രോ–കോ ഒരുപടി താഴെ, ‘പ്രമോഷൻ’ ഓൾറൗണ്ടർക്ക്; 5 പേർ പുറത്ത്, ഒരാൾ ‘ന്യൂ എൻട്രി’: ബിസിസിഐ കരാർ പട്ടിക

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 10, 2026 10:07 AM IST

2 minute Read

rohit-sharma-virat-kohli
രോഹിത ശർമ, വിരാട് കോലി (ഫയൽ ചിത്രം)

Follow Us

Facebook

WhatsApp

ന്യൂഡൽഹി ∙ സീനിയർ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ വാർഷിക കരാർ. കഴിഞ്ഞ വർഷം എ പ്ലസ് ഗ്രേഡിലായിരുന്നു ഇരുവരും. ടെസ്റ്റ്, ട്വന്റി20 എന്നിവയി‍ൽനിന്നു വിരമിച്ച്, ഏകദിന ക്രിക്കറ്റിൽ മാത്രം കളിക്കുന്ന സാഹചര്യത്തിലാണ് ഇരുവരെയും ബി ഗ്രേഡിലേക്കു മാറ്റിയതെന്നാണ് വിവരം. എ പ്ലസ് ഗ്രേഡ് ഇത്തവണ ഇല്ല.

ആകെ 30 പുരുഷ താരങ്ങള്‍ക്കും 21 വനിതാ താരങ്ങളെയുമാണ് ഇത്തവണ വാര്‍ഷക കരാറില്‍ ഉള്‍പ്പെടുത്തിയത്. 2025 ഒക്ടോബർ 1 മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള സീസണിലെ കരാറാണ് പ്രഖ്യാപിച്ചത്. മുൻ സീസണിലെ പ്രകടനത്തെയും കളിച്ച മത്സരങ്ങളുടെ എണ്ണത്തെയും അടിസ്ഥാനമാക്കിയാണ് കരാർ. എന്നാൽ മൂന്ന് വിഭാഗങ്ങൾക്കുമുള്ള വാർഷിക പ്രതിഫലം ബിസിസിഐ പ്രഖ്യാപിച്ചില്ല. എ+ – 7 കോടി, എ– 5 കോടി, ബി– 3 കോടി, സി– ഒരു കോടി എന്നിങ്ങനെയായിരുന്നു കഴിഞ്ഞ സീസണുകളിലെ പ്രതിഫലം.

ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഇത്തവണ ഗ്രേഡ് എയിൽ ഇടംപിടിച്ചവർ. ട്വന്റി20യിൽനിന്നു ടെസ്റ്റിൽനിന്നു വിരമിച്ചതോടെയാണ് കോലിയെയും രോഹിത്തിനെയും ഉയർന്ന കാറ്റഗറിയിൽനിന്നു നീക്കിയത്. ട്വന്റി20യിൽനിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടരുന്നതിനാലാണ് മുതിർന്ന താരമായ ജഡേജയെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ നിർദേശപ്രകാരം മുൻ ഭരണസമിതി (സി‌ഒ‌എ) അവതരിപ്പിച്ച വിഭാഗമായിരുന്നു എ പ്ലസ്. മൂന്ന് ഫോർമാറ്റുകളിലെയും മികവ് ലക്ഷ്യമിട്ടായിരുന്നു ഇത്. ഇത്രയും വർഷമായിട്ടും ആകെ നാല് താരങ്ങൾ മാത്രമേ ആ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ - കോലി, രോഹിത്, ജഡേജ, ബുമ്ര. എല്ലാ ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾ വളരെ കുറവായതിനാലാണ് ഈ വിഭാഗം ഒഴിവാക്കിയത്.

കോലിയെയും രോഹിത്തിനെയും കൂടാതെ, വാഷിങ്ടൻ സുന്ദർ, കെ.എൽ.രാഹുൽ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ 11 താരങ്ങളാണ് ഗ്രേഡ് ബിയിലുള്ളത്. കഴിഞ്ഞ തവണ ഗ്രേഡ് സിയിലായിരുന്നു വാഷിങ്ടന് പ്രമോഷനാണ്. ടെസ്റ്റ് ഫോർമാറ്റ് കളിക്കുന്നവരെയാണ് ഈ വിഭാഗത്തിലേക്ക് പരിഗണിച്ചത്. ടെസ്റ്റ് കളിക്കുന്നില്ലെങ്കിലും ട്വന്റി20 ക്യാപ്റ്റനായ സൂര്യകുമാർ യാദവും ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യരും ഗ്രേഡ് ബിയിലാണ്. എന്നാൽ മൂന്നു ഫോർമാറ്റിലും പരിഗണിക്കുന്ന, ട്വന്റി20 വൈസ് ക്യാപ്റ്റൻ കൂടിയായ അക്ഷർ പട്ടേൽ ഗ്രേഡ് സിയിലാണ്. മലയാളി താരം സഞ്ജു സാംസൺ ഗ്രേഡ് സിയിലുണ്ട്. യുവതാരങ്ങളായ അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ തുടങ്ങിയ 16 താരങ്ങളാണ് ഗ്രേഡ് സിയിലുള്ളത്.

കഴിഞ്ഞ വർഷം 34 താരങ്ങൾ കരാറിൽ ഉൾപ്പെട്ടപ്പോൾ ഇത്തവണ 30 താരങ്ങൾ മാത്രമാണ് കരാറിലുള്ളത്. അഞ്ച് പേരെ ഒഴിവാക്കിയപ്പോൾ ഒരാൾ പുതുതായി വന്നു. ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാന്‍ കിഷൻ, പേസർ മുഹമ്മദ് ഷമി, സർഫറാസ് ഖാൻ, രജത് പാട്ടീദാർ, മുകേഷ് കുമാർ എന്നിവരെയാണ് കരാറിൽനിന്ന് ഒഴിവാക്കിയത്. സായ് സുദർശനാണ് കരാറിലെ പുതുമുഖം. ഗ്രേഡ് സിയിലാണ് താരം. ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിട്ടും കഴിഞ്ഞ വർഷം മത്സരങ്ങളില്ലാതിരുന്നതിനാലാണ് ഇഷാനെ തഴഞ്ഞത്. മുഹമ്മദ് ഷമി, സർഫറാസ് ഖാൻ, രജത് പാട്ടീദാർ, മുകേഷ് കുമാർ എന്നിവർ സെലക്ഷൻ കമ്മിറ്റിയുടെ പരിധിയില്ലാത്തതിനാലാണ് പുറത്തായത്. ടെസ്റ്റ് ടീമിൽ സ്ഥിരമായതോടെയാണ് സായ് സുദർശൻ കരാറിലെത്തിയത്.

∙ ജമീമയ്ക്ക് പ്രമോഷൻവനിതാ താരങ്ങളിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ജമീമ റോഡ്രിഗ്സ്, ദീപ്തി ശർമ എന്നിവർ ഗ്രേഡ് എയിൽ ഇടംപിടിച്ചു. കഴിഞ്ഞ തവണ ഗ്രേഡ് ബിയിലായിരുന്ന ജമീമ റോഡ്രിഗ്സിന് പ്രമോഷനാണ്. സ്നേഹ റാണ സിയിൽനിന്ന് ഗ്രേഡ് ബിയിലേക്ക് ഉയർന്നു. ഷഫാലി വർമ, റിച്ച ഘോഷ്, രേണുക സിങ് ഠാക്കൂർ എന്നിവരും ബി ഗ്രേഡിലാണ്. കഴിഞ്ഞ തവണ സി ഗ്രേഡിലുണ്ടായിരുന്ന മലയാളി താരം മിന്നുമണി കരാറിൽനിന്നു പുറത്തായി. പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ, ടിറ്റാസ് സാധു തുടങ്ങിയ താരങ്ങളും കരാറിൽനിന്നു പുറത്തായി. ഹർലീൻ ഡിയോൾ കരാറിലേക്ക് തിരിച്ചെത്തിയപ്പോൾ, പ്രതിക റാവൽ, ക്രാന്തി ഗൗഡ്, ശ്രീചരണി, വൈഷ്ണവി ശർമ, ജി.കമാലിനി തുടങ്ങിയ ഏഴു പുതുമുഖങ്ങളും കരാറിലുണ്ട്.

English Summary:

Indian Cricket Contracts person seen important changes with Virat Kohli and Rohit Sharma demoted to Grade B successful the caller BCCI yearly contracts. This displacement reflects their existent playing formats, arsenic the A+ people has been discontinued for the 2025-2026 season.

Read Entire Article