് തൊടുത്ത ലോവർ ഷോട്ട് ഉസ്ബെക് പ്രതിരോധവും മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിലേക്ക്.
രണ്ടു ഗോളുകൾക്ക് മറുപടി നൽകാൻ ഉസ്ബെക്ക് താരങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഹൈഡ്രേഷൻ ബ്രേക്ക് വിളിക്കുന്നത്. 29–ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം ജനീവിന്റെ കലക്കൻ ഷോട്ട് പോർച്ചുഗൽ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കി. പത്തു മിനിറ്റിനുള്ളിൽ ഉസ്ബെക്കിസ്ഥാന് റൊണാൾഡോ വക അടുത്ത പ്രഹരം. 39-ാം മിനിറ്റിൽ സ്വന്തം പകുതിയിൽനിന്നു ബോളുമായി മുന്നേറിയ ബ്രൂണോ ഫെർണാണ്ടസ് സെന്റർ ഹാഫ് പിന്നിട്ടതും ബോൾ വലതു വിങ്ങിലുള്ള റൊണാൾഡോയ്ക്ക് കൈമാറി. ബോക്സികനത്തുവച്ച് ബോൾ സ്വീകരിച്ച റൊണാൾഡോ തൊടുത്ത ക്രോസ് ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ ഗോൾവല കുലുക്കി. ലോകകപ്പിൽ റൊണാൾഡോയുടെ പത്താം ഗോൾ. പോർച്ചുഗൽ–3 ഉസ്ബെക്കിസ്ഥാൻ-0.
ഗോൾ മടക്കാൻ ഉസ്ബെക്കിസ്ഥാനും അവസരങ്ങൾ ലഭിച്ചെങ്കിലും അവ പാഴായി. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ റൊണാൾഡോയ്ക്ക് ഹാട്രിക് തികയ്ക്കാൻ ലഭിച്ച സുവർണാവസരവും മിസ് ആയി. പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു ഷോട്ട് തൊടുക്കാനൊരുങ്ങിയതും ഗോൾ കീപ്പർ ചാടിവീഴുകയായിരുന്നു. ലക്ഷ്യം തെറ്റിയ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ പോർച്ചുഗൽ– 3 ഉസ്ബെക്കിസ്ഥാൻ –0
രണ്ടാം പകുതിയിൽ ഇരു ടീമുകളും പാഴാക്കിയ ഒട്ടേേറെ സുവർണാവസരങ്ങൾക്കൊടുവിൽ അറുപതാം മിനിറ്റിലാണ് പോർച്ചുഗലിനെ ഭാഗ്യം തുണയ്ക്കുന്നത്. പോർച്ചുഗൽ താരം ജാവോ ഫെലിക്സ് എടുത്ത കോർണർ കിക്കിനെത്തുടർന്ന് ബോക്സിനകത്ത് കൂട്ടപ്പൊരിച്ചിലുണ്ടാകുന്നു. പോസ്റ്റിന് തൊട്ടുമുന്നിൽ വച്ച് ഉസ്ബെക് താരം ഗുസാനോവിന്റെ കാലിൽ തട്ടി റീബൗണ്ട് ചെയ്ത പന്ത് ഗോൾ കീപ്പറുടെ കയ്യിൽ തട്ടി പോസ്റ്റിലേക്ക് കയറി. ഉസ്ബെക്കിസ്ഥാന്റെ സെൽഫ് ഗോളിൽ പോർച്ചുഗലിന് 4 ഗോളിന്റെ ലീഡ്. 73-ാം മിനിറ്റിൽ റൊണാൾഡോ മറ്റൊരു ഷോട്ട് പോസ്റ്റിലേക്ക് തൊടുത്തുവിട്ടെങ്കിലും ഗോൾ കീപ്പർ തടുത്തു. 78–ാം മിനിറ്റിൽ ഉസ്ബെക് താരം എൽഡോർ ഷൊമുറോഡോവിന്റെ മനോഹരമായൊരു ഗോൾ ഷോട്ട് പോസ്റ്റിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് തെറിച്ചു.
87-ാം മിനിറ്റിൽ ബോക്സിന്റെ ഇടതു വിങ്ങിന്റെ അതിരിൽ നിന്ന് സെമെൻഡോ നൽകിയ ഡയഗണൽ പാസ് ഗോൾ പോസ്റ്റിന് മുന്നിൽനിന്നു സ്വീകരിച്ച റഫായേൽ ലിയാവോ കൃത്യമായി ഷൂട്ട് ചെയ്ത് ഉസ്ബെക്ക് വല കുലുക്കി. കൂടുതൽ അപകടത്തിൽ നിന്ന് ഒഴിവാകാൻ പോസ്റ്റിന് മുന്നിൽ കോട്ടതീർത്തു തടുത്തുനിന്ന ഉസ്ബെക്ക് താരങ്ങളുടെ നെഞ്ചുലഞ്ഞ നിമിഷം. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഉസ്ബെക്ക് താരങ്ങൾ മനസ്സിലുറപ്പിച്ചിരിക്കണം. അവസാന നിമിഷം വരെ പൊരുതിയെങ്കിലും കാര്യമായ മുന്നേറ്റം നടത്താനാകാത്ത നിരാശയോടെ ഉസ്ബെക്കിസ്ഥാൻ താരങ്ങൾ കളം വിട്ടു.
English Summary:





English (US) ·