രാഷ്ട്രീയ മേഖലയും ഉത്തരവാദിത്തങ്ങളും പൂർണമായി മനസ്സിലാക്കാതെ അതിലേക്ക് പ്രവേശിക്കില്ല: സൂര്യ

1 week ago 4

നടൻ വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായി മുഖ്യമന്ത്രിപദത്തിലെത്തിയതോടെ മറ്റൊരു തമിഴ് സൂപ്പർതാരം സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ചർച്ചകൾ സജീവമായിരുന്നു. വിജയിന്റെ പാത പിന്തുടർന്ന് സൂര്യയും രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ നിലവിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പദ്ധതിയില്ലെന്ന് താരം വ്യക്തമാക്കി.

ചെന്നൈയിൽ നടന്ന പുതിയ ചിത്രമായ ‘സീൻ’ വിജയാഘോഷ ചടങ്ങിലായിരുന്നു സൂര്യയുടെ പ്രതികരണം. രാഷ്ട്രീയത്തോട് തനിക്ക് വെറുപ്പില്ലെന്നും രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയ മേഖലയെക്കുറിച്ചും അതിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പൂർണമായി മനസ്സിലാക്കാതെ അതിലേക്ക് പ്രവേശിക്കില്ലെന്നും സൂര്യ വ്യക്തമാക്കി.

സൂര്യ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്ന അദ്ദേഹത്തിന്റെ ‘അഗരം ഫൗണ്ടേഷന്റെ’ പ്രവർത്തനങ്ങളാണ് ഇത്തരം ചർച്ചകൾക്ക് പ്രധാനമായും വഴിവെച്ചത്.

അതിനിടെ, സൂര്യ നായകനായ ‘സീൻ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രത്തിൽ നസ്രിയ നസീമും മലയാള താരം നസ്ലെനും പ്രധാന വേഷങ്ങളിലെത്തുന്നു. നവംബർ ആറിന് റിലീസ് ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 116 കോടി രൂപയിലധികം നേടിയെന്നാണ് സാക്നിൽക്കിന്റെ കണക്ക്. ഇന്ത്യയിലെ മൊത്തം കളക്ഷൻ 62.75 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Entire Article