രാജസ്ഥാൻ റോയൽസിൽ കളിക്കാൻ പാക്കിസ്ഥാൻ ലീഗ് ഉപേക്ഷിച്ച് ശ്രീലങ്കൻ താരം, കൊഴിഞ്ഞുപോക്ക് തുടരുന്നു, ഇന്ത്യയിലേക്കു നോക്കി താരങ്ങള്‍

4 hours ago 1

മനോരമ ലേഖകൻ

Published: March 23, 2026 08:33 AM IST Updated: March 23, 2026 09:05 AM IST

1 minute Read

ദസുൻ ശനാക
ദസുൻ ശനാക

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസരം ലഭിച്ചതോടെ പാക്ക് സൂപ്പർ ലീഗ് വിടുന്ന വിദേശ താരങ്ങളുടെ എണ്ണം വർധിക്കുന്നു. ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ശനകയാണ് ഒടുവിൽ ഐപിഎലിൽ ചേരാൻ തീരുമാനിച്ചത്. പരുക്കേറ്റ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനു പകരം ശനക രാജസ്ഥാൻ റോയൽസിൽ എത്തുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. നേരത്തെ സിംബാബ്‌വെ പേസർ ബ്ലെസിങ് മുസറബാനിയും പിഎസ്എൽ വിട്ട് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കരാറിൽ എത്തിയിരുന്നു.

ഐപിഎൽ ലേലത്തിൽ വിറ്റുപോകാത്ത വിദേശ താരങ്ങളെ വച്ചാണ് പാക്കിസ്ഥാൻ ലീഗിലേക്കുള്ള ടീമുകൾ തയാറെടുക്കുന്നത്. സാം കറൻ, ജോഷ് ഹെയ്‍‍സൽവുഡ്, പാറ്റ് കമിൻസ്, നുവാൻ തുഷാര, മതീഷ പതിരാന എന്നിവർ പരുക്കുകാരണം ഐപിഎലിൽനിന്നു വിട്ടുനിൽക്കുകയാണ്. ഫ്രാഞ്ചൈസികൾ ഇവർക്കു പകരക്കാരെ തേടുകയാണ്‍. റിച്ചഡ് ഗ്ലീസൻ‍ (ഇസ്‍ലാമബാദ് യുണൈറ്റഡ്), ഷമാർ ജോസഫ് (ഇസ്‍ലാമബാദ് യുണൈറ്റഡ്), അൽസരി ജോസഫ് (ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്), റിലീ മെറിഡിത്ത് (ഹൈദരാബാദ് ഹൗസ്റ്റൻ) എന്നീ താരങ്ങൾ ഇപ്പോൾ പാക്കിസ്ഥാൻ ലീഗിലുണ്ട്. ഇവരെയും റാഞ്ചാൻ ശ്രമങ്ങളുണ്ട്.

കഴിഞ്ഞ ഐപിഎൽ സീസണിനിടെ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് മുംബൈ ഇന്ത്യൻസിൽ കളിക്കുന്നതിനായി, പാക്ക് ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ബോഷിനെതിരെ നടപടിയുണ്ടാകുമെന്ന് പിസിബി ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യഘട്ട മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടത്തുകയെന്നും കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മുഹ്സിൻ നഖ്‌വി പറഞ്ഞു. 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കറാച്ചിയും ലഹോറും മാത്രമായിരിക്കും വേദികൾ. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പങ്കെടുക്കാനായി പിഎസ്എലിൽ നിന്നു പിൻമാറിയ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഖ്‌വി വ്യക്തമാക്കി. 8 ടീമുകൾ മത്സരിക്കുന്ന ലീഗ് 26നാണ് തുടങ്ങുന്നത്.

English Summary:

Foreign players are progressively leaving the Pakistan Super League for opportunities successful the Indian Premier League

Read Entire Article