Published: March 24, 2026 11:05 PM IST
1 minute Read
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബ് രാജസ്ഥാൻ റോയൽസിന് ഇനി പുതിയ ഉടമകൾ. യുഎസ് വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൻ ഡോളറിന് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങിയതായാണു റിപ്പോർട്ടുകൾ. വാൾമാർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകൾ ടീമിനെ ഏറ്റെടുക്കുക.
മനോജ് ബദാലെയുടെ എമർജിങ് മീഡിയ ഗ്രൂപ്പാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ ഉടമകൾ. 65 ശതമാനം ഓഹരികളാണ് മനോജ് ബദാലെയുടേതായിട്ടുള്ളത്. റെഡ് ബേഡ് ക്യാപിറ്റൽ പാർട്ണേഴ്സ്, ലച്‌ലാൻ മർഡോക് എന്നിവർക്കും രാജസ്ഥാൻ ഫ്രാഞ്ചൈസിയിൽ നിക്ഷേപമുണ്ട്. 2021 മുതൽ കൽ സൊമാനിക്ക് രാജസ്ഥാൻ റോയൽസിൽ ചെറിയ നിക്ഷേപങ്ങളുണ്ടായിരുന്നു.
എഡ്– ടെക്, എഐ, സ്പോർട്സ് ടെക്നോളജി, ഡേറ്റ പ്രൈവസി മേഖലകളിൽ 15 വർഷമായി യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംരംഭകനാണ് കൽ സൊമാനി. ഇൻട്രാ എഡ്ജ്, ട്രുയോ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ്. കായിക മേഖലയിൽ മോട്ടർ സിറ്റി ഗോൾഫ് ക്ലബ്ബിന്റെ സഹ ഉടമയാണ്. ടിജിഎൽ ഗോൾഫ് ലീഗ്, ടിഎംആർഡബ്ല്യു സ്പോർട്സ് എന്നിവയിലും നിക്ഷേപങ്ങളുണ്ട്.
സഞ്ജു സാംസൺ ടീം വിട്ട സാഹചര്യത്തിൽ റിയാൻ പരാഗാണ് രാജസ്ഥാന്റെ പുതിയ ക്യാപ്റ്റൻ. മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് സീസണിൽ രാജസ്ഥാന്റെ ആദ്യ പോരാട്ടം. അസമിലെ ഗുവാഹത്തിയിൽവച്ചാണ് മത്സരം. ഐപിഎലിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസിയെയും വിൽക്കാനുള്ള ചർച്ചകൾ തുടരുകയാണ്. 2021ൽ ലക്നൗ സൂപ്പർ ജയന്റ്സ് ഫ്രാഞ്ചൈസിയെ 7000 കോടി രൂപയിലേറെ ചെലവാക്കി സഞ്ജീവ് ഗോയങ്ക വാങ്ങിയിരുന്നു.
English Summary:








English (US) ·