Published: May 20, 2026 11:19 PM IST
1 minute Read
ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി തച്ചുതകർത്തത് ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിജയമോഹങ്ങളെയാണെങ്കിലും, കൗമാര താരത്തെ വാനോളം പുകഴ്ത്തി ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക. മത്സരത്തിനു പിന്നാലെ ഗ്രൗണ്ടിലിറങ്ങിയ ഗോയങ്ക വൈഭവിനെ അഭിനന്ദിച്ചിരുന്നു. 15 വയസ്സുകാരനായ വൈഭവ്, സഞ്ജീവ് ഗോയങ്കയുടേയും ഭാര്യയുടേയും കാൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു. ഇപ്പോഴിതാ വൈഭവിന്റെ പ്രകടനത്തെ പുകഴ്ത്തി സഞ്ജീവ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിലും പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി വൈഭവിലാണെന്നാണ് ഗോയങ്കയുടെ പ്രതികരണം.
‘‘ലോകം നിന്റെ കഴിവ് കാണുകയാണ്. രാജ്യം അതിന്റെ ഭാവി നിന്നിൽ കാണുന്നു. നിന്റെ ചുമലിൽ ഇപ്പോൾ തന്നെ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. നിഷ്കളങ്കത കാത്തുസൂക്ഷിക്കുക, നിന്റെ മിടുക്കിനെ ഉയർത്തിപ്പിടിക്കുക, ലോകം മുഴുവൻ കാൽക്കൽ ആയിരിക്കും.’’– സഞ്ജീവ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. വൈഭവിനെ അനുഗ്രഹിക്കുന്ന ചിത്രവും ഗോയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം അടുത്ത സീസണിൽ വൈഭവിനെ ലക്നൗവിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഗോയങ്ക ഇപ്പഴേ തുടങ്ങിയതായാണു ഒരു വിഭാഗം ആരാധകർ സംശയിക്കുന്നത്.
ഏഴു വിക്കറ്റ് വിജയമാണ് നിർണായക മത്സരത്തിൽ രാജസ്ഥാൻ നേടിയത്. ഓപ്പണർമാരായ ജോഷ് ഇൻഗ്ലിസിന്റെയും (29 പന്തിൽ 60) മിച്ചൽ മാർഷിന്റെയും (57 പന്തിൽ 96) അർധ സെഞ്ചറികളുടെ ബലത്തിൽ ലക്നൗ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. 38 പന്തിൽ 10 സിക്സും 7 ഫോറും സഹിതം 93 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റൻ യശസ്വി ജയ്സ്വാളാണ് (23 പന്തിൽ 43) ആക്രമണം തുടങ്ങിയത്. ജയ്സ്വാളിനെ ആകാശ് സിങ് വീഴ്ത്തിയെങ്കിലും ധ്രുവ് ജുറേലിനെ (38 പന്തിൽ 53 നോട്ടൗട്ട്) കൂട്ടുപിടിച്ച് അടിതുടങ്ങിയ വൈഭവ് സ്കോറിങ് വേഗത്തിലാക്കി. 10 സിക്സും 7 ഫോറും അടക്കം 88 റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടിയ വൈഭവ് ഓടിയെടുത്തത് വെറും 5 റൺസ്! ഒടുവിൽ മൊഹ്സിൻ ഖാന് വിക്കറ്റ് നൽകി വൈഭവ് മടങ്ങുമ്പോഴേക്കും രാജസ്ഥാൻ 13.6 ഓവറിൽ 180 എന്ന നിലയിൽ എത്തിയിരുന്നു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലക്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിച്ചിരുന്നു.
English Summary:







English (US) ·