രഹസ്യമല്ല, പരസ്യം! ബിഗ്ബജറ്റ് പരസ്യചിത്രത്തിൽ മെസ്സിയും ക്രിസ്റ്റ്യാനോയും എംബപെയും വിനീസ്യുസും ഒന്നിച്ച്

1 month ago 7

എസ്.പി. ശരത്

എസ്.പി. ശരത്

Published: April 06, 2026 09:17 AM IST Updated: April 06, 2026 05:17 PM IST

1 minute Read


മെസ്സി, ക്രിസ്റ്റ്യാനോ, വിനീസ്യുസ്, എംബപെ എന്നിവർ പരസ്യ ചിത്രീകരണത്തിനിടെ.
മെസ്സി, ക്രിസ്റ്റ്യാനോ, വിനീസ്യുസ്, എംബപെ എന്നിവർ പരസ്യ ചിത്രീകരണത്തിനിടെ.

സത്യം പറ, ഇങ്ങനെയൊരു നിമിഷം നിങ്ങളാഗ്രഹിച്ചിരുന്നില്ലേ’ എന്നു ചോദിച്ചാൽ സകല ഫുട്ബോൾ ആരാധകരും ഹൃദയംകൊണ്ടു ലൈക്ക് അടിക്കാൻ സാധ്യതയുള്ളൊരു പരസ്യം കഴിഞ്ഞദിവസം പുറത്തിറങ്ങി. കളിപ്പാട്ട നിർമാണക്കമ്പനിയായ ലെഗോ, ഫിഫ ലോകകപ്പിനു മുന്നോടിയായി പുറത്തിറക്കിയ പരസ്യത്തിൽ ഒന്നിച്ചതു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപെയും വിനീസ്യുസും. 30 സെക്കൻഡ് മാത്രമാണു ദൈർഘ്യമെങ്കിലും ചരിത്രത്തിലെ ഏറ്റവും പണച്ചെലവുള്ള പരസ്യങ്ങളിലൊന്നായി ഇതു മാറി. ക്രിസ്റ്റ്യാനോയും മെസ്സിയും ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവച്ച പരസ്യം ആദ്യദിവസം തന്നെ കണ്ടതു 32 കോടി പേർ.

എഐ നിർമിതമല്ലെന്നു പ്രത്യേകം വ്യക്തമാക്കുന്ന പരസ്യം തുടങ്ങുന്നതു നാലു ലോകതാരങ്ങളും ഒരു മേശയ്ക്കു ചുറ്റുമിരിക്കുന്നിടത്തുനിന്നാണ്. പ്ലാസ്റ്റിക് പീസുകൾ (ലെഗോ) കൂട്ടിച്ചേർത്തുണ്ടാക്കിയ ലോകകപ്പിനു മുകളിൽ സ്വന്തം രൂപം വയ്ക്കാൻ ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണു പരസ്യത്തിൽ ആദ്യം കാണുക. വിന‍ീസ്യുസും എംബപെയും പിന്നാലെ പ്രത്യക്ഷപ്പെടും, ഒടുവിൽ മെസ്സിയും. കപ്പിനു മുകളിൽ ആരുടെ രൂപം പതിയുമെന്ന ചോദ്യത്തിന് ഉത്തരം നൽകാതെയാണു പരസ്യം അവസാനിക്കുക.


മെസ്സിയും റൊണാൾഡോയും അവസാനം ഒരു പരസ്യത്തിൽ ഒന്നിച്ചതു നാലു വർഷം മുൻപായിരുന്നു എന്നതുകൊണ്ടു തന്നെ പുതിയ പരസ്യം ആഗോള ട്രെൻഡിങ്ങായി. നാലു താരങ്ങളും ‘കൊളാബ്’ ചെയ്ത് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച പരസ്യം ആരാധകരൊന്നടങ്കം ഏറ്റെടുത്തു. പരസ്യത്തിനു താരങ്ങളുടെ പ്രതിഫലം, ചിത്രീകരണം, ആഗോള മാധ്യമ കവറേജ് എന്നിവയടക്കം കണക്കുക‍ൂട്ടിയാൽ 927 കോടി രൂപയോളം പണച്ചെലവുണ്ടെന്നു കണക്കാക്കുന്നു.

English Summary:

The Lego advertisement featuring shot superstars Lionel Messi and Cristiano Ronaldo, alongside Kylian Mbappe and Vinicius Jr, has go 1 of the astir costly commercials ever made. This viral campaign, up of the FIFA World Cup, saw the legendary players collaborate for a historical ad, generating monolithic planetary attention.

Read Entire Article