മെക്സിക്കോ ആദ്യ ഗോൾ നേടിയതിനു പിന്നാലെ കമന്റേറ്റര്‍മാരിലൊരാൾ പറഞ്ഞു– ‘ഈ സ്റ്റേഡിയം കുലുങ്ങുന്നു’. എൺപത്തിയൊന്നായിരത്തിനടുത്ത് വരുന്ന ആരാധകരുടെ ഗോളാഘോഷത്തില്‍ മെക്സിക്കോ സിറ്റി സ്റ്റേഡിയം വിറച്ച മത്സരത്തിൽ ആതിഥേയർക്ക് ഫിഫ ലോകകപ്പിലെ ആദ്യ വിജയം. കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മെക്സിക്കോ 2–0നാണ് ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടത്. പക്ഷേ അതിരുവിട്ട ഫൗളുകളുടെ പേരിൽ റെഡ് കാർഡുകളുടെ ‘അതിപ്രസരം’ മെക്സിക്കോ വിജയത്തിന്റെ മാറ്റു കുറച്ചു. മൂന്ന് റെഡ് കാർഡുകളാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ റഫറി പുറത്തെടുത്തത്. രണ്ടെണ്ണം ദക്ഷിണാഫ്രിക്കയ്ക്കും ഒരെണ്ണം മെക്സിക്കോയ്ക്കും വേണ്ടി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന മത്സരത്തിൽ തന്നെ ‘റെഡ് കാർഡ്’ വിധിക്കേണ്ടിവരുന്നത്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ റഫറിമാർക്ക് ആകെ നാലു ചുവപ്പുകാർഡ് മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. എന്നാല്‍ മെക്സിക്കോയിൽ കളി മാറി.
മെക്സിക്കോയുടെ സമ്പൂർണ നിയന്ത്രണത്തിലായിരുന്നു മത്സരമെങ്കിലും പലപ്പോഴും ഉന്തും തള്ളും കൊണ്ട് സംഘർഷമയമായിരുന്നു ഉദ്ഘാടനപ്പോരാട്ടം. ഗ്രൗണ്ട് സപ്പോർട്ട് ആവോളമുണ്ടായിരുന്നു മെക്സിക്കോയുടെ ആധിപത്യമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയിൽ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം മൗദിബയുടെ ഫൗളിൽ മെക്സിക്കോയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെയാണ് മെക്സിക്കോയുടെ ആദ്യ ഗോൾ നീക്കമെത്തിയത്. അഞ്ചാം മിനിറ്റിൽ ഗോൾ പോസ്റ്റിന് സമാന്തരമായി ലഭിച്ച ക്രോസിലേക്ക് ഓടിയെത്തി പെനാൽറ്റി ബോക്സിന് അകത്തുനിന്ന് റൗൾ ഹിമെനെയുടെ തകർപ്പൻ ഷോട്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ ഗോൾ കീപ്പർ റോനോവൻ വില്യംസ് സേവ് ചെയ്തു. പിന്നാലെ മെക്സിക്കോയുടെ കോർണർ കിക്കെടുത്തത് ബ്രയാൻ ഗുട്ടറസ്. അതും ലക്ഷ്യം കാണാൻ സാധിച്ചില്ല.
ആരാധകർക്കു മുന്നില്‍ ആതിഥേയരുടെ കാത്തിരിപ്പ് അധിക സമയം നീണ്ടില്ല. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലെ ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് യൂലിയന്‍ ക്വിനോനസ് ആദ്യ വെടിപൊട്ടിച്ചു. ദക്ഷിണാഫ്രിക്കൻ താരത്തെ മറികടന്ന് എറിക് ലിറ നീട്ടി നൽകിയ പന്ത് യൂലിയന്‍ ദക്ഷിണാഫ്രിക്ക ഗോൾ കീപ്പറുടെ കാലുകൾക്കിടയിലൂടെയാണ് പോസ്റ്റിലെത്തിച്ചത്. സ്കോർ 1–0. ആദ്യ ഗോളടിച്ചതിനു പിന്നാലെ രണ്ടാം ഗോള്‍ നീക്കത്തിനും മെക്സിക്കോ തുടക്കമിട്ടെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ തടഞ്ഞു. മെക്സിക്കോയുടെ ഒൻപതാം നമ്പർ താരം റൗൾ ഹിമെനെയെ ഫൗൾ ചെയ്തതിന് ദടെബോഹോ മകോവേനയ്ക്ക് 17–ാം മിനിറ്റിൽ റഫറി യെല്ലോ കാർഡ് നൽകി. 2026 ലോകകപ്പിലെ ആദ്യ യെല്ലോ കാർഡ്. ആദ്യ 20 മിനിറ്റുകൾ പിന്നിടുമ്പോഴും ദക്ഷിണാഫ്രിക്കൻ മുന്നേറ്റ താരങ്ങൾക്ക് മെക്സിക്കൻ ഗോൾ മുഖത്തേക്കു പന്തെത്തിക്കാൻ സാധിച്ചിട്ടില്ലായിരുന്നു. എന്നാൽ മെക്സിക്കോ ഫോർവേഡുകൾ നിരന്തരം ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചുകൊണ്ടിരുന്നു. 25 മിനിറ്റിനു ശേഷം താരങ്ങൾക്കുള്ള ‘ഹൈഡ്രേഷൻ ബ്രേക്ക്’ ദക്ഷിണാഫ്രിക്കയ്ക്ക് തന്ത്രങ്ങൾ മെനയാനുള്ള അവസരം കൂടിയായിരുന്നു. 25–ാം മിനിറ്റിൽ 56 ശതമാനം പന്തടക്കവുമായി മെക്സിക്കോ മുന്നില്‍ തുടർന്നു. പക്ഷേ കളിയിൽ അവർക്കുള്ള നിയന്ത്രണം ഏറക്കുറെ സമ്പൂർണമായിരുന്നു.
മത്സരത്തിന്റെ ആദ്യ 35 മിനിറ്റുകൾ പിന്നിട്ടപ്പോൾ മെക്സിക്കോ ആറ് ഗോൾ ശ്രമങ്ങളാണു നടത്തിയത്, അതിൽ മൂന്നും ഓൺ ടാർഗറ്റ് ഷോട്ടുകളായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയുടെ ഗോൾ നീക്കം പൂജ്യം!. 42, 43 മിനിറ്റുകളിൽ മെക്സിക്കോയുടെ തുടർച്ചയായുള്ള ആക്രമണങ്ങളിൽ ഗോളിയും പോസ്റ്റുമാണ് ദക്ഷിണാഫ്രിക്കയ്ക്കു തുണയായത്. രണ്ടാം ഗോൾ നേടാൻ യൂലിയൻ ക്വിനോനസ് 15 വാര അകലെനിന്നും തൊടുത്ത ഷോട്ട് പോസ്റ്റിന്റെ താഴെ ഭാഗത്തു തട്ടിത്തെറിച്ചത് മെക്സിക്കോ ആരാധകർക്കു നിരാശയായി. 45–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി എംബെകെസെലി എംബോകാസി ആദ്യ ഗോള്‍ നീക്കം നടത്തി. ദക്ഷിണാഫ്രിക്കൻ സ്ട്രൈക്കറുടെ ഷോട്ട് മെക്സിക്കോ ഗോളി അനായാസം തടുത്തിട്ടു. ഇതോടെ ആദ്യ പകുതിയിൽ രണ്ടാമതൊരു ഗോളുണ്ടായില്ല.
ഒരു ഗോൾ, മൂന്ന് റെഡ് കാർഡുകൾ; മൊറയുടെ റെക്കോർഡ്
രണ്ടാം പകുതിയുടെ തുടക്കത്തിൽ പന്തുമായി ബോക്സിലേക്കു കുതിച്ച ബ്രയാൻ ഗുട്ടറസിനെ ദക്ഷിണാഫ്രിക്കയുടെ സ്ഫെഫോലോ സിതോൾ ഫൗൾ ചെയ്തു വീഴ്ത്തി. ഗുരുതരമായ പിഴവിന് ദക്ഷിണാഫ്രിക്കൻ താരത്തിന് റെഡ് കാർഡ് വിധിച്ചതോടെ ടീം കൂടുതല്‍ പ്രതിരോധത്തിലായി. ഇതോടെ 40 മിനിറ്റിലേറെ 10 പേരുമായി കളിക്കേണ്ട അവസ്ഥയിലേക്ക് ദക്ഷിണാഫ്രിക്കയെത്തി. ഫൗളിനു ലഭിച്ച ഫ്രീകിക്ക് ഗോളിലെത്തിക്കാൻ മെക്സിക്കോ താരങ്ങൾക്കായില്ല. റെഡ് കാർഡിനു പിന്നാലെ ലിൽ ഫോസ്റ്റർ, ജെയ്ഡൻ ആഡംസ് എന്നിവരെ പിൻവലിച്ച ദക്ഷിണാഫ്രിക്ക ടെംബ സ്വെയ്നെയും ടലെന്റെ എംബാതയെയും പകരക്കാരാക്കി ഇറക്കി. 66–ാം മിനിറ്റിൽ അൽവാരി ഫിഡാൽഗോയെ പിൻവലിച്ച മെക്സിക്കോ 17 വയസ്സുകാരൻ കൗമാര താരം ഗിൽബര്‍ട്ടോ മൊറയയെ കളിക്കാനിറക്കി. തുടർന്നങ്ങോട്ട് മൊറ ചാന്റുകളാണ് സ്റ്റേഡിയത്തിൽ മുഴങ്ങിയത്. ഈ മത്സരത്തോടെ ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്കു വേണ്ടി കളിക്കാനിറങ്ങുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും മൊറ സ്വന്തമാക്കി. 1930 ൽ ലോകകപ്പിന്റെ ആദ്യ പതിപ്പിൽ കളിച്ച മാനുവൽ റൊസാസിന്റെ റെക്കോർഡാണ് മൊറ പഴങ്കഥയാക്കിയത്. ലോകകപ്പിൽ അരങ്ങേറുമ്പോൾ 18 വയസ്സും 88 ദിവസവുമായിരുന്നു റൊസാസിന്റെ പ്രായം. ലോകകപ്പിൽ കളിക്കുന്ന പ്രായം കുറഞ്ഞ ആറാമത്തെ താരം കൂടിയായി മൊറ.
തുടർച്ചയായുള്ള ശ്രമങ്ങൾക്കൊടുവിലാണ് റൗൾ ഹിമിനെ 67–ാം മിനിറ്റിൽ മെക്സിക്കോയുടെ രണ്ടാം ഗോൾ കണ്ടെത്തുന്നത്. റോബർട്ടോ അൽവാർഡോ വലതു ഭാഗത്തുനിന്ന് അളന്നുമുറിച്ചു നൽകിയ ക്രോസിൽ തല വച്ചാണ് റൗൾ ഹിമിനെ ലക്ഷ്യം കണ്ടത്. ദക്ഷിണാഫ്രിക്ക പ്രതിരോധ താരമുയർത്തിയ ഭീഷണി മറികടന്നായിരുന്നു ഹിമിനെയുടെ ഹെഡർ. നാല് ലോകകപ്പുകളിൽ മെക്സിക്കോ ടീമുകളുടെ ഭാഗമായ ഹിമിനെയുടെ കരിയറിലെ ആദ്യ ഗോളാണിത്. ലോകകപ്പിലെ ഏഴാം മത്സരത്തിലാണ് ഹിമെനെ ലക്ഷ്യം കാണുന്നത്. ഗോളടിച്ചതിനു പിന്നാലെ താരത്തെ മെക്സിക്കോ ഗ്രൗണ്ടിൽനിന്നു പിൻവലിക്കുകയും ചെയ്തു. 84–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ടെംബ സ്വാനു ചുവപ്പുകാർഡു ലഭിച്ചതോടെ ദക്ഷിണാഫ്രിക്ക ഒൻപതു പേരായി. റോബർട്ടോ അൽവാർഡോയ്ക്കെതിരായ ഫൗളിന്റെ പേരിലാണ് ‘വാർ’ പരിശോധനകൾക്കു ശേഷം റഫറി ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം റെഡ് കാർഡ് ഉയർത്തിയത്. കളിയുടെ അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയുടെ 20–ാം നമ്പർ താരം ഖുലിസോ മുദാവുവിനെ വീഴ്ത്തിയതിന് മെക്സിക്കോയുടെ ക്യാപ്റ്റൻ സെസാർ മോണ്ടസും ചുവപ്പു കാർഡ് വാങ്ങി മടങ്ങി. ഇതോടെ മത്സരത്തിലെ ആകെ ചുവപ്പു കാർഡുകളുടെ എണ്ണം മൂന്നായി. സംഭവ ബഹുലമായ പോരാട്ടത്തിന് രണ്ടാം പകുതിയിലെ എട്ടു മിനിറ്റ് അധിക സമയവും പൂർത്തിയായതോടെ റഫറി ഫൈനൽ വിസിൽ മുഴക്കി. സ്കോർ 2–0. ഫുള്‍ ടൈം.
English Summary:





English (US) ·