രാജസ്ഥാന് ‘ഹാട്രിക്’ തോൽവി, ആറാം സ്ഥാനത്തേക്കു വീണു, ഡൽഹി ക്യാപിറ്റൽസിന് അഞ്ച് വിക്കറ്റ് വിജയം

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: May 17, 2026 09:53 PM IST Updated: May 17, 2026 11:47 PM IST

2 minute Read

 ARUN SANKAR / AFP
റിയാൻ പരാഗും ധ്രുവ് ജുറേലും ബാറ്റിങ്ങിനിടെ. Photo: ARUN SANKAR / AFP

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലാക്കി ഡൽഹി ക്യാപിറ്റൽസ്. അഞ്ച് വിക്കറ്റ് വിജയമാണ് നിർണായക പോരാട്ടത്തിൽ ഡൽഹി നേടിയത്. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് ലക്ഷ്യം പിന്തുടർന്ന ഡൽഹി 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയറൺസ് കുറിച്ചു. ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ 12 പോയിന്റുമായി ആറാം സ്ഥാനത്തേക്കു വീണു. രാജസ്ഥാന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. 

12 പോയിന്റുള്ള ഡൽഹി 13 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴാമതാണ്. അടുത്ത കളി ജയിച്ചാലും ഡൽഹിക്ക് 14 പോയിന്റുമാത്രമാണു ലഭിക്കുക. സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഡൽഹിക്കായി ഓപ്പണർമാരായ കെ.എൽ. രാഹുൽ, അഭിഷേക് പൊറേൽ എന്നിവർ മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടി. 42 പന്തുകളിൽനിന്ന് രാഹുൽ 56 റൺസും, 31 പന്തുകളിൽനിന്ന് അഭിഷേക് 51 റൺസും എടുത്തു. ഓപ്പണിങ് വിക്കറ്റിൽ കെ.എൽ. രാഹുലും അഭിഷേക് പൊറേലും നൽകിയ സെഞ്ചറി കൂട്ടുകെട്ടാണ് ഡൽഹിയുടെ വിജയത്തിന്റെ നട്ടെല്ല്. 

പവർപ്ലേയിൽ വിക്കറ്റു പോകാതെ 72 റൺസെടുത്ത ഡൽഹി, 9.1 ഓവറിൽ 100 ൽ എത്തി. പിന്നാലെ അഭിഷേകിനെ ബ്രിജേഷ് ശർമ ഡോനോവൻ ഫെറേറയുടെ കൈകളിലെത്തിച്ചു. സ്കോർ 122ൽ നിൽക്കെ സഹിൽ പരാഖിനെ ജോഫ്ര ആർച്ചർ വീഴ്ത്തി. ദസുൻ ഷനാകയുടെ പന്തിലാണ് രാഹുൽ ബോൾഡാകുന്നത്. മധ്യനിരയിൽ ട്രിസ്റ്റൻ സ്റ്റബ്സ് (നാല്), ഡേവിഡ് മില്ലർ (ഒൻപത്) എന്നിവർ പുറത്തായതോടെ ‍ഡൽഹി പ്രതിരോധത്തിലായി. അവസാന 12 പന്തുകളിൽ 19 റൺസായിരുന്നു ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മില്ലർ പുറത്തായതിനു പിന്നാലെ ഇംപാക്ട് പ്ലേയറായി അശുതോഷ് ശർമയെ ഡൽഹി ഇറക്കി. ബ്രിജേഷ് ശർമയെറിഞ്ഞ 19–ാം ഓവറിൽ ഡൽഹി 13 റൺസെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. 20–ാം ഓവറിൽ ജയിക്കാൻ വേണ്ടത് ഏഴു റൺസ് മാത്രം. 20–ാം ഓവർ എറിയാനെത്തിയ ആദം മിൽനെയെ ആദ്യ രണ്ടു പന്തുകള്‍ സിക്സും ഫോറും തൂക്കി അശുതോഷ് ഡൽഹിയുടെ വിജയമാഘോഷിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സടിച്ചു. രാജസ്ഥാനു വേണ്ടി ധ്രുവ് ജുറേലും ക്യാപ്റ്റൻ റിയാൻ പരാഗും അർധ സെഞ്ചറികൾ നേടി. 40 പന്തുകൾ നേരിട്ട ജുറേൽ 53 റണ്‍സെടുത്തപ്പോൾ, 26 പന്തുകളിൽനിന്ന് റിയാൻ പരാഗ് 51 റൺസ് സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശി 21 പന്തിൽ 46 റൺസടിച്ചും പുറത്തായി. ഒരു ഘട്ടത്തില്‍ 200നും മുകളിൽ പോകുമെന്ന് കരുതിയ രാജസ്ഥാൻ സ്കോർ മധ്യനിര താരങ്ങൾ വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെയാണ് 193ൽ അവസാനിച്ചത്. സ്കോർ 19ൽ നിൽക്കെ യശസ്വി ജയ്സ്വാള്‍ (12) ലുങ്കി എൻഗിഡിയുടെ പന്തിൽ പുറത്തായി. വൈഭവിനൊപ്പം ധ്രുവ് ജുറേലും ചേർപ്പോൾ പവർപ്ലേയിൽ റോയൽസ് നേടിയത് 75 റൺസ്. സ്കോർ 89ല്‍ നിൽക്കെ വൈഭവ് സൂര്യവംശി പുറത്തായി. ധ്രുവ് ജുറേലും വൈഭവും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 9.2 ഓവറിൽ സ്കോർ 100 പിന്നിട്ടു. 

പിന്നാലെയെത്തിയ റിയാൻ പരാഗും തകർത്തടിച്ചതോടെ രാജസ്ഥാൻ 200 കടക്കുമെന്നു തോന്നിച്ചതാണ്. എന്നാൽ 15–ാം ഓവറിൽ സ്റ്റാർക്കിന്റെ രണ്ടാം പന്തിൽ പരാഗ് വീണതോടെ കളി മാറി. ഇതേ ഓവറിലെ മൂന്നാം പന്തിൽ ഡോനോവൻ ഫെരേരയും അഞ്ചാം പന്തിൽ രവി സിങ്ങും മടങ്ങി. പിന്നാലെയെത്തിയ ബാറ്റർമാർക്കും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്നതോടെ രാജസ്ഥാൻ 193 ൽ ബാറ്റിങ് അവസാനിപ്പിച്ചു. നാലോവറിൽ 40 റൺസ് വഴങ്ങിയ മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റുകൾ വീഴ്ത്തി. ലുങ്കി എന്‍ഗിഡി, മാധവ് തിവാരി എന്നിവരും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

English Summary:

Indian Premier League 2026, Rajasthan Royals vs Delhi Capitals Match Live Updates

Read Entire Article