രോഹിത് ശർമ ഇംപാക്ട് പ്ലേയറായി മാത്രം കളിക്കില്ല, പരമാവധി സമയം ഗ്രൗണ്ടില്‍ ഇറക്കാൻ ശ്രമം: മുംബൈ ഇന്ത്യൻസ് പരിശീലകന്റെ ഉറപ്പ്

3 days ago 2

മനോരമ ലേഖകൻ

Published: March 19, 2026 10:55 AM IST

1 minute Read

 X@MI
രോഹിത് ശർമ പരിശീലനത്തിനിടെ. Photo: X@MI

മുംബൈ ∙ സീനിയർ താരം രോഹിത് ശർമയെ ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ടീം ‘ഇംപാക്ട് പ്ലെയറായി’ മാത്രം പ്രയോജനപ്പെടുത്തില്ലെന്ന് ഹെഡ് കോച്ച് മഹേള ജയവർധനെ. കഴിഞ്ഞ സീസണിൽ രോഹിത്തിനെ പരുക്ക് അലട്ടുന്നുണ്ടായിരുന്നു. അതിനാൽ ജോലി ഭാരം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിന് മാത്രം കളത്തിലിറക്കിയത്. എന്നാൽ ഈ സീസണിൽ പരമാവധി സമയം രോഹിത്തിനെ ഫീൽഡിൽ നിലനിർത്താനാകും ടീമിന്റെ ശ്രമം. ഫിറ്റ്നസ് വീണ്ടെടുത്ത രോഹിത് ഉജ്വല ഫോമിലാണ് നെറ്റ്സിൽ ബാറ്റു ചെയ്യുന്നത്. ഗ്രൗണ്ടിൽ രോഹിത്തിന്റെ പരിചയ സമ്പത്തും നേതൃമികവും പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഓൾറൗണ്ടർമാർ നിറഞ്ഞ മുംബൈ ഇന്ത്യൻസ് ടീം മത്സര സാഹചര്യങ്ങൾ അനുസരിച്ചാകും ഇംപാക്ട് പ്ലെയറെ നിശ്ചയിക്കുകയെന്നും ജയവർധനെ പറഞ്ഞു.

കഴിഞ്ഞ സീസണിൽ രോഹിത് ശർമയെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളിപ്പിച്ചതിൽ‍ മുംബൈ ഇന്ത്യൻസിനെതിരെ വലിയ ആരാധക പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. ‘‘രോഹിത് ശർമയ്ക്കു കഴിഞ്ഞ സീസണിൽ ചില പരുക്കുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് അതു കൈകാര്യം ചെയ്യണമായിരുന്നു. ഗ്രൗണ്ടിൽ ഉണ്ടായാലും ഇല്ലെങ്കിലും മുംബൈ ടീമില്‍ രോഹിതിന്റെ സാന്നിധ്യം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ ഈ വര്‍ഷം എനിക്കു കഴിയുന്നത്രയും ‍ഞാൻ രോഹിതിനെ ഗ്രൗണ്ടിൽ ഇറക്കാൻ ശ്രമിക്കും.’’– ജയവർധനെ മാധ്യമങ്ങളോടു പറഞ്ഞു.

‘‘മുംബൈ ടീമില്‍ കൂടുതലായി ഉള്ളത് ഓൾറൗണ്ടർമാരാണ്. അവരെല്ലാം നന്നായി പന്തെറിയുന്നും ഉണ്ട്. ക്യാപ്റ്റന് ഗ്രൗണ്ടിൽ മാറ്റങ്ങൾ ആവശ്യമായി വരുമ്പോഴാണു ഞാൻ അത്തരം തീരുമാനങ്ങളെടുക്കുന്നത്. അത് എതിരാളികളെ കൂടി നോക്കിയാണു തീരുമാനിക്കുന്നത്.’’– ജയവർധനെ വ്യക്തമാക്കി. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത് ശർമ നിലവിൽ ഇന്ത്യന്‍ ഏകദിന ടീമിൽ മാത്രമാണു കളിക്കുന്നത്. ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ ഭാഗമായി രോഹിത് ശരീരഭാരം വലിയ തോതിൽ കുറച്ചിരുന്നു.

English Summary:

Jayawardene connected Rohit Sharma's Fitness and Impact successful IPL 2026

Read Entire Article