രാജസ്ഥാൻ നാണംകെട്ടിട്ടും റെക്കോർഡിന് ഒരു കുറവുമില്ല, സിക്സടിയിൽ ‘സെഞ്ചറി’ തികച്ച് വൈഭവ് സൂര്യവംശി

3 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: May 10, 2026 12:49 PM IST

1 minute Read

വൈഭവ് സൂര്യവംശി ബാറ്റിങ്ങിനിടെ
വൈഭവ് സൂര്യവംശി ബാറ്റിങ്ങിനിടെ

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓരോ മത്സരങ്ങളിലും റെക്കോർഡുകൾ പഴങ്കഥയാക്കുന്നതു തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ട്വന്റി20 ക്രിക്കറ്റിൽ അതിവേഗം 100 സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ വൈഭവ് സ്വന്തം പേരിലാക്കിയത്. കരിയറിൽ 514 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് സിക്സടിയിൽ ‘സെഞ്ചറിയിലെത്തിയത്’. 100 സിക്സടിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന്റെ പേരിലാണ്. ഐപിഎൽ സീസണിൽ‍ പവർപ്ലേ ഓവറുകളില്‍ കൂടുതൽ സിക്സ് നേടിയ താരമാണ് വൈഭവ്. ഈ സീസണിൽ താരം 30 സിക്സടിച്ചപ്പോൾ, 2024 ൽ 29 സിക്സുകൾ നേടിയ അഭിഷേക് ശർമയാണ് രണ്ടാം സ്ഥാനത്ത്. 2026ൽ അഭിഷേക് 27 സിക്സുകൾ നേടിയിട്ടുണ്ട്.

ഐപിഎൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരം, അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയാണ് കഴിഞ്ഞ സീസണിൽ വൈഭവ് രാജസ്ഥാൻ റോയൽസിൽ കളിച്ചു തുടങ്ങിയത്. ഐപിഎലിൽ 40ൽ താഴെ പന്തുകളിൽ രണ്ടു സെഞ്ചറികൾ നേടിയ ആദ്യ താരമാണ് വൈഭവ്. 2025 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തുകളിൽനിന്നും, 2026 ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 36 പന്തുകളിൽനിന്നും വൈഭവ് സെഞ്ചറിയിലെത്തിയിരുന്നു. 16 പന്തുകൾ നേരിട്ട വൈഭവ് മൂന്നു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 36 റണ്‍സാണ് ജയ്പുരിലെ ഹോം ഗ്രൗണ്ടിൽ അടിച്ചത്. പക്ഷേ മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ അർഷാദ് ഖാൻ ക്യാച്ചെടുത്തു വൈഭവ് പുറത്തായി.

മത്സരത്തിനിടെ സിറാജിന്റെ യോർക്കർ ബോളിൽ പരുക്കേറ്റ വൈഭവ്, അധികം വൈകാതെ പുറത്താകുകയായിരുന്നു. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന്റെ ആധികാരിക വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസ് 16.3 ഓവറിൽ 152 റൺസടിച്ചു പുറത്തായി. വമ്പൻ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്കു കയറി. 

ഒന്നാമൻമാരായ സൺറൈസേഴ്സിനും ടൈറ്റൻസിനും 14 പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ഹൈദരാബാദാണു മുന്നിലുള്ളത്. അവസാനം കളിച്ച ആറു മത്സരങ്ങളിൽ രാജസ്ഥാന്റെ നാലാം തോൽവിയാണിത്. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം തിരിച്ചടി. അഞ്ചാമതുള്ള രാജസ്ഥാന്റെ നെറ്റ് റൺ റേറ്റ് 0.082 ആയി ചുരുങ്ങി. ഈ സീസണിൽ ഏഴാം തവണയാണ് രാജസ്ഥാൻ 200 റൺസിനു മുകളിൽ സ്കോർ വഴങ്ങുന്നത്. ഐപിഎലിലെ റെക്കോർഡാണിത്. 2025 ലും രാജസ്ഥാൻ ഏഴു തവണ 200 ന് മുകളിൽ റൺസ് വഴങ്ങിയിരുന്നു.

English Summary:

Vaibhav Suryavanshi, a 15-year-old prodigy for Rajasthan Royals, continues to shatter records successful the Indian Premier League. He precocious became the youngest subordinate to deed 100 sixes successful T20 cricket, achieving this milestone successful conscionable 514 balls.

Read Entire Article