രോഹിത് ശർമയുടെ ഷോട്ടിൽ പന്തിടിച്ച് ഗ്രൗണ്ട് സ്റ്റാഫിന് പരുക്ക്, പരിശീലനം നിർത്തി സഹായ ഹസ്തവുമായി സൂപ്പർ താരം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: May 04, 2026 05:48 PM IST

1 minute Read

 X@MI
രോഹിത് ശർമ പരിശീലനത്തിനിടെ. Photo: X@MI

മുംബൈ∙ നെറ്റ്സ് പരിശീലനത്തിനിടെ പന്തിടിച്ചു പരുക്കേറ്റ ഗ്രൗണ്ട് സ്റ്റാഫിന് അരികിലേക്ക് ഓടിയെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി പരിശീലിക്കുന്നതിനിടെയാണ് രോഹിതിന്റെ ഷോട്ടിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ കാലിനു പരുക്കേൽക്കുന്നത്. ഹാംസ്ട്രിങ് പരുക്കിനെ തുടർന്ന് ഐപിഎലിലെ നാലു മത്സരങ്ങൾ മാത്രമാണ് രോഹിത് കളിച്ചത്. പരുക്കു മാറി മുംബൈ ഇന്ത്യൻസ് ടീമിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായി പരിശീലനത്തിലാണ് രോഹിത് ഇപ്പോൾ. വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ബാറ്റിങ് പരിശീലിക്കുന്നതിനിടെ നെറ്റ്സ് വലിച്ചുകെട്ടാൻ നിന്നയാൾക്കാണു പരുക്കേറ്റത്.

തൊട്ടുപിന്നാലെ ബാറ്റിങ് നിർത്തിയ രോഹിത്, പരുക്കേറ്റയാൾക്ക് അരികിലേക്ക് ഓടിയെത്തി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് ഗ്രൗണ്ട് സ്റ്റാഫിന് ഐസ് ബാഗും മരുന്നുകളും ഉറപ്പാക്കി. സംഭവത്തെക്കുറിച്ച് 27 വയസ്സുകാരനായ സിബൻ ബിശ്വാസ് പ്രതികരിക്കുകയും ചെയ്തു. ‘‘രോഹിത് ശർമ സർ എന്നോട് ഓഫ് സൈഡിലെ നെറ്റുകൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ അതു ചെയ്ത ശേഷം അവിടെ തന്നെ തുടരുകയായിരുന്നു. എന്നാൽ അദ്ദേഹം ബാറ്റു ചെയ്യുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇതോടെയാണ് എന്റെ ഇടത്തേ കാൽ മുട്ടിന് പന്തിടിക്കുന്നത്. അദ്ദേഹം ഉടൻ‍ തന്നെ ഓടിയെത്തി പരുക്കിനെക്കുറിച്ച് ചോദിച്ചു. എനിക്കു കുഴപ്പമൊന്നുമില്ലെന്ന് മറുപടി നൽകി.’’

‘‘അദ്ദേഹം ഐസ് ബാഗുകളുമായാണു തിരികെ വന്നത്. പിന്നീട് മറ്റൊരാളോടു പറഞ്ഞ് എനിക്ക് മരുന്നുകളും എത്തിച്ചു. എന്റെ മുട്ടിനു വേദനയുണ്ട്. പക്ഷേ രോഹിത് ശർ‍മയുമായി ഹസ്തദാനം സാധിച്ചു. അതുകൊണ്ടു കുഴപ്പമില്ല.’’– ബിശ്വാസ് വ്യക്തമാക്കി. നാലു മത്സരങ്ങളിൽനിന്ന് 137 റൺസാണ് രോഹിത് നിലവിലെ സീസണിൽ ഇതുവരെ നേടിയത്. ഇനിയും അഞ്ച് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ച മട്ടാണ്.

English Summary:

Indian Cricketer Rohit Sharma Aids Injured Ground Staff

Read Entire Article