Published: May 30, 2026 02:47 PM IST
1 minute Read
ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് യോഗ്യത നേടില്ലായിരുന്നുവെന്നും വൈഭവ് സൂര്യവംശിയെപ്പോലുള്ള താരങ്ങളുടെ മികവുകൊണ്ടാണ് മുന്നോട്ടു പോയതെന്നും തുറന്നുപറഞ്ഞ് റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റ് ഫൈനൽ കാണാതെ പുറത്തായതോടെയാണ് പരാഗ് ടീമിന്റെ പ്രകടനത്തെക്കുറിച്ചു മനസ്സു തുറന്നത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനോട് ഏഴു വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. വൈഭവിന് ദേശീയ ടീമിലേക്ക് കളിക്കാൻ സമയമായിട്ടുണ്ടെന്നും പരാഗ് വ്യക്തമാക്കി.
‘‘വൈഭവ് വെറുതെ പന്തുകളെല്ലാം അടിക്കാൻ ശ്രമിക്കുന്നതല്ല. സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് വൈഭവ് കളിക്കുന്നത്. കാര്യങ്ങളെല്ലാം അദ്ദേഹം നന്നായി ചെയ്യുന്നു. ആദ്യ പന്തു മുതൽ അടി തുടങ്ങിയാൽ ഇന്നു വൈഭവ് കളിച്ചതുപോലെ കളിക്കാൻ സാധിച്ചെന്നു വരില്ല. ഇപ്പോഴും അതെങ്ങനെ സംഭവിക്കുന്നു എന്ന് എനിക്കു മനസ്സിലാകുന്നില്ല. രാജ്യത്തിനു വേണ്ടി വൈഭവ് വൈകാതെ കളിക്കും. രാജ്യത്തിന്റെ കീർത്തി വർധിപ്പിക്കും. രാജസ്ഥാൻ റോയൽസിൽ കളിച്ച് ഞങ്ങൾക്ക് രണ്ടാം കിരീടം നേടിത്തരുമെന്നും പ്രതീക്ഷിക്കാം.’’– പരാഗ് വ്യക്തമാക്കി.
ഗുജറാത്തിനു മുന്നിൽ രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം മികച്ച സ്കോർ ആയിരുന്നെന്നും, എന്നാൽ രണ്ടാം ഇന്നിങ്സിൽ പിച്ചിന്റെ സ്വഭാവം ഗുജറാത്ത് ബാറ്റർമാരെ കൂടുതലായി സഹായിച്ചെന്നും പരാഗ് പ്രതികരിച്ചു. ‘‘215 മികച്ച സ്കോറാണ്. അത് പ്രതിരോധിച്ചു നില്‍ക്കാൻ സാധിക്കുമെന്നു ഞങ്ങൾ കരുതി. എന്നാൽ രണ്ടാം പകുതിയിൽ വിക്കറ്റ് കുറച്ചുകൂടി ബാറ്റർമാർക്ക് അനുകൂലമായി എന്നു തോന്നുന്നു. ആദ്യ പകുതിയിൽ സ്പിന്നർമാർക്ക് നല്ല ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നു. ഷോർട്ട്, സ്ലോ ബോളുകളും അവർ നന്നായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഗുജറാത്തിന്റെ ഓപ്പണർമാരെ പെട്ടെന്നു പുറത്താക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ അതുണ്ടായില്ല.’’– പരാഗ് പറഞ്ഞു.
രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക്, 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് എത്തിയത്. ഓപ്പണിങ് വിക്കറ്റിൽ 167 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഗില്ലും സായ് സുദർശനും ചേർന്ന് പടുത്തുയർത്തിയത്. പവർപ്ലേയിൽ വിക്കറ്റു പോകാതെ 69 റൺസടിച്ച ഗുജറാത്ത്, 8.4 ഓവറിൽ 100 കടന്നു. സായ് സുദർശൻ ഹിറ്റ് വിക്കറ്റായി മടങ്ങിയതോടെയാണ് ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്.
English Summary:







English (US) ·